Sorry, you need to enable JavaScript to visit this website.

റിയാദിൽ പനി പടരുന്നു; സാമൂഹിക പ്രവർത്തകർക്ക് ഉറക്കമില്ലാത്ത രാത്രികൾ 

റിയാദ് - ബത്ഹയടക്കം റിയാദിൽ വിദേശികൾ തിങ്ങിപ്പാർക്കുന്നയിടങ്ങളിൽ പനി പടർന്നു പിടിക്കുന്നു. വൈറൽ പനിയാണെന്ന് പ്രചാരമുള്ളതിനാൽ ആരും കോവിഡ് ടെസ്റ്റുകൾക്ക് മുതിരുന്നില്ല. ഡോക്ടർമാരെ ബന്ധപ്പെട്ട് മരുന്നുകൾ കഴിച്ചും സാമൂഹിക അകലം പാലിച്ചും കഴിയുകയാണ് രോഗബാധിതരെല്ലാം. അതേ സമയം രോഗികളുടെ എണ്ണം വർധിച്ചതോടെ സാമൂഹിക പ്രവർത്തകർക്ക് വിശ്രമമില്ലാതായി. രോഗം മൂർഛിക്കുന്നവർക്ക് മരുന്നുകളെത്തിക്കാനും അവരെ ആശുപത്രികളിൽ കൊണ്ടുപോകാനും സദാ സന്നദ്ധരായിരിക്കുകയാണിവർ.
വിവിധ സംഘടനകളുടെയും നോർക്കയുടെയും വ്യക്തികളുടെയും നേതൃത്വത്തിലുള്ള വാട്‌സാപ് ഗ്രൂപ് ഹെൽപ് ഡെസ്‌കുകൾ റിയാദിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ഗ്രൂപിലും രോഗികളുടെ രോദനങ്ങളും ആശ്രയം തേടിയുള്ള വിളികളുമാണ്. രാത്രിയാകുന്നതോടെ പലർക്കും രോഗം മൂർഛിക്കുന്നു. അതോടെ സാമൂഹിക പ്രവർത്തകരെ വിളിക്കുകയായി. പലരും അത്യാസന്ന നിലയിലാവുമ്പോഴാണ് ഹെൽപ് ഡെസ്‌കുകളുമായി ബന്ധപ്പെടുന്നത്. പിന്നീട് അവർക്ക് വേണ്ടി ആംബുലൻസുകൾ ആവശ്യപ്പെട്ട് വിളിക്കുന്നതും ഇവർ തന്നെയാണ്. പലപ്പോഴും രോഗിയുടെ റൂമിനടുത്ത് പോയാണ് സാമൂഹിക പ്രവർത്തകർ ആംബുലൻസുകൾ വിളിക്കുന്നത്. ഏത് സമയത്തും അത്യാവശ്യ മരുന്നുകളുമെത്തിച്ചുകൊടുക്കുന്നു. ഡോക്ടർമാർ, നഴ്‌സുമാർ, ബിസിനസുകാർ അടക്കം വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേരാണ് ഹെൽപ് ഡെസ്‌കുകളിൽ സഹായ ഹസ്തവുമായി രംഗത്തുള്ളത്.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

കോവിഡ് ലക്ഷണങ്ങളോടെയും അല്ലാതെയുമുള്ള പനി കാരണം കാര്യമായ ചികിത്സ തേടാതെ പലരും റൂമുകളിൽ കഴിയുന്നുണ്ട്. ഇവരിൽ പലരുടെയും നില വഷളായ ശേഷമാണ് ആശുപത്രികളിലെത്തുന്നത്. അതേ സമയം ശരീരോഷ്മാവ് പരിശോധിച്ചാണ് രോഗികൾക്ക് ക്ലിനിക്കുകളിൽ പ്രവേശനം നൽകുന്നത് എന്നതിനാൽ ഡോക്ടർമാരെ ഫോണിൽ വിളിച്ചും മറ്റുള്ളവർ പറഞ്ഞുതരുന്നതുമായ മരുന്നുകളുമായാണ് പലരും കഴിയുന്നത്. ആശുപത്രിയിൽ എത്തിയാൽ പോലും മണിക്കൂറുകൾ കാത്തുകിടക്കേണ്ട അവസ്ഥയാണ്. മിക്ക ആശുപത്രികളിലും ബെഡുകൾ ഫുൾ ആണെന്നാണ് മറുപടി ലഭിക്കാറുള്ളത്. എല്ലാ ആശുപത്രികളിലും വിളിച്ച് ചോദിച്ച് എവിടെയാണ് രോഗികളെ സ്വീകരിക്കുകയെന്ന് ഉറപ്പു വരുത്തിയാണ് ആംബുലൻസുകൾ രോഗികളുമായി കുതിക്കുന്നത്. ചിലപ്പോൾ ആംബുലൻസ് എത്തുമ്പോഴേക്ക് ഒഴിവുള്ള ബെഡുകൾ ഫുൾ ആയാൽ മറ്റു ആശുപത്രികളിലേക്ക് ആംബുലൻസ് സഞ്ചരിച്ചുകൊണ്ടിരിക്കും.
ഒരു ദിവസം നിരവധി പേരാണ് തന്നെ വിളിച്ചുകൊണ്ടിരിക്കുന്നതെന്ന് റിയാദ് നാഷണൽ ഗാർഡ് ആശുപത്രിയിലെ ഡോ. അബ്ദുൽ അസീസ് പറയുന്നു. വിളിക്കുന്നവരുടെ രോഗലക്ഷണങ്ങൾക്കനുസരിച്ച് നിർദേശങ്ങൾ നൽകും. ചിലർക്ക് മരുന്നുകൾ പറഞ്ഞുകൊടുക്കും. എല്ലാ ദിവസവും രാത്രി വളരെ വൈകിയാണ് ഉറങ്ങാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നൗഷാദ് ആലുവ, ഉബൈദ് എടവണ്ണ, ശിഹാബ് കൊട്ടുകാട്, ഡോ. മജീദ് ചിങ്ങോലി, സുരേഷ് ചന്ദ്രൻ, സ്റ്റാൻലി ജോസ്, മജീദ് പൂളക്കാടി, ഗഫൂർ കൊയിലാണ്ടി, മഹ്ബൂബ് കണ്ണൂർ, ഷാജഹാൻ ചാവക്കാട്, സൈനുൽ ആബിദ്, നാസർ ലൈസ്, നിബു മുണ്ടിയപള്ളി, ഷൈജു പച്ച, ഷാജി സോന, അലക്‌സ്, മുജീബ് കൃപ, സുജിത്ത് സനദ് ആസ്റ്റർ, നാസർ സനദ്, അസ്ലം പാലത്ത്, സിജോ സൗദി ജർമൻ ആശുപത്രി, അശ്‌റഫ് മുവ്വാറ്റുപുഴ, സലാം, ഷാജി മഠത്തിൽ, സജി കായംകുളം, അശ്‌റഫ് വടക്കേവിള, അബ്ദുല്ല വല്ലാഞ്ചിറ, ഷാനവാസ് ന്യൂ ഏജ്, നിഹാസ് പാനൂർ, അഞ്ജു സുനിൽ തുടങ്ങിയവരാണ് മുഴുസമയം ഹെൽപ് ഡെസ്‌കിൽ സജീവമായിരിക്കുന്നത്.

Tags

Latest News