എംപി വീരേന്ദ്രകുമാറിന്റെ വേര്‍പാടില്‍ അനുശോചിച്ച് പ്രമുഖര്‍

ന്യൂദല്‍ഹി- എംപി വീരേന്ദ്രകുമാറിന്റെ വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തി രാഷ്ട്രീയ,സാംസ്‌കാരിക,സിനിമാ മേഖലയിലെ പ്രമുഖര്‍. പാര്‍ലമെന്റ് അംഗവും മാതൃഭൂമി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറുമായ വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ ഖേദം രേഖപ്പെടുത്തുന്നതായും ഈ ദു:ഖത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും അനുശോചനം അറിയിക്കുന്നതായും രാഹുല്‍ഗാന്ധി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.

ബഹുമുഖ പ്രതിഭയായിരുന്ന വീരേന്ദ്രകുമാറിന്റെ വേര്‍പാടില്‍ യഥാര്‍ത്ഥ ദേശസ്‌നേഹിയെയും മഹാനായ നേതാവിനെയുമാണ് രാജ്യത്തിന് നഷ്ടമായതെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു പറഞ്ഞു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും കുടുബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവായ വീരേന്ദ്രകുമാര്‍ തന്റെ ഹൃദയത്തിലെ ബന്ധുവായിരുന്നുവെന്നാണ് നടന്‍ മമ്മൂട്ടി അനുശോചനത്തിലൂടെ അഭിപ്രായപ്പെട്ടു. പരിചയപ്പെട്ട ആദ്യനാള്‍ മുതല്‍ തന്നെ വീരേന്ദ്രകുമാറുമായി വളരെ നല്ല ആത്മബന്ധമായിരുന്നു. രാഷ്ട്രീയ മേഖലയിലും സാഹിത്യ,സാമൂഹ്യ,പരിസ്ഥിതി മേഖലകളില്‍ ഒരുപാട് സംഭാവനകള്‍ അര്‍പ്പിച്ച അദ്ദേഹം തന്നോട് വലിയ സൗഹൃദമായിരുന്നു കാണിച്ചതെന്നും മമ്മൂട്ടി പറഞ്ഞു.
ദീര്‍ഘകാലമായുള്ള ബന്ധമാണ് വീരേന്ദ്രകുമാറുമായി ഉണ്ടായിരുന്നതെന്നും വളരെയധികം സ്‌നേഹവും കരുതലുമുള്ള മനുഷ്യനായിരുന്നുവെന്നും നടന്‍ മോഹന്‍ലാല്‍ പ്രതികരിച്ചു.
 

Latest News