പറക്കുന്നതിനിടെ സാങ്കേതിക തകരാര്‍; ദോഹ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

മംഗളൂരു- വ്യാഴാഴ്ച വൈകിട്ട് 5.40-നു മംഗളൂരുവില്‍നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന് എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കി. യാത്രയ്ക്കിടെ സാങ്കേതിക പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടയുടന്‍  തിരിച്ചിറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. വിമാനത്തിലെ 173 യാത്രക്കാരും സുരക്ഷിതരാണ്. എയര്‍ ഇന്ത്യയുടെ ബോയിങ് 737-800 വിമാനത്തിനാണ് തകരാര്‍ സംഭവിച്ചത്. 

പറന്നുയര്‍ന്ന് 45 മിനിറ്റ് കഴിഞ്ഞപ്പോഴാണ് സംഭവം. ആകാശത്ത് വെച്ച് വലിയ ശബ്ദം കേട്ടതായി ചില യാത്രക്കാര്‍ പറയുന്നു. എന്‍ജിനിലാണ് തകരാറെന്നാണ് സൂചന. ഉടന്‍ തന്നെ വിമാനം സുരക്ഷിതമായി മംഗളൂരു വിമാനത്താവളത്തില്‍ എമര്‍ജന്‍സ് ലാന്‍ഡിങ് നടത്തുകയായിരുന്നു. 

വിദഗ്ധ സംഘം വിമാനം പരിശോധിച്ചു വരികയാണ്. ഈ വിമാനത്തിലെ യാത്രക്കാരെ വെള്ളിയാഴ്ച പുലര്‍ച്ചെ 5.30-ന് പ്രത്യേക വിമാനത്തില്‍ ദോഹയിലേക്ക് കൊണ്ടു പോയി. ഇവര്‍ക്കു വേണ്ട താമസ സൗകര്യങ്ങള്‍ എയര്‍ ഇന്ത്യ ഒരുക്കിയിരുന്നു. യാത്ര തുടരാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ടിക്കറ്റിന്റെ പണം മുഴുവനായും തിരിച്ചു നല്‍കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.

Latest News