അക്രമത്തിന് പ്രോത്സാഹനം: ട്രംപിന്റെ പോസ്റ്റ് ട്വിറ്റര്‍ മറച്ചു

ന്യൂയോര്‍ക്ക്- അക്രമത്തെ മഹത്വവത്കരിക്കുന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റ്, ട്വിറ്റര്‍ മറച്ചു. പൂര്‍ണമായും ഒഴിവാക്കുന്നതിനു പകരം ഒരു മുന്നറിയിപ്പ് ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം ട്വീറ്റ് കാണാന്‍ കഴിയുന്ന രീതിയില്‍ ഒളിപ്പിക്കുകയാണ് ട്വിറ്റര്‍ ചെയ്തത്.
പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ആളുകള്‍ക്ക് ആവശ്യമെങ്കില്‍ കാണാന്‍ കഴിയുംവിധം ട്വീറ്റ് നിലനിര്‍ത്തിയതെന്ന് ട്വിറ്റര്‍ അറിയിച്ചു. ട്രംപിന്റെ ട്വീറ്റും പിന്നീട് വൈറ്റ് ഹൗസ് പുറത്തുവിട്ട അതിന്റെ പകര്‍പ്പും ഇപ്രകാരം മറച്ചിട്ടുണ്ട്.
കറുത്ത വര്‍ഗക്കാരനെ ഒരു അമേരിക്കന്‍ പോലീസുകാരന്‍ കാല്‍മുട്ടുകൊണ്ട് കഴുത്തു ഞെരിച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ട്രംപിന്റെ ട്വീറ്റ്. സംഭവത്തെ ന്യായീകരിക്കുന്ന രീതിയിലായിരുന്നു അത്.

https://www.malayalamnewsdaily.com/sites/default/files/2020/05/29/9501.jpg
ട്വിറ്ററും ട്രംപും കൊമ്പുകോര്‍ക്കുന്നത് ഇതാദ്യമായല്ല, മുന്‍പൊരിക്കലും ട്രംപിന്റെ ട്വീറ്റ് ട്വിറ്റര്‍ ഒഴിവാക്കിയിരുന്നു.
മിനിയാപോളിസില്‍, കറുത്ത വര്‍ഗക്കാരന്റെ മരണത്തെ തുടര്‍ന്ന് പ്രക്ഷോഭം അരങ്ങേറുകയാണ്. ഇതിനെ വിമര്‍ശിച്ച്, അവിടെ കൊളള തുടങ്ങിയാല്‍ നിങ്ങള്‍ വെടിവെച്ചോളൂ എന്ന് പറയുന്ന ട്വീറ്റാണ് ട്വിറ്റര്‍ മറച്ചത്. നാഷനല്‍ ഗാര്‍ഡിനെ അങ്ങോട്ടയക്കും എന്നും ട്രംപ് പറയുന്നുണ്ട്.
എന്നാല്‍ ഫേയ്‌സ്ബുക്കില്‍ ട്രംപിന്റെ പോസ്റ്റ് അതേപടി നിലനില്‍ക്കുന്നുണ്ട്.

 

 

 

Latest News