Sorry, you need to enable JavaScript to visit this website.

ചൈനാ കമന്റുകൾ അപ്രത്യക്ഷമാകുന്നു; യുട്യൂബ് വിവാദത്തിൽ

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കെതിരായ വിമർശന കമന്റുകൾ അപ്രത്യക്ഷമായതിനെ തുടർന്ന് യുട്യൂബ് വിവാദത്തിൽ. കമ്യൂണിസ്റ്റ് പാർട്ടിക്കെതിരായ കമന്റുകൾ നീക്കം ചെയ്തതിനെ കുറിച്ച് അന്വേഷിക്കുകയാണെന്നും ഫിൽറ്ററിംഗിൽ വന്ന അപകാതയാകാം കാരണമെന്നും ഗൂഗിൾ ഉടമസ്ഥതയിലുള്ള യുട്യൂബ് അറിയിച്ചു. രണ്ട് മണിക്കൂറിനുശേഷം അപാകത പരിഹരിച്ചതായും യുട്യൂബ് അവകാശപ്പെട്ടു. ടെക്‌നോളജി രംഗത്തെ സംരംഭകനായ പാൽമർ ലൂക്കേ പരാതിപ്പെട്ടതിനെ തുടർന്നാണ് വിവാദം തുടങ്ങിയത്. 


വെർച്വൽ റിയാലിറ്റി ഗ്രൂപ്പായ ഒക്കുലസിന്റെ സ്ഥാപകനായ ലൂക്കേ ഇപ്പോൾ പ്രതിരോധ ടെക്‌നോളജി സ്ഥാപനത്തിലാണ് സേവനമനുഷ്ഠിക്കുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചാരണ വിഭാഗമായ വുമോവെക്കെതിരെ എന്തു കമന്റ് പോസ്റ്റ് ചെയ്താലും അത് അപ്രത്യക്ഷമാകുന്നുവെന്ന് തിങ്കളാഴ്ചയാണ് ലൂക്കേ പരാതിപ്പെട്ടത്. പുതിയ സെൻസർഷിപ്പ് നയത്തിന്റെ ഭാഗമായാണ് ഫിൽറ്ററിംഗ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതിനു പിന്നാലെ സി.സി.പിക്കെതിരായ കമന്റുകൾ നീക്കം ചെയ്യപ്പെടുന്നതായി തങ്ങളും കരുതുന്നുവെന്ന് നിരവധി ട്വിറ്റർ ഉപയോക്താക്കൾ വെളിപ്പെടുത്തി. ആശങ്കയുളവാക്കുന്നതാണ് പുതിയ റിപ്പോർട്ടുകളെന്ന് ഇത് ഏറ്റുപിടിച്ചുകൊണ്ട് റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസും രംഗത്തുവന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി ഗൂഗിളും യുട്യൂബും സെൻസർ ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ച് ക്രൂസ് ഇത് തെറ്റായ നടപടിയാണെന്ന് ട്വീറ്റ് ചെയ്തു. വലിയ ടെക് കുത്തകക്ക് അധികാര മത്താണെന്നും ജസ്റ്റിസ് വകുപ്പ് ഉടൻ ഇടപെട്ട് ഇത് അവസാനിപ്പിക്കണമെന്നും ട്വീറ്റിൽ പറഞ്ഞു.

 

 അതേസമയം, തങ്ങൾ നയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും വിദ്വേഷ, വ്യക്തിഹത്യാ, സ്പാം മെസേജുകൾ മാത്രം നീക്കം ചെയ്യാനാണ് ഫിൽറ്ററിംഗ് ഏർപ്പെടുത്തിയതെന്നും യുട്യൂബ് വാർത്താ ഏജൻസികളെ അറിയിച്ചു. ഇത് നടപ്പിലാക്കുന്നിടത്ത് സംഭവിച്ച അപാകതയാണെന്നാണ് കരുതുന്നതെന്നും അന്വേഷണം നടത്തി വരികയാണെന്നും യുട്യൂബ് വക്താവ് പറഞ്ഞു. ഉപയോക്താക്കൾക്ക് ഇത്തരം പ്രശ്‌നങ്ങൾ അറിയിക്കാമെന്നും അതുവഴി സേവനം മെച്ചപ്പെടുത്താനാകുമെന്നും വക്താവ് പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടർന്ന് ജീവനക്കാരെ വീടുകളിലേക്ക് പറഞ്ഞയച്ചതിനാൽ ഇപ്പോൾ ഓട്ടോമാറ്റിക് സംവിധാനങ്ങളെയാണ് കൂടതലായും ആശ്രയിക്കുന്നതെന്ന് യുട്യൂബ് വ്യക്തമാക്കി. 
മോഡറേറ്റർമാരായ ജീവനക്കാർക്ക് പകരം മെഷീൻ ലേണിംഗിനേയും നിർമിത ബുദ്ധിയേയും ആശ്രയിക്കുന്നതിനാൽ കൂടുതൽ ഉള്ളടക്കം നീക്കം ചെയ്യപ്പെട്ടേക്കാമെന്ന് യുട്യൂബ് മാർച്ച് ആദ്യം അറിയിച്ചിരുന്നു. 

 

Latest News