Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ ആരോഗ്യസംവിധാനം താളംതെറ്റി

ന്യൂദല്‍ഹി- ദല്‍ഹിയില്‍ കോവിഡ് ബാധിച്ചവരുടെ മരണ നിരക്ക് സംബന്ധിച്ച് സര്‍ക്കാരിന്റെ പക്കലുള്ള ഔദ്യോഗിക കണക്കുകളേക്കാള്‍ വളരെ അധികമാണ് യാഥാര്‍ഥ നിരക്ക് എന്ന വസ്തുത ആരോഗ്യ സംവിധാനം സംസ്ഥാനത്ത് പാടേ താളംതെറ്റിയെന്നാണ് വ്യക്തമാക്കുന്നത്. ആശുപത്രികളില്‍നിന്നു റിപ്പോര്‍ട്ട് ചെയ്യുന്ന മരണ സംഖ്യയും സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളും തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമായത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സഫ്ദര്‍ജംഗ് ആശുപത്രി കഴിഞ്ഞ രണ്ടു മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ച 52 പേരുടെ കണക്കുകള്‍ നല്‍കാന്‍ വൈകിപ്പിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നു.
എന്നാല്‍, ആശയവിനിമയത്തില്‍ വന്ന ആശയക്കുഴപ്പമാണ് മരണ നിരക്കിലെ കണക്കുകള്‍ സംബന്ധിച്ച അവ്യക്തത എന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ഫെബ്രുവരി ഒന്നു മുതല്‍ ആശുപത്രിയില്‍ ഇതുവരെ 103 പേര്‍ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ടെന്നാണ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബല്‍വീന്ദര്‍ സിംഗ് പറഞ്ഞത്.
ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ഇതുവരെ 572 കോവിഡ് ബാധിതര്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ 262 പേര്‍ രോഗ വിമുക്തരായി ആശുപത്രി വിട്ടു. 103 പേര്‍ മരിച്ചു എന്നുമാണ് വ്യക്തമാകുന്നത്. പ്രമേഹം, കിഡ്‌നി രോഗം, ഹൃദ്രോഗം, രക്തസമ്മര്‍ദം തുടങ്ങി മറ്റു രോഗങ്ങളുണ്ടായിരുന്നവരാണ് കോവിഡ് ബാധിച്ചു മരിച്ചവരില്‍ ഏറെയും.
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ള ശ്മശാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച 426 പേരുടെ സംസ്‌കാരം നടത്തിയിട്ടുണ്ട്. മേയ് 17 വരെയുള്ള കണക്കുകളാണിത്. എന്നാല്‍, 316 പേര്‍ മരിച്ചു എന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളില്‍ പറയുന്നത്.

 

Latest News