Sorry, you need to enable JavaScript to visit this website.
Saturday , July   11, 2020
Saturday , July   11, 2020

പ്രവാസിയുടെ സ്വന്തം കൊറോണ 

ഏകദേശം പതിനഞ്ച് വർഷം മുമ്പ്. ഡോ. മൻമോഹൻ സിംഗായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശമായിരുന്നു അന്നത്തെ പ്രധാന ചർച്ചാ വിഷയം. ഇന്ത്യക്ക് ഇത്രയേറെ വിദേശനാണ്യം നേടിത്തരുന്ന ഈ വിഭാഗത്തിന് വോട്ടിംഗ് അവകാശം നിഷേധിക്കുന്നത് ഒട്ടും നീതീകരിക്കാനാവില്ലെന്ന് ചില വിദഗ്ധർ. അച്ചടി മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച കോലാഹലം ശ്രദ്ധയിൽ പെട്ട ജിദ്ദയിലെ മുതിർന്ന പ്രവാസി സംശയ നിവാരണത്തിനെത്തിയതോർക്കുന്നു. കേരളത്തിന് വെളിയിലൊക്കെ ജോലി ചെയ്ത ആളാണ്. അദ്ദേഹം ചോദിച്ചു: ഞാനെന്റെ ഭാര്യ റഹ്്മത്തിന് മാസം തോറും പണമയക്കുന്നു. ഇവിടെ വന്നത് കൂടുതൽ പണം സമ്പാദിക്കാനും. ഇങ്ങിനെ പണമയക്കുന്നതും രാഷ്ട്ര പുനർനിർമാണവും തമ്മിലെന്ത് ബന്ധമെന്നതായിരുന്നു അന്വേഷണം. നിങ്ങളുടെ പത്രം കുറേക്കാലം കോഴിക്കോട് വിമാനത്താവളത്തിലെ യൂസേഴ്‌സ് ടാക്‌സ് ചർച്ചാ വിഷയമാക്കി. അതുപോലൊരു മീഡിയാ ഹൈപ്പ് അല്ലേ ഇതും?  ഇതിനുത്തരം പറയാൻ വിദേശ നാണയ ശേഖരവും സമ്പദ്ഘടനയും സംബന്ധിച്ച് മാക്രോ ഇക്കണോമിക്‌സ്, ഇന്റർനാഷണൽ ഇക്കണോമിക്‌സ് പാഠപുസ്തകങ്ങളിലെ അറിവ് പങ്ക് വെക്കുകയെന്ന ശ്രമകരമായ ദൗത്യം ഉപേക്ഷിച്ചു. 
മലപ്പുറം ജില്ലക്കാരനായ അദ്ദേഹത്തിന് മനസ്സിലാക്കാവുന്ന ചെറിയ ഉദാഹരണത്തിലൂടെ കാര്യം വ്യക്തമാക്കുകയായിരുന്നു. ഇടപ്പള്ളിയിൽ നിന്ന് മുംബൈക്ക് പോകുന്ന ദേശീയ പാത മലപ്പുറം ജില്ലയിലെ എടപ്പാൾ മുതൽ യൂനിവേഴ്‌സിറ്റിക്കപ്പുറം ഇടിമൂഴിക്കൽ വരെയുള്ള പ്രദേശത്തിന്റെ 30-40 വർഷങ്ങൾക്ക് മുമ്പത്തെ ചിത്രം ഒന്നോർത്തു നോക്കൂ.  കുറ്റിപ്പുറം, വളാഞ്ചേരി തുടങ്ങിയ ചെറിയ അങ്ങാടികൾ. മുമ്പില്ലാത്ത നിരവധി പട്ടണങ്ങൾ ഇടക്കാലത്ത് ഉയർന്നു. എല്ലായിടത്തും ബഹുനില മന്ദിരങ്ങൾ ഉയർന്നു. 
