Sorry, you need to enable JavaScript to visit this website.
Saturday , July   11, 2020
Saturday , July   11, 2020

കുടിയേറ്റ തൊഴിലാളികൾ; വേണ്ടത് സഹതാപമല്ല, ക്രിയാത്മക ഇടപെടൽ

ഈ കോവിഡ് കാലത്ത് ക്ഷീണിതരായ കുടിയേറ്റ തൊഴിലാളികൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ നീളുന്ന യാത്രയിൽ ആവശ്യമായ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ദുരിതമനുഭവിക്കുന്നതിന്റെ ഹൃദയസ്പർശിയായ ദൃശ്യങ്ങളാണ് ദിനേന പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പ്രസ്തുത കുടിയേറ്റ തൊഴിലാളികൾ രാജ്യത്തിന്റെ  വികസനത്തിന് അവരുടെ വിയർപ്പൊഴുക്കി അധ്വാനം ചെയ്തവരായിരുന്നു.വിധിയുടെ വിരോധാഭാസം എന്തെന്നാൽ ഈ രാഷ്ട്ര നിർമാതാക്കൾ അവരുടെ വാസസ്ഥലങ്ങളിൽ എത്തിച്ചേരാനുള്ള  ശ്രമത്തിനിടയിൽ രാജ്യത്തെ ഭരണകൂടത്തോട് ചെറിയ സഹായം തേടിയപ്പോൾ അവർക്ക് ഭക്ഷണവും പാർപ്പിടവും നൽകുന്ന കാര്യത്തിൽ സർക്കാർ അങ്ങേയറ്റം അലംഭാവം കാണിക്കുകയായിരുന്നു. അവരുടെ വേദനാജനകമായ യാത്രകളെ കുറിച്ച് ഫോട്ടോ ഫീച്ചറുകൾ തയാറാക്കുകയല്ലാതെ ഇന്ത്യയിലെ മിക്ക മാധ്യമങ്ങളും അവർക്കു വേണ്ടി ശബ്ദമുയർത്തിയില്ല. 
പാവപ്പെട്ട തൊഴിലാളികൾ ക്ഷീണത്താൽ തളർന്നു വീണ്, മരിക്കാൻ വിധിക്കപ്പെട്ട പോലെ ശരിക്കും പട്ടിണിയിൽ ജീവിതത്തിന്റെ  രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഏറെ പാടുപെടുന്ന കാഴ്ചയാണ് ഈ കോവിഡ്  കാലത്ത് നമ്മുടെ രാജ്യത്ത് കാണാൻ കഴിയുന്നത്.  കോവിഡ് ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് മുൻകൂട്ടി ചിന്തിച്ചുകൊണ്ട് ഒരു പദ്ധതി തയാറാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നു. ഏറെ നിർഭാഗ്യകരമായ ഒരു കാര്യം, നമ്മുടെ രാജ്യത്തെ കുടിയേറ്റ തൊഴിലാളികളെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ സർക്കാർ സംവിധാനത്തിലില്ല  എന്നുള്ളതാണ്. ഏറ്റവും ഒടുവിലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച് രാജ്യത്ത് നാല് കോടി കുടിയേറ്റ തൊഴിലാളികളാണുള്ളതെന്ന് കേന്ദ്ര സർക്കാർ പറയുമ്പോൾ ഓവർസീസ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ട് തയാറാക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏകദേശം 10 കോടി കുടിയേറ്റ തൊഴിലാളികളുണ്ടെന്നാണ് പറയുന്നത്. അവരുടെ എണ്ണം എത്രയായിരുന്നാലും    വിവേചനമില്ലാതെ എല്ലാവർക്കും കഴിയാവുന്ന രാജ്യമാണെന്ന് വിശ്വസിക്കാൻ കഴിയും വിധം ഒരു ആത്മവിശ്വാസം തൊഴിലാളികൾക്കിടയിൽ വളർത്തിയെടുക്കാൻ ഈ പ്രതിസന്ധി ഘട്ടത്തിൽ  നമ്മുടെ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ലെന്നതാണ് യാഥാർഥ്യം. ഈ വിഷമ നാളുകളിൽ  കരുണയായിരുന്നില്ല അവർക്കാവശ്യം. അന്തസ്സോടെ യാത്ര ചെയ്യാനും  ജീവിതം മുന്നോട്ട് കൊണ്ടുപോകാനും അവർക്ക് സൗകര്യം ഒരുക്കിക്കൊടുക്കണമായിരുന്നു. 
