ക്വാറന്റൈനില്‍ കഴിയുന്ന കുടുംബത്തിന്റെ വീട് അടിച്ചുതകര്‍ത്ത് അയല്‍വാസി; പോലിസ് കേസെടുത്തു

കോഴിക്കോട്- കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ക്വാറന്റൈനില്‍ കഴിഞ്ഞ കുടുംബത്തിന് നേരെ അയല്‍വാസിയുടെ ആക്രമണം. അത്തോളി സ്വദേശി സഞ്ജുവിന്റെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായത്. ഇതേതുടര്‍ന്ന് അയല്‍വാസി ശ്യാംജിത്തിനെതിരെ പോലിസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സഞ്ജുവിന്റെ മൂന്ന് വയസുകാരി മകളെ കോയമ്പത്തൂരില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്നത്. ഇതേതുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുകയാണ് കുടുംബം.

ഇതിനെതിരെ ശ്യാംജിത്ത് ഉള്‍പ്പെടെയുള്ള നാട്ടുകാരില്‍ ചിലര്‍ സഞ്ജുവിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി. കുട്ടി തിരിച്ചുവന്നത് തങ്ങള്‍ക്കും വൈറസ് ബാധയുണ്ടാക്കുമെന്ന് പറഞ്ഞാണ് ഭീഷണി മുഴക്കിയത്. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ സഞ്ജുവിന്റെ വീട്ടിലെത്തി ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും അസഭ്യം വിളിച്ചുപറയുകയും ചെയ്തത്. ഇതേതുടര്‍ന്ന് പോലിസ് വിവിധ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്ക് എതിരെ കേസെടുത്തു.അതേസമയം ശ്യാംജിത്ത് ഒളിവില്‍ പോയതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലെന്ന് പോലിസ് അറിയിച്ചു.
 

Latest News