Sorry, you need to enable JavaScript to visit this website.

കേന്ദ്രീയ വിദ്യാലയങ്ങൾ ഫീസ് കുത്തനെ വർധിപ്പിച്ചു

കണ്ണൂർ- കൊറോണ ബാധയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഒരു സ്‌കൂളും ഫീസ് വർധിപ്പിക്കരുതെന്ന സർക്കാരിന്റെ കർശന നിർദേശം നിലനിൽക്കെ, കേന്ദ്ര സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുതിയ അധ്യയന വർഷത്തിൽ ഫീസ് കുത്തനെ വർധിപ്പിച്ചു. അധ്യയനം എന്ന് ആരംഭിക്കാനാവും എന്നുപോലും നിശ്ചയിക്കാനാവാത്ത സാഹചര്യത്തിലാണ് സർക്കാരിനെ വെല്ലുവിളിച്ച് ഈ തീവെട്ടിക്കൊള്ള. 
കേന്ദ്ര സർക്കാരിന് കീഴിലുള്ള കേന്ദ്രീയ വിദ്യാലയയും ചില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് അന്യായമായി ഫീസ് വർധിപ്പിച്ചത്. ക്ലാസ് നടത്താതെയാണ് കേന്ദ്രീയ വിദ്യാലയത്തിൽ ഫീസ് പിരിക്കാനുള്ള നീക്കം. സാധാരണ നിലയിൽ നാല് ഘട്ടങ്ങളിലായാണ് ഫീസ് പിരിക്കാറുള്ളത്. മാർച്ച് അവസാന വാരം അധ്യയന വർഷം അവസാനിക്കുകയും ഏപ്രിൽ ആദ്യ വാരം പുതിയ അധ്യയന വർഷം ആരംഭിച്ച് ഒരാഴ്ചക്കു ശേഷം മധ്യവേനലവധിക്ക് അടക്കുകയും മെയ് അവസാന വാരം തുറക്കാറാണ് പതിവ്. ഇത്തവണ കൊറോണ രോഗബാധയെത്തുടർന്ന് മാർച്ച് അവസാനം സ്‌കൂൾ അടച്ചതാണ്. ഏപ്രിൽ, മെയ് മാസങ്ങളിൽ ക്ലാസ് നടന്നിട്ടില്ല. 


ഇനി എപ്പോൾ ക്ലാസ് തുടങ്ങാനാവുമെന്ന് നിശ്ചയവുമില്ല. ഈ അനിശ്ചിതത്വം നിലനിൽക്കെയാണ് വിദ്യാഭ്യാസ വികസന നിധിയിലേക്ക് 1500 രൂപയും, കമ്പ്യൂട്ടർ ഫീസ് 300 രൂപയും ട്യൂഷൻ ഫീസായി 2000 രൂപയും ഉൾപ്പെടെ ഫീസ് വാങ്ങണമെന്ന് കേന്ദ്രീയ വിദ്യാലയ സംഘതൻ, സ്‌കൂളുകൾക്ക് സർക്കുലർ അയച്ചത്. കൊറോണ കാലത്ത് സ്വകാര്യ വിദ്യാലയങ്ങൾ അടക്കം ഫീസ് വാങ്ങരുതെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ കർശന നിർദേശം നൽകിയിരിക്കെയാണ് കേന്ദ്ര സർക്കാരിന് കീഴിലുള്ള സ്ഥാപനം ക്ലാസ് എടുക്കാത്ത കാലത്തെ ഫീസ് വിദ്യാർഥികളിൽ നിന്നും വാങ്ങാൻ ശ്രമിക്കുന്നത്. ഇതിനെതിരെ പാരന്റ്‌സ് അസോസിയേഷൻ, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനും, കേന്ദ്രീയ വിദ്യാലയ സംഘതനും പരാതി നൽകിയിട്ടുണ്ട്. ഫീസ് വർധനയുമായി ചില സ്വകാര്യ സ്‌കൂളുകളും രംഗത്തു വന്നിട്ടുണ്ട്. കൂടിയാലോചനകളൊന്നുമില്ലാതെയാണ് ഈ വർധന. പി.ടി.എ കമ്മിറ്റിയിൽ ഇത് ചർച്ച പോലും ചെയ്തിട്ടില്ല. 


കുട്ടികളുമായി സ്‌കൂളിൽ പോയി ഫീസടക്കുമ്പോഴാണ് വർധനയുടെ വിവരമറിയുന്നത്. പി.ടി.എകളിൽ മാനേജ്‌മെന്റിന്റെ ആശ്രിതരായതാണ് രക്ഷിതാക്കൾ വിവരമറിയാതിരിക്കാൻ കാരണമായത്. രണ്ടാം ക്ലാസ് മുതലുള്ള ക്ലാസുകളിൽ വാർഷിക ഫീസ് രണ്ടായിരം മുതൽ നാലായിരം രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. രണ്ടാം തരത്തിൽ 2000 രൂപയാണ് വർധന. 50,000 രുപയെന്നത് 52,000 ആയാണ് വർധിപ്പിച്ചിരിക്കുന്നത്. രക്ഷിതാക്കൾക്ക് ഇത് ഇരുട്ടടിയായിരിക്കുകയാണ്. ഓൺലൈൻ ക്ലാസുകളാണ് അടുത്ത മാസം ആരംഭിക്കുന്നത്. ഇത് എത്ര വിദ്യാർഥികൾക്ക് ഉപയോഗപ്പെടുത്താനാകുമെന്നറിയാത്ത സാഹചര്യത്തിലാണ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്.

 

Latest News