കുടിയേറ്റ കാര്യങ്ങളിൽ ഇടപെടാൻ ഒരു പ്രത്യേക മന്ത്രാലയം സ്ഥാപിക്കേണ്ടതിന്റെ  ആവശ്യകതയെക്കുറിച്ച് ഇപ്പോഴുള്ള ഈ പ്രതിസന്ധി നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഇന്ത്യൻ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങളിൽ ശരിയായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്നായി പ്രവാസി  മന്ത്രാലയം രൂപീകരിക്കുന്നതിന് ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ   യു.പി.എ സർക്കാർ ഒരു നൂതനമായ പദ്ധതിയായിരുന്നു തയാറാക്കിയത്. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ നിരവധി പ്രശ്‌നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ ഇതു സഹായിച്ചു. പ്രസ്തുത മന്ത്രാലയത്തിന് കീഴിൽ തന്നെ കുടിയേറ്റ തൊഴിലാളികളുടെ വകുപ്പും ഉൾപ്പെടുത്തുന്നതിന് പകരം എൻ.ഡി.എ സർക്കാർ  ആ മന്ത്രാലയം തന്നെ  വേണ്ടെന്നുവെക്കുകയാണ് ചെയ്തത്. കേരളത്തിൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഈ രണ്ട് വകുപ്പുകളും ഉൾച്ചേർത്തുകൊണ്ട് പ്രവാസി മന്ത്രാലയം രൂപീകരിച്ചത് ഇത്തരുണത്തിൽ ഓർക്കണം. എന്നാൽ എൻ.ഡി.എ സർക്കാർ ചെയ്തത് പോലെ ഇടതുപക്ഷ സർക്കാറും പ്രവാസി വകുപ്പിന് പ്രത്യേക മന്ത്രാലയം വേണ്ടെന്നു വെക്കുകയായിരുന്നു.  ആഭ്യന്തര കുടിയേറ്റ തൊഴിലാളികളുടെ  കാര്യത്തിൽ  ഇനിയെങ്കിലും നമ്മുടെ കേന്ദ്ര സർക്കാർ  ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. 
അത് പോലെ കുടിയേറ്റ തൊഴിലാളികളുടെ  സമ്പൂർണ ഡാറ്റാബേസ് തയാറാക്കുന്നതിന്  പദ്ധതി തയാറാകേണ്ടത് ആവശ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത്  ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ  ദൈനംദിന വേതനം  ലഭിക്കുന്നവരെ കുറിച്ചോ കുടിയേറ്റ തൊഴിലാളികളെ കുറിച്ചോ  പ്രത്യേകമായി ഒന്നും പരാമർശിച്ചില്ല എന്നതു തന്നെ ഈ വിഷയത്തിൽ ഗവൺമെന്റ് കാണിച്ച ഏറ്റവും വലിയ അനാസ്ഥയായിരുന്നു. കുടിയേറ്റ തൊഴിലാളികളിൽ പലർക്കും അവരുടെ സ്വന്തം ഗ്രാമങ്ങളിൽ  ജീവിതവൃത്തി കണ്ടെത്താൻ കഴിയാത്തതിനാലായിരുന്നു  പലപ്പോഴും ജോലി തേടി അവർ നഗരങ്ങളിൽ എത്തിയത്. സാധാരണ കരാർ  ആനുകൂല്യങ്ങൾ പോലുമില്ലാതെ ജോലി ചെയ്യുന്ന  ഇവരിൽ പലരും ദിവസ വേതനത്തിന്  ജോലി ചെയ്താണ് ജീവിതവൃത്തി കണ്ടെത്തിയിരുന്നത്. 
