Sorry, you need to enable JavaScript to visit this website.

സംഘര്‍ഷം: അസം അതിര്‍ത്തിയില്‍ ചിനൂക് കോപ്റ്റര്‍ വിന്യസിക്കുന്നു

ഗുവാഹതി-  ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിര്‍ണായക നീക്കവുമായി വ്യോമസേന. കൂടുതല്‍ സൈനികരെയും ആയുധങ്ങളും പെട്ടെന്ന് വിന്യസിക്കാന്‍ സഹായിക്കുന്ന അമേരിക്കന്‍ നിര്‍മിത ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റര്‍ അസമില്‍ എത്തിച്ചിരിക്കുകയാണ് വ്യോമസേന. അസമിലെ മോഹന്‍ബാരി വ്യോമതാവളത്തിലേക്കാണ് ചിനൂക് ഹെലികോപ്റ്റര്‍ കൊണ്ടുവന്നിരിക്കുന്നത്.
അസമില്‍നിന്ന് ഇതിന്റെ ആദ്യദൗത്യം അരുണാചല്‍ പ്രദേശിലേക്കായിരുന്നു. അരുണാചലലിലെ വിജയനഗര്‍ സെക്ടറിലേക്ക് അവശ്യസാധനങ്ങള്‍ അടങ്ങുന്ന 8.3 ടണ്‍ വരുന്ന ചരക്കുകള്‍ കൊണ്ടുപോകുന്നതിനായിരുന്നു ഇത്. മ്യാന്മറിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന വിദൂര പ്രദേശങ്ങളിലേക്കുള്ളതായിരുന്നു ഇവ.
അസമിന് പുറമെ സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിങ്ങളിലേക്കും ചിനൂക്കിനെ ഉടന്‍ വിന്യസിച്ചേക്കും. താഴ്‌വാരങ്ങളിലേക്കും ഉയര്‍ന്ന പ്രദേശങ്ങളിലേക്കും വളരെ പെട്ടന്ന് സൈന്യത്തെയും ആയുധങ്ങളെയും വിന്യസിക്കുന്നതിനുള്ള ഏറ്റവും മികച്ച ഹെലികോപ്റ്ററായാണ് ചിനൂക്കിനെ വിലയിരുത്തുന്നത്. 20,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ ഇതിന് ശേഷിയുണ്ട്.
ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാനിടയുള്ള അതിര്‍ത്തി മേഖലകളിലേക്ക് ചിനൂക്കിനു പറന്നെത്താന്‍ സാധിക്കും. ഇന്ത്യ അമേരിക്കയില്‍നിന്ന് വാങ്ങിയ രണ്ട് ഹെലികോപ്റ്ററുകളിലൊന്നാണ് ചിനൂക്.

 

Latest News