Sorry, you need to enable JavaScript to visit this website.

റൊമിനയെ പിതാവ്  കിടപ്പുമുറിയില്‍  ക്രൂരമായി ആക്രമിച്ചു; പോലീസില്‍ കീഴടങ്ങി 

ടെഹ്‌റാന്‍- പ്രണയത്തിന് കണ്ണില്ലെന്നൊക്കെ പറയാം. കാമുകന്റെ പ്രായം നോക്കാത പ്രണയിച്ച റൊമിന അശ്‌റഫി എന്ന 14കാരിയുടെ കൊലപാതകം ഇറാനില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് ഈ കുട്ടിയെ പിതാവ് കിടപ്പുമുറിയില്‍ വച്ച് ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ പോലീസില്‍ കീഴടങ്ങുകയും ചെയ്തു, 
മകള്‍ 35കാരനെ പ്രണയിച്ചതും വിവാഹം ചെയ്യാന്‍ തീരുമനിച്ചതും ആ പിതാവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. 
ഇറാനിലെ ഗിലാന്‍ പ്രവിശ്യയിലാണ് റൊമിനയും കുടുംബവും താമസിക്കുന്നത്. 35കാരനെ പെണ്‍കുട്ടി പ്രണയിച്ചു. വിവാഹം ചെയ്യാനും തീരുമാനിച്ചു. യുവാവിനൊപ്പം പെണ്‍കുട്ടി ഒളിച്ചോടുകയും ചെയ്തു. പിതാവ് പോലീസില്‍ പരാതി നല്‍കി. ഇത് സംഭവത്തിന്റെ ആദ്യഘട്ടം.
പോലീസ് വ്യാപക തിരച്ചില്‍ നടത്തി യുവാവിനെയും റൊമീനയെയും കണ്ടെത്തി. പോലീസ് സ്‌റ്റേഷനില്‍ വച്ച് ഏറെ നേരം ചര്‍ച്ച നടന്നു. ഒടുവില്‍ റൊമീനയെ കുടുംബത്തിനൊപ്പം വിട്ടു. കുടുംബത്തിനൊപ്പം തന്നെ വിടരുതെന്നും റൊമീന ആവശ്യപ്പെട്ടിരുന്നു. പോലീസ് ചെവികൊണ്ടില്ല.
14കാരി 35കാരനെ പ്രണയിക്കുക, വിവാഹം ചെയ്യാന്‍ തീരുമാനിക്കുക, ഒളിച്ചോടുക എന്നതെല്ലാം ആ കുടുംബത്തിനും പിതാവിനും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. റൊമീനയെ പിന്തിരിപ്പിക്കാന്‍ ഏറെ കുടുംബം ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി നിലപാടില്‍ ഉറച്ചുനിന്നു.കുടുംബത്തിനൊപ്പം വിട്ട പെണ്‍കുട്ടിയെ കഴിഞ്ഞദിവസം രാത്രി പിതാവ് കിടപ്പുമുറിയില്‍ വച്ച് ആക്രമിച്ചു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് തല അറുത്തെടുത്തു. ശേഷം ഇയാള്‍ നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. യാതൊരു കുറ്റബോധവും ആ പിതാവിന്റെ മുഖത്തില്ലായിരുന്നു.
കഴിഞ്ഞ ദിവസം ഇറാനില്‍ ഇറങ്ങിയ മിക്ക പത്രങ്ങളിലെയും ആദ്യ പേജിലെ വാര്‍ത്തയായിരുന്നു റൊമീനയുടെ കൊലപാതകം. വീടുകളില്‍ പോലും പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതത്വമില്ലാത്ത സാഹചര്യം അപകടകരമാണെന്ന് പ്രമുഖരെല്ലാം വിലയിരുത്തി. ഇറാനില്‍ സ്ത്രീകളുടെ സംരക്ഷണത്തിന് മതിയായ നിയമമില്ലെന്ന് ചിലര്‍ കുറ്റപ്പെടുത്തി.
റൊമീന അശ്‌റഫി എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ തരംഗമായിട്ടുണ്ട്. ദുരഭിമാന കൊലയുടെ ഇരയാണ് റൊമീനയെന്ന് വനിതാ അവകാശ സംരക്ഷണ സൊസൈറ്റിയുടെ അധ്യക്ഷ ഷാഹിന്‍ ദുക്ത് മുലാവെര്‍ദി അഭിപ്രായപ്പെട്ടു. ഇത് അവസാനത്തേകാന്‍ സാധ്യതയില്ലെന്നും അവര്‍ പറഞ്ഞു. ആഗോള സമൂഹം ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിച്ചില്ലെങ്കില്‍ ഇനിയും കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.ഇറാനിലെ നിയമപ്രകാരം മക്കളെ ആക്രമിക്കുന്ന പിതാക്കള്‍ക്ക് പരമാവധി 10 വര്‍ഷം തടവാണ് ലഭിക്കുക. ഇറാനില്‍ ഇത്തരം കൊലപാതകങ്ങള്‍ പതിവാണെന്ന് അമേരിക്കന്‍ ആക്ടിവിസ്റ്റുകള്‍ പറയുന്നു. ഇറാനിലെ ഗ്രാമീണഗോത്ര മേഖലകളിലാണ് കൂടുതലും ഇത്തരം സംഭവങ്ങളെന്ന് യുഎസ് വിദേശകാര്യ വകുപ്പ് അറിയിച്ചു.

Latest News