എന്നാൽ അവരിപ്പോൾ നേരിടുന്നത് ചരിത്രത്തിൽ ഇതേവരെ ഇല്ലാത്ത വിവേചനമാണ്.  പ്രധാനമന്ത്രി  ലോക്ഡൗൺ  പ്രഖ്യാപിച്ച രാത്രി തന്നെ കുടിയേറ്റ തൊഴിലാളികൾ ദില്ലി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നിങ്ങനെ തൊഴിലവസരങ്ങൾ  നൽകി അവരെ ആകർഷിച്ച എല്ലാ നഗരങ്ങളിൽ നിന്നും പുറത്തു പോകാൻ തുടങ്ങിയിരുന്നു. വരുമാനം ഇല്ലെങ്കിൽ നഗരങ്ങളിൽ  ജീവിതം തുടരാനാവില്ലെന്ന് അവർക്കറിയാമായിരുന്നു. അവരുടെ സ്വന്തം  ഗ്രാമങ്ങളിൽ  അവർക്ക് കുടുംബം ഉണ്ട്. അവിടെ ആകുമ്പോൾ വാടക നൽകേണ്ടതില്ല, ഭക്ഷണം കഴിക്കാൻ കൂടുതൽ സാധ്യതകൾ ഉണ്ട്. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ, എല്ലാ ബസുകളും ട്രെയിനുകളും ടാക്‌സികളും നിർത്തിയതിനാൽ  അവർക്ക് നാട്ടിലേക്ക് തിരിച്ചു പോകാൻ ഗതാഗത മാർഗങ്ങൾ ഉണ്ടായിരുന്നില്ല. റെയിൽവേ സ്റ്റേഷനുകളിൽ അവർ കുടുങ്ങിക്കിടക്കുകയായിരുന്നു. അവശ്യ വസ്തുക്കൾ വഹിക്കുന്ന  കണ്ടെയ്‌നർ ട്രക്കുകളിൽ ചിലർ  രഹസ്യമായി പലായനം ചെയ്യാൻ ശ്രമിച്ചുവെങ്കിലും അവരെ പോലീസ് തടയുകയായിരുന്നു. അതുകൊണ്ടു തന്നെ പലരും കാൽനടയായി  യാത്ര തിരിച്ചു. എന്നാൽ വീട്ടിൽ എത്താനുള്ള ശ്രമത്തിനിടയിൽ അവരിൽ പലരും മരിച്ചു വീഴുന്ന ദുഃഖകരമായ  കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഈ കോവിഡ്  കാലത്ത് വ്യക്തമായ ഒരു നയനിലപാടുകളോ  ആസൂത്രണമോ ഇവരുടെ വിഷയത്തിൽ  കേന്ദ്ര സർക്കാരിന് കൈക്കൊള്ളാൻ സാധിച്ചില്ല എന്നുള്ളത് അങ്ങേയറ്റം  നിർഭാഗ്യകരമായിരുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള അവകാശം ആവശ്യപ്പെട്ട് തൊഴിലാളികൾ പല സംസ്ഥാനങ്ങളിലും പ്രകടനങ്ങൾ നടത്തുകയുണ്ടായി. ചിലർ പോലീസുമായി ഏറ്റുമുട്ടിയ  സംഭവം വരെ റിപ്പോർട്ട് ചെയ്യപ്പെട്ടു.
കോവിഡ് പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യണം എന്നതിനെ കുറിച്ച് വ്യക്തമായ ഒരു ധാരണയില്ലാത്തതുകൊണ്ട്  തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇനിയും ആഴത്തിലുള്ള മാന്ദ്യത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. രാജ്യത്തെ ഒരു തിങ്ക്ടാങ്ക് അവതരിപ്പിച്ച മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള കണക്കനുസരിച്ച്  തൊഴിലില്ലായ്മ  27.1 ശതമാനത്തിലെത്തി നിൽക്കുകയാണ്. അതായത് നാലിൽ ഒരാൾക്ക് വീതം രണ്ട് മാസത്തിനിടെ  ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്ന്.  രാജ്യത്ത് 114 ദശലക്ഷം തൊഴിലുകൾ നഷ്ടപ്പെട്ടെന്നാണ് ഈ കണക്കിലൂടെ വ്യക്തമാകുന്നത്. കൂടാതെ ജി.ഡി.പി സ്ഥിതിവിവരക്കണക്കുകളിലെ  താരതമ്യ പഠനങ്ങൾ  സൂചിപ്പിക്കുന്നത് ഏപ്രിലിൽ  ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 15 ശതമാനം വാർഷിക നിരക്കിൽ ചുരുങ്ങിപ്പോയെന്നാണ്. 