പൊന്നാനിയും തിരൂരും മഞ്ചേരിയും മലപ്പുറവും പെരിന്തൽമണ്ണയും മാത്രം നഗരസഭകളായുണ്ടായിരുന്ന മലപ്പുറം കേരളത്തിൽ ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികളുള്ള ജില്ലകളിലൊന്നാണിപ്പോൾ. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിക്ഷേപത്തിൽ വൻകിട വ്യവസായ ശാലകളൊന്നുമില്ലാത്ത മലപ്പുറം ജില്ലയിലെ പട്ടണങ്ങളിൽ ആയിരങ്ങൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നത് പ്രവാസിയുടെ അധ്വാനത്തിലൂടെ കെട്ടിയുയർത്തിയ മന്ദിരങ്ങളിലാണ്. ഗൾഫിലെ മലയാളി നാട്ടിലേക്ക് അയക്കുന്ന പണമാണ് നിക്ഷേപമായി മാറുന്നത്. ഇതൊരു മലപ്പുറത്തിന്റെ മാത്രം കാര്യമല്ല. അടുത്ത കാലത്ത് വികാസം പ്രാപിച്ച കേരളത്തിലെ ഗൾഫ് പോക്കറ്റുകളിലെല്ലാം പ്രവാസികളുടെ കരസ്പർശമുണ്ട്. 
എ.കെ. ആന്റണി മുഖ്യമന്ത്രിയായ വേളയിൽ സ്വാശ്രയ കലാലയങ്ങളുടെ പൂക്കാലമായിരുന്നു. മെഡിക്കൽ, ഡെന്റൽ, എൻജിനിയറിംഗ് കോളേജുകൾ നാട്ടിലെങ്ങും ഉയർന്നു. ഇതിനുള്ള പണം സമാഹരിക്കാനും സംഘാടകർ ആദ്യം പറന്നെത്തിയത് ഗൾഫ് നഗരങ്ങളിലെ പ്രവാസികളെ തേടിയായിരുന്നു. 
ഏത് രാഷ്ട്രീയക്കാരൻ വന്നാലും പ്രവാസി വാരിപ്പുണരും. കണ്ടെയ്‌നർ നിറയുന്നത്രയും സമ്മാനങ്ങളും നൽകി യാത്രയയക്കും. അതിൽ കമ്യൂണിസ്റ്റ്, കോൺഗ്രസ്, ലീഗ് വ്യത്യാസമൊന്നുമില്ല. വിരുദ്ധ പക്ഷത്തെ രാഷ്ട്രീയ പ്രമുഖന് വേണ്ട സമ്മാനങ്ങൾ സ്വകാര്യമായി നൽകാനും ചിലരൊക്കെ റെഡി. 
നല്ല കാലത്ത് ഇങ്ങനെയൊക്കെ ജീവിച്ച ഗൾഫ് പ്രവാസി പ്രതിസന്ധിയുടെ നാളുകളിലൂടെയാണ് കടന്നു പോകുന്നത്. അതിനിടക്ക് പിന്നിട്ട വാരത്തിൽ പ്രവാസികൾക്ക് ആശ്വാസം പകർന്ന വാർത്തയാണ് ആദ്യം ശ്രവിച്ചത്.  വന്ദേഭാരത് മിഷന്റെ ഭാഗമായി നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികൾക്ക് ടിക്കറ്റിന് പണമില്ലെങ്കിൽ  ചെലവ് ഏറ്റെടുക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുമെന്നതായിരുന്നു അത്. കേരള ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ ഇക്കാര്യം ബോധിപ്പിച്ചു.
ഇതിന് ചില രേഖകൾ പ്രവാസി സമർപ്പിക്കേണ്ടിവരും. ജോലി നഷ്ടമായും മറ്റും പ്രതിസന്ധിയിലായ പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. 
പ്രതിസന്ധിയിലായ പ്രവാസികളെ സഹായിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാല് ഹരജികളാണ് കേരള ഹൈക്കോടതിയിൽ എത്തിയത്. ഗൾഫ് രാജ്യങ്ങളിലെ എംബസി ക്ഷേമനിധി (ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട്) ഉപയോഗിച്ച് പ്രവാസികളുടെ ആശങ്ക അകറ്റണമെന്നായിരുന്നു ആവശ്യം. തുടർന്നാണ് കേന്ദ്രത്തിന്റെ പ്രതികരണം ഹൈക്കോടതി തേടിയത്.
വന്ദേ ഭാരത് മിഷൻ പ്രവാസികളിൽ നിന്ന് ടിക്കറ്റ് തുക ഈടാക്കിയാണ് നടപ്പാക്കുന്നത്. പ്രവാസികൾക്ക് നാട്ടിലേക്ക് വരുന്നതിന് അനുമതി നൽകുക മാത്രമാണ് പദ്ധതിയുടെ ഭാഗമായി സർക്കാർ ചെയ്യുന്നത്. ചെലവ് മൊത്തം പ്രവാസി വഹിക്കണം. മാത്രമല്ല, ക്വാറന്റൈൻ സംബന്ധിച്ച് ചെലവുണ്ടായാൽ അതും പ്രവാസി തന്നെ വഹിക്കണം.
