കൊല്‍ക്കത്ത- മുഹറം ദിനമായ ഒക്ടോബര്‍ ഒന്നിന് ദുര്‍ഗാ വിഗ്രഹ നിമഞ്ജനം വിലക്കി കൊണ്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി. മുഹറത്തോടനുബന്ധിച്ച് സെപ്തം 30-ന് രാത്രി 10 മണി മുതല്‍ വിജയദശമി ദിനമായ ഒക്ടോബര്‍ ഒന്നിന് രാത്രി 10 മണി വരെയാണ് ദുര്‍ഗാ വിഗ്രഹ നിമഞ്ജന ജാഥകള്‍ സര്‍ക്കാര്‍ വിലക്കിയിരുന്നത്. എല്ലാ ദിവസവും വിഗ്രഹ നിമഞ്ജനം നടത്താമെന്നും മുഹറം ജാഥയ്ക്കും ദുര്‍ഗാ വിഗ്രഹം ചുമന്നുള്ള ജാഥകള്‍ക്കും സര്‍ക്കാര്‍ വെവ്വേറെ വഴികള്‍ ഒരുക്കി സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
ഹിന്ദു സംഘടനകളാണ് ഈ ഉത്തരവിനെതിരെ രംഗത്തു വന്നത്. ദുര്‍ഗാ പൂജാ ചടങ്ങുകള്‍ ഹിന്ദു ആചാര പ്രകാരം എല്ലാ ദിവസവും നടത്തുമെന്ന് പ്രഖ്യാപിച്ച ആര്‍ എസ് എസ്, വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള ഹിന്ദു സംഘടകള്‍ രംഗത്തു വന്നിരുന്നു. സര്‍ക്കാര്‍ നിരോധനം ലംഘിച്ച് ഒക്ടോബര്‍ ഒന്നിനു വിഗ്രഹ നിമഞ്ജന ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി മമതയുടെ ഉത്തരവിനെതിരെ മൂന്ന് പൊതു താല്‍പര്യഹര്‍ജികളാണ് കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്. ഹിന്ദുക്കള്‍ക്കും മു്സ്ലിംകള്‍ക്കും ഒരേസമയം അവരുടെ ആഘോഷങ്ങള്‍ എന്തു കൊണ്ട് നടത്തിക്കൂടാ എന്ന് നേരത്തെ കോടതി ചോദിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ ചോദ്യം ചെയ്യുന്നില്ലെന്നു വ്യക്തമാക്കിയ കോടതി മതപരമായ ആചാരങ്ങള്‍ തടയാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും വ്യക്തമാക്കി.
ക്രമസമാധാന പ്രശ്‌നമുണ്ടായേക്കാമെന്ന സര്‍ക്കാരിന്റെ അനുമാനം നിരോധനം പ്രഖ്യാപിക്കാന്‍ മതിയായ കാരണമല്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് രാകേഷ് തിവാരി വ്യക്തമാക്കി. ഇരുവിഭാഗത്തേയും ഒരുമിച്ചു കഴിയാന്‍ അനുവദിക്കണമെന്നും ഇവര്‍ക്കിടയില്‍ അതിര്‍വരമ്പിടരുതെന്നും കോടതി പറഞ്ഞു. മമതയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.