വിഭജനത്തിനു ശേഷം ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു പതിവായി അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിച്ചിരുന്നു.  ഒരിക്കൽ ഒരു ക്യാമ്പിൽ വെച്ച് ഒരു സ്ത്രീ  അദ്ദേഹത്തിന്റെ  കോളർ പിടിച്ചുകൊണ്ട് ചോദിച്ചു  ഞാൻ സ്വാതന്ത്ര്യത്തിൽ നിന്ന് എന്ത് നേടിയെന്ന്. 'നിങ്ങളുടെ പ്രധാനമന്ത്രിയെ കഴുത്തിൽ പിടിച്ച് ഉത്തരങ്ങൾക്കായി ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യം' .  പണ്ഡിറ്റ് നെഹ്റു  സൗമ്യമായി മറുപടി നൽകിയത് അങ്ങനെയായിരുന്നു. എന്നാൽ ഇന്ന് 72 വർഷങ്ങൾക്കു ശേഷം കുടിയേറ്റ തൊഴിലാളികൾക്ക് ഒരു ഉദ്യോഗസ്ഥനെയോ മന്ത്രിയെ പോലും ചോദ്യം ചോദിക്കാൻ കഴിയാത്ത വിധം അവരുടെ പ്രശ്‌നങ്ങൾ അവഗണിക്കപ്പെടുകയാണ്. ഈ അവസരത്തിലാണ് സ്വന്തം ഗ്രാമങ്ങളിലേക്ക് നടന്നുപോകുന്ന കുടിയേറ്റ തൊഴിലാളികളോട് നടപ്പാതയിൽ ഇരുന്നുകൊണ്ട് രാഹുൽ ഗാന്ധി ആശയവിനിമയം നടത്താൻ തയാറായ കാര്യം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. 
എന്നാൽ അതിനെ  നാടകം എന്ന് വിശേഷിപ്പിച്ചു കൊണ്ട് പരിഹസിക്കുന്നവർ  പ്രധാനമന്ത്രി  മോഡി ജനങ്ങളോട് ഇടപഴകിക്കൊണ്ട്  തന്റെ  ഡിസൈനർ വസ്ത്രങ്ങൾ മലിനപ്പെടുത്താൻ തയ്യാറാവാത്ത കാര്യം കാണുന്നില്ല. നിസ്സഹായരായ കുടിയേറ്റ തൊഴിലാളികൾ അവരുടെ വീടുകളിലേക്ക് കിലോമീറ്ററുകളോളം കാൽനടയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നടന്നുപോകുന്നതിന്റെ  ചിത്രങ്ങൾ രാജ്യമെങ്ങും വ്യാപിച്ചു കൊണ്ടിരിക്കുമ്പോൾ അവരുടെ വിഷയത്തിൽ ഇനിയും കേന്ദ്ര സർക്കാർ ഇടപെട്ടില്ലെങ്കിൽ  പ്രധാനമന്ത്രി മോഡിയെയും  സർക്കാറിനെയും ഇനിയുള്ള കാലം പ്രസ്തുത ചിത്രങ്ങൾ വേട്ടയാടുമെന്ന കാര്യം ഉറപ്പാണ്.

(എ.ഐ.സി.സി ഓവർസീസ് ഡിപ്പാർട്ട്‌മെന്റിൽ മിഡിൽ ഈസ്റ്റ് കൺവീനറാണ് ലേഖകൻ)

Latest News