സൗദിയില്‍ വിശ്വാസികളെ വരവേല്‍ക്കാന്‍ മസ്ജിദുകളില്‍ ഒരുക്കം

റിയാദ് - സൗദിയില്‍ വിശ്വാസികളെ വരവേല്‍ക്കാന്‍ മസ്ജിദുകളില്‍ ഒരുക്കം. ഞായറാഴ്ചയാണ് രാജ്യത്തെ  90,000 ലേറെ വരുന്ന മസ്ജിദുകള്‍ വിശ്വാസികള്‍ക്കു മുന്നില്‍ തുറന്നുകൊടുക്കുന്നത്. മുസ്ഹഫുകള്‍ എടുത്തു മാറ്റുകയും പള്ളികള്‍ അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. രണ്ടു മീറ്ററില്‍ കുറയാത്ത സാമൂഹിക അകലം ഉറപ്പുവരുത്താന്‍ കാര്‍പെറ്റുകളില്‍ അടയാളങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. വിശ്വാസികളുടെ ഉപയോഗത്തിന് അണുനശീകരണികളും ടിഷ്യു പേപ്പറുകളും സ്ഥാപിക്കുന്നുമുണ്ട്.
ഉന്നത പണ്ഡിതസഭയുടെ മതവിധിയുടെ അടിസ്ഥാനത്തിലാണ് രണ്ടു മാസത്തിലധികം മുമ്പ് കൊറോണ വ്യാപനം തടയാന്‍ ശ്രമിച്ച് രാജ്യത്തെ മസ്ജിദുകള്‍ അടച്ചത്. ശക്തമായ മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിച്ചാണ് മസ്ജിദുകള്‍ വീണ്ടും തുറക്കുന്നത്. മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കേണ്ടതിനെ കുറിച്ച് വിശ്വാസികളെ മന്ത്രാലയം ശക്തമായി ബോധവല്‍ക്കരിക്കുന്നുണ്ട്. ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും ഓണ്‍ലൈന്‍ പത്രങ്ങളിലൂടെയും ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും വഴിയുമാണ് മന്ത്രാലയം വിശ്വാസികളെ ലക്ഷ്യമിട്ടുള്ള ബോധവല്‍ക്കരണം ഊര്‍ജിതമാക്കിയിരിക്കുന്നത്.

 

Latest News