ന്യൂദല്‍ഹി- രാജ്യസഭയില്‍ ഒരു ജീവനക്കാരന്കൂടി കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തുടര്‍ന്ന് പാര്‍ലമെന്റ് മന്ദിരത്തിലെ രണ്ടു നിലകള്‍ അടച്ചു. രാജ്യസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനാണ് രോഗബാധ കണ്ടെത്തിയത്. ഉദ്യോഗസ്ഥന്റെ ഭാര്യയും മക്കളും രോഗം പിടിപെട്ടിട്ടുണ്ട്. ഇദ്ദേഹം ജോലിചെയ്തിരുന്ന അനെക്സ് കെട്ടിടത്തിന്റെ നില പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്. മെയ് 12 വരെ ഇദ്ദേഹം ഓഫിസില്‍ എത്തിയിരുന്നു. 3000-ഓളം ഉദ്യോഗസ്ഥര്‍ രാജ്യസഭാ സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്നുണ്ട്.
പാര്‍ലമെന്റിലെ തന്നെ എഡിറ്റോറിയലില്‍ ട്രാന്‍സിലേഷന്‍ സര്‍വീസിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് മറ്റൊരു കേസ് കൂടി പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലോക്ക്ഡൗണിന് ശേഷം പാര്‍ലമെന്റ് തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ സെക്രട്ടറിയേറ്റില്‍ വൈറസ് വ്യാപനമുണ്ടായത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.