പ്രവാസികളിൽ നിന്ന് പണം ഈടാക്കി നാട്ടിലേക്ക് കൊണ്ടുവരുന്ന സർക്കാർ നടപടിക്കെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ ഹരജികൾ വന്നത്. വടകര സ്വദേശി ജിഷ, തിരുവനന്തപുരം സ്വദേശി ഷീബ, ഒഞ്ചിയത്തെ മനീഷ, സാമൂഹിക പ്രവർത്തകൻ ജോയ് കൈതാരത്ത് എന്നിവരായിരുന്നു  ഹരജിക്കാർ.
കേന്ദ്ര സർക്കാർ, റിയാദ്, ദോഹ അംബാസഡർമാർ, ദുബായ്, ജിദ്ദ കോൺസൽ  ജനറൽമാർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി സമർപ്പിച്ചത്. ഹൈക്കോടതി കേന്ദ്ര സർക്കാറിന്റെ പ്രതികരണം തേടിയിരുന്നു. കേന്ദ്രത്തിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഹൈക്കോടതിയിൽ ഹാജരായി സർക്കാർ നിലപാട് ബോധിപ്പിച്ചു. ഇതാണ് പ്രവാസികൾക്ക് ആശ്വാസകരമായത്.
വിമാന ടിക്കറ്റിന് പണമില്ലെങ്കിൽ ഗൾഫിലെ ഇന്ത്യൻ കാര്യാലയത്തെ പ്രവാസിക്ക് സമീപിക്കാം. ടിക്കറ്റിനുള്ള സഹായം ആവശ്യപ്പെടാം. മതിയായ രേഖകൾ അപേക്ഷക്കൊപ്പം സമർപ്പിക്കണം. എംബസി ക്ഷേമനിധിയിൽ നിന്ന് ടിക്കറ്റിനുള്ള സാമ്പത്തിക സഹായം അനുവദിക്കുമെന്ന് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഹൈക്കോടതിയെ അറിയിച്ചു. പാസ്‌പോർട്ട്, വിസ പകർപ്പുകൾ, എന്തുകൊണ്ട് സാമ്പത്തിക ശേഷി ഇല്ല -സാമ്പത്തിക പ്രതിസന്ധിയിലാകാൻ കാരണം വിശദീകരിച്ച് കുറിപ്പ്, ടിക്കറ്റിനുള്ള അപേക്ഷ, ജോലി ചെയ്യുന്ന രാജ്യത്തെ തൊഴിൽ താമസ ഐഡിയുടെ പകർപ്പ്, അപേക്ഷകരുടെ ഫോൺ നമ്പർ എന്നിവ സഹിതമാണ് എംബസിയിൽ അപേക്ഷ സമർപ്പിക്കേണ്ടത്.
കേന്ദ്ര സർക്കാരിന്റെ പുതിയ നിലപാട് ഒട്ടേറെ പ്രവാസികൾക്ക് ആശ്വാസമാകും.
ഇക്കാര്യം ആഹ്ലാദിപ്പിച്ചപ്പോഴാണ് കേരള സർക്കാറിന്റെ തീരുമാനം മുഖ്യമന്ത്രി ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. 
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ചൊവ്വാഴ്ച മാത്രം 67 പേർക്കാണ് രോഗം  സ്ഥിരീകരിച്ചത്. ഇതിൽ 60 പേരും പുറത്ത് നിന്ന് വന്നിട്ടുളളവരാണ്. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്ന വന്ദേ ഭാരത് ദൗത്യം കേന്ദ്ര സർക്കാർ തുടരുകയാണ്. ഇനിയും നിരവധി പ്രവാസികൾ മടങ്ങിവരാൻ വിദേശത്ത് കാത്തിരിക്കുന്നുണ്ട്.  വിദേശത്ത് നിന്ന് ഇനി സംസ്ഥാനത്തേക്ക് മടങ്ങി എത്തുന്നവർക്ക് സൗജന്യമായി ക്വാറന്റൈൻ സൗകര്യം നൽകാൻ സാധിക്കില്ല എന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. ക്വാറന്റൈൻ ചെലവ് അവർ തന്നെ വഹിക്കണം. നിരവധി പ്രവാസികൾ സംസ്ഥാനത്തേക്ക് തിരികെ എത്തുന്ന സാഹചര്യത്തിൽ എല്ലാവരുടെയും ചെലവ് വഹിക്കുക എന്നത് സാധിക്കില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
 ഇതിനകം കേരളത്തിൽ എത്തി ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഇത് ബാധകം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. 
