ചൈനയില്‍ ഇസ്ലാം വിരുദ്ധ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്നതിന് നിരോധനം

ബെയ്ജിങ്- ഇസ്ലാം പേടിക്ക് കാരണമാകുന്ന ഇസ്ലാം വിരുദ്ധ വാക്കുകള്‍ക്കും പ്രയോഗങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ ഉപയോഗിക്കുന്നത് ചൈന നിരോധിച്ചു. ഇസ്ലാമിനെതിരായ വിദ്വേഷ പ്രചരണവും മുന്‍വിധികളോടെയുള്ള പോസ്റ്റുകളും ഒഴിവാക്കാനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ചൈനീസ് സര്‍ക്കാരിന്റെ നടപടി. ചൈനയിലെ മുസ്ലിം ജനസംഖ്യ ഏതാണ്ട് 2.10 കോടിയാണ്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഷിന്‍ജിയാങ് പ്രവിശ്യയിലാണ് പ്രധാനമായും ചൈനീസ് മുസ്ലിംകള്‍ ഉള്ളത്. 

രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തെ ക്രൂശിക്കുന്ന തരത്തിലുള്ള പ്രയോഗങ്ങള്‍ നിയന്ത്രിക്കണമെന്ന സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടിയെന്ന് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗ്ള്‍, ബെയ്ദു തുടങ്ങിയ സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങളും വാക്കുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്.

ഈയിടെ മുസ്ലിംകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം ചൈനയില്‍ നടന്നിരുന്നു. കലഹങ്ങളുടെ വീഡിയോ  മുസ്ലിംകളുടെ അതിക്രമം എന്നു വിശേഷിപ്പിച്ച് പ്രചരിച്ചതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. വിദ്വേഷ പ്രചാരണത്തിനെതിരെ പരാതി വ്യാപകമായതോടെയാണ് സര്‍ക്കാര്‍ ഇടപ്പെട്ടത്.

Latest News