Sorry, you need to enable JavaScript to visit this website.

ബംഗാളില്‍ ജൂൺ മുതൽ ആരാധനാലയങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി

കൊൽക്കത്ത- പശ്ചിമ ബംഗാളില്‍  ജൂൺ 1 മുതൽ എല്ലാ ആരാധനാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. കോവിഡ് ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കേയാണ് സംസ്ഥാന സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത്. അതേസമയം ചടങ്ങുകള്‍ക്ക് പത്തിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. മതസമ്മേളനങ്ങള്‍ക്കും വിലക്കുണ്ട്. ക്ഷേത്രങ്ങൾ, പള്ളികൾ, ഗുരുദ്വാരകൾ, ചര്‍ച്ചുകള്‍ എന്നിവയ്ക്ക് എല്ലാം ജൂൺ 1 മുതൽ നിയന്ത്രണ വിധേയമായി പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി ഓൺലൈൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ സ്‌പെഷ്യൽ ട്രെയിന്‍ പദ്ധതിയില്‍ പിഴവുകള്‍ വന്നതിനെ തുടര്‍ന്ന്  രൂക്ഷവിമര്‍ശനമാണ് കേന്ദ്രസര്‍ക്കാരിനെതിരെ മമത നടത്തിയത്. “അവർ ആളുകളെ ശ്രാമിക് ട്രെയിനുകളില്‍ കുത്തിനിറയ്ക്കുന്നു, സാമൂഹിക അകലം ഇല്ല, ഭക്ഷണമില്ല, വെള്ളമില്ല, ഒന്നുമില്ല. അവർ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത്? അവർ ശ്രാമിക് ട്രെയിനുകളാണോ അതോ കൊറോണ എക്സ്പ്രസാണോ ഓടിക്കാൻ ശ്രമിക്കുന്നത്?" മമത കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു.

തിരക്ക് ഒഴിവാക്കാന്‍ ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം എളുപ്പത്തിൽ വർദ്ധിപ്പിക്കാൻ റെയിൽവേ മന്ത്രാലയത്തിന് കഴിയുമെന്ന്  മുന്‍ റെയില്‍വേ മന്ത്രികൂടിയായ ബാനർജി ചൂണ്ടിക്കാട്ടി. "ഞാൻ റെയിൽ മന്ത്രിയായിരുന്നു. റെയില്‍വേയ്ക്ക് വേണ്ടത്ര റാക്കുകളുണ്ടെന്ന് എനിക്കറിയാം. അവർക്ക് എളുപ്പത്തിൽ ട്രെയിന്‍ കമ്പാര്‍ട്ട്മെന്റുകള്‍ വര്‍ദ്ധിപ്പിക്കാനും തിരക്കൊഴിവാക്കാനും കഴിയും. വെള്ളവും ഭക്ഷണവുമില്ലാതെ ആളുകൾ 48 മണിക്കൂറോളം  ട്രെയിനുകളിൽ തിങ്ങിനിറഞ്ഞ് യാത്രചെയ്യുന്നത് ഒഴിവാക്കാനാവുന്നതേയുള്ളൂ." മമത പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ കോവിഡ് -19 വ്യാപനം നിയന്ത്രിക്കുന്നതിൽ പശ്ചിമ ബംഗാൾ വിജയിച്ചതായും മമത അവകാശപ്പെട്ടു. ആളുകൾ പുറത്തു നിന്ന് വരുന്നതിനാൽ കേസുകൾ ഇപ്പോൾ വർദ്ധിച്ചുവരികയാണെന്ന് അവര്‍ പറഞ്ഞു.

Latest News