റിയാദ് - അടുത്ത ഞായറാഴ്ച മുതൽ ആഭ്യന്തര സർവീസുകൾക്ക് തുടക്കമാകുന്നതോടെ വിമാനങ്ങൾക്കകത്ത് യാത്രക്കാർക്ക് കർശന വ്യവസ്ഥകൾ ബാധകമാക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽഹാദി അൽമൻസൂരി പറഞ്ഞു. വിമാനങ്ങൾക്കകത്ത് യാത്രക്കാർ മാസ്‌കുകൾ ധരിക്കേണ്ടിവരും എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. വിമാനങ്ങൾക്കുള്ളിൽ നീക്കങ്ങളും ടോയ്‌ലറ്റ് ഉപയോഗവും കുറക്കേണ്ടിവരും. സൗദി വിമാന കമ്പനികൾക്കു കീഴിലെ 95 ശതമാനം വിമാനങ്ങളിലും ഹൈ-എഫിഷ്യൻസി പാർട്ടിക്കുലേറ്റ് എയർ (ഹെപ) സാങ്കേതിക വിദ്യയുണ്ട്. വിമാന യാത്രക്കിടെ ബാക്ടീരിയകളെ വലിച്ചെടുക്കാനുള്ള സംവിധാനം ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകതയാണെന്നും അബ്ദുൽഹാദി അൽമൻസൂരി പറഞ്ഞു.
ഞായറാഴ്ച മുതൽ ആഭ്യന്തര സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കും. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്, ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം, മദീന പ്രിൻസ് മുഹമ്മദ് രാജ്യാന്തര എയർപോർട്ട്, അൽഖസീം പ്രിൻസ് നായിഫ് ഇന്റർനാഷണൽ എയർപോർട്ട്, അബഹ ഇന്റർനാഷണൽ എയർപോർട്ട്, തബൂക്ക് പ്രിൻസ് സുൽത്താൻ അന്താരാഷ്ട്ര എയർപോർട്ട്, ജിസാൻ കിംഗ് അബ്ദുല്ല ഇന്റർനാഷണൽ എയർപോർട്ട്, ഹായിൽ ഇന്റർനാഷണൽ എയർപോർട്ട്, അൽബാഹ കിംഗ് സൗദ് എയർപോർട്ട്, നജ്‌റാൻ വിമാനത്താളം എന്നീ പതിനൊന്നു വിമാനത്താവളങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കുക. അൽജൗഫ്, അറാർ വിമാനത്താവളങ്ങളിൽ തിങ്കളാഴ്ച മുതൽ ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കും.






