Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ തിരിച്ചെത്താന്‍ ദാവൂദ് ഇബ്രാഹീം കേന്ദ്ര സര്‍ക്കാരുമായി രഹസ്യ ചര്‍ച്ചയില്‍; രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബിജെപി ശ്രമം; വെളിപ്പെടുത്തലുമായി രാജ് താക്കറെ

മുംബൈ- അധോലോക നായകനും പിടികിട്ടാപുള്ളിയുമായി ദാവൂദ് ഇബ്രാഹിം ഇന്ത്യയില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരുമായി കരാറുണ്ടാക്കുകയാണെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നോതാവ് രാജ് താക്കറെ. ദാവൂദിനെ തിരികെ ഇന്ത്യയിലെത്തിച്ച ശേഷം ഈ അവകാശവാദമുന്നയിച്ച് കേന്ദ്ര സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന ബിജെപി രാഷ്ട്രീയം നേട്ടം കൊയ്യാന്‍ പദ്ധതിയിടുന്നതായും രാജ് താക്കറെ വെളിപ്പെടുത്തി. 'ഇത് സമീപ ഭാവിയില്‍ സംഭവിക്കാവുന്നതാണ്. ദാവൂദിനെ ഇന്ത്യയിലെത്തിച്ചത് തങ്ങളാണെന്ന വാദവുമായി അവര്‍ മുന്നോട്ടു വരും. എന്നാല്‍ ദാവൂദ് തന്നെ സ്വയം ഇന്ത്യയിലെത്താന്‍ ആഗ്രിഹിക്കുന്നുണ്ട്. ഇതിനായി ചില നീക്കങ്ങള്‍ നടന്നുവരുന്നുമുണ്ട്. അതുകൊണ്ടാണ് മുന്‍കൂട്ടി ഞാനിത് പറയുന്നത്,' രാജ് താക്കറെ പറഞ്ഞു.

മുബൈയില്‍ തന്റെ  ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ അവതരണ ചടങ്ങിനെത്തിയ അനുയായികളെ അഭിസംബോധന ചെയ്യവെയാണ് രാജ് ഈ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഒളിവില്‍ കഴിയുന്ന ദാവൂദ് രോഗം മൂലം അവശനാണെന്നും ജന്മനാടായ ഇന്ത്യയില്‍ തന്നെ മരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും രാജ് പറഞ്ഞു. ദാവൂദിന്റെ വരവ് അടുത്ത തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് ബിജെപി ആലോചിക്കുന്നതെന്നും രാജ് ആരോപിച്ചു.

1993-ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ മുഖ്യസൂത്രധാരനാണ് ദാവൂദ് ഇബ്രാഹിം. ഹാജി മസ്താനുമായി ചേര്‍ന്ന് അധോലോകത്തെത്തുകയും വളരെ വേഗത്തില്‍ മുംബൈയിലെ ശക്തനായ അധോലോക നായകനായി മാറുകയും ചെയ്ത ദാവൂദ് ലോകത്തെ ഏറ്റവും വലിയ കുറ്റകൃത്യ ശൃംഖലകളില്‍ ഒന്നിന്റ നേതാവ് കൂടിയാണ്. ഇപ്പോള്‍ പാക്കിസ്ഥാനിലാണ് കഴിയുന്നതെന്ന് കരുതപ്പെടുന്നു. ദാവൂദിനെതിരെ ഇന്ത്യയുടെ അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് നിലവിലുണ്ട്. 

Latest News