Sorry, you need to enable JavaScript to visit this website.

മദ്യവിതരണത്തിന്റെ ആപ് പൊളിഞ്ഞു; ഉടമകൾ മുങ്ങി

കൊച്ചി- ബിവറേജ്  കോർപ്പറേഷൻ മദ്യവിതരണത്തിനായി തയാറാക്കിയ ബവ് ക്യൂ ആപ് പദ്ധതി പൊളിഞ്ഞതോടെ ആപ്പ് നിർമ്മാതാക്കൾ സ്ഥലംവിട്ടു.  ഇളങ്കുളം ചെലവന്നൂർ റോഡിലെ ഫെയർകോഡ് ടെക്‌നോളജീസിൽ ഏതാനും ജോലിക്കാർ മാത്രമാണ് ഇന്നെത്തിയതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കമ്പനി ഉടമകളാരും സ്ഥലത്തില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് നിർദേശമുള്ളതായും ഓഫീസിലെത്തിയ ജീവനക്കാരിൽ ഒരാൾ പറഞ്ഞു.
സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉണ്ടായതിനെത്തുടർന്ന് മദ്യ ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്പനി ഫെയ്‌സ്ബുക്ക് പേജിൽനിന്ന് പിൻവലിച്ചു. ഇന്നലെവരെ പോസ്റ്റുകൾ ഫെയ്‌സ്ബുക്ക് പേജിലുണ്ടായിരുന്നു. ബവ്‌കോയ്ക്കായി മദ്യവിതരണ ആപ്പ് തയാറാക്കിയത് എറണാകുളത്തുള്ള ഫെയർകോഡ് കമ്പനിയാണ്.

ബവ്ക്യൂ ആപ്പിലെ ഒടിപി (വൺ ടൈം പാസ്വേഡ്) ലഭിക്കാത്തത് ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ കാരണം ആദ്യദിനം തന്നെ മദ്യവിൽപന താറുമാറായിരുന്നു. സംവിധാനങ്ങൾ പാളിയതോടെ ബില്ലു നൽകി മദ്യ വിൽപ്പന ആരംഭിക്കാൻ സർക്കാർ നിർബന്ധിതരായി. ഇന്നലെ മാത്രം 2.25 ലക്ഷം പേരാണ് മദ്യം വാങ്ങിയത്. വെർച്വൽ ക്യൂ ആപ്പായ ബെവ്ക്യൂ നിശ്ചലമായതോടെ മദ്യം വാങ്ങാൻ ജനം  മദ്യശാലകളിലേക്ക് ഒഴുകി.
മണിക്കൂറുകൾക്കുള്ളിൽ ആപ്പ് ശരിയാക്കുമെന്ന് ആറിയിച്ചെങ്കിലും രാത്രി വൈകിയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആപ്പ് നിർമ്മാതാക്കളായ ഫെയർകോഡ് ടെക്‌നോളജീസിന് സാധിച്ചില്ല. ഇതോടെ ബുക്ക് ചെയ്തവരും അല്ലാത്തവരും ബിവറേജസിനു മുന്നിൽ തടിച്ചുകൂടി. സാമൂഹിക അകലം എന്നത് താറുമാറായി. പല ഘട്ടങ്ങളിലും പോലീസ് എത്തി നിയന്ത്രിച്ചെങ്കിലും വീണ്ടും നിയന്ത്രണങ്ങൾ പാളി.  
ലക്ഷക്കണക്കിന് പേർ ആപ്പിന്റെ സേവനം ഉപയോഗിക്കുമെന്ന്  അറിയാമായിരുന്നിട്ടും ഇതിന് വേണ്ട മുൻകരുതൽ എടുക്കാൻ കമ്പനിക്കായില്ല. രജിസ്റ്റർ ചെയ്തവർക്ക് ഒടിപി ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നം. നിലവിൽ ഒടിപി ലഭ്യമാക്കുന്നതിന് കമ്പനിക്ക് ഒരു സേവനദാതാവ് മാത്രമാണുള്ളത്. അതിനാൽ തിരക്ക് ഉൾക്കൊള്ളാൻ ആപ്പിനായില്ല. കഴിഞ്ഞ ദിവസം രാത്രി എസ്എംഎസ് വഴിയുള്ള ബുക്കിങ്ങിൽ 140 പേരാണ് ഒരേ സമയം കയറിയത്. ഉൾക്കൊള്ളാവുന്നതിലും കൂടിയതോടെ രാത്രി തന്നെ ആപ്പ് ക്രാഷായി.
കൂടുതൽ ഒടിപി സേവനദാതാക്കളെ കൊണ്ടുവന്ന് പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ഫെയർകോഡ് അറിയിച്ചു. ഇന്നുള്ള ബുക്കിങ് രാത്രിയോടെ ആരംഭിക്കാനാകുമെന്ന് കമ്പനി വ്യക്തമാക്കിയെങ്കിലും  അതും ഉണ്ടായില്ല.
മദ്യവിൽപനശാലകൾക്ക് നൽകിയ ആപ്പും പ്രവർത്തന സജ്ജമായില്ല. ഇതോടെ ബാറുകൾക്ക് ചാകരയായി.  ക്യൂആർ കോഡ് സ്‌കാനിങ് നടക്കാത്തതിനാൽ ടോക്കൺ നമ്പർ രേഖപ്പെടുത്തിയും ബില്ലുകൾ നൽകിയുമാണ് മദ്യം വിറ്റത്. വെർച്വൽ ക്യൂ ആപ്പിൽ ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കണിലെ ക്യൂ ആർ കോഡ് ഔട്ട്‌ലറ്റിലെ രജിസ്‌ട്രേഡ് മൊബൈലിലെ ആപ്പ് ഉപയോഗിച്ച് പരിശോധിക്കണമെന്നായിരുന്നു ബവ്‌കോ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം. എന്നാൽ, ആപ്പ് ഡൗൺലോഡ് ചെയ്‌തെങ്കിലും പല ഷോപ്പുകളിലും ഒടിപി ലഭിക്കാത്തതിനാൽ ആപ്പ് ഉപയോഗിക്കാനായില്ല.

 

Latest News