വി.ടി. ബൽറാം എംഎൽഎയാണ് ഇതിൽ മുന്നിൽ.  ലോക കേരള സഭക്ക് വന്ന പ്രവാസി മുതലാളിമാർക്ക് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രം 4850 രൂപ ചെലവഴിക്കുന്നതുമൊക്കെ അനാവശ്യ ധൂർത്തല്ലേ, പൊതുപണത്തിന്റെ വിനിയോഗത്തിൽ അൽപം മിതത്വം ആയിക്കൂടേ എന്ന് ചോദിച്ചപ്പോൾ അതിന്റെ പേരിൽ വലിയ സൈബർ ആക്രമണമായിരുന്നു ഞങ്ങളൊക്കെ നേരിടേണ്ടി വന്നത്. എന്നാൽ ഇന്നിതാ പ്രവാസ ലോകത്തു നിന്ന് കഷ്ടപ്പാട് സഹിച്ച് നിൽക്കക്കള്ളിയില്ലാതെ എങ്ങനെയെങ്കിലും സ്വന്തം നാട്ടിൽ കൂടണയാൻ എത്തുന്ന സാധാരണ മലയാളികൾക്ക് ക്വാറന്റൈൻ സൗകര്യം നൽകില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ വിമർശനം. 
ഇന്ത്യയിൽ മറ്റേതൊരു സംസ്ഥാനത്തേക്കാളും പ്രവാസികളോട് കടപ്പാടുണ്ടാവേണ്ടത് കേരളത്തിനാണ്. ഓരോ വർഷവും 90,000 കോടിയോളം രൂപയാണ് പ്രവാസി മലയാളികളുടെ റമിറ്റൻസായി കേരളത്തിലേക്കൊഴുകുന്നത്. നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും വലിയ ചാലക ശക്തിയാണ് ഈ വിദേശ പണം. ഇതിനു പുറമെ പ്രളയ കാലത്തടക്കം ഈ നാടിന് ബുദ്ധിമുട്ടുണ്ടാവുമ്പോഴൊക്കെ കയ്യയച്ച് സഹായിച്ചിരുന്നതും പ്രവാസികളിലെ മനുഷ്യ സ്‌നേഹികളാണ്. അവരിലെ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നവരെ തിരിച്ച് സഹായിക്കുക എന്നത് കേരളീയ സമൂഹത്തിന്റെയും സർക്കാരിന്റെയും അനിവാര്യമായ ഉത്തരവാദിത്തമാണ്. കോവിഡ്19 എന്ന ഓമനപ്പേരുള്ള ചൈനയിൽ ജനിച്ച് ഇറ്റലിയിൽ വളർന്ന് കാലിഫോർണിയയിൽ പുഷ്പിച്ച വൈറസിന്റെ വാഹകർ ഗൾഫ് മലയാളികളാണെന്നാണ് ചില കേന്ദ്രങ്ങളുടെ പ്രചാരണം. 
പ്രവാസികൾ തിരിച്ചെത്തിയാൽ മതി അവരെ പാർപ്പിക്കാൻ രണ്ടര ലക്ഷം ബെഡുകൾ റെഡിയെന്ന് പ്രഖ്യാപിച്ച ഒരു മന്ത്രിയുണ്ടായിരുന്നു. ഈ പ്രസ്താവനക്ക് ചുവടൊപ്പിച്ച് സ്വന്തം സ്ഥാപനങ്ങൾ പ്രവാസികളെ ക്വാറന്റൈൻ ചെയ്യാൻ വിട്ടുനൽകാമെന്ന് സാമുദായിക സംഘടനകളും വ്യക്തമാക്കിയിരുന്നു. തിരിച്ചെത്തുന്നവർക്ക് നൽകാൻ രണ്ടര ലക്ഷം ബ്രെഡ് സ്ലൈസുകൾ റെഡിയെന്ന് പറയുന്ന പരുവത്തിലായി കാര്യങ്ങൾ.
 

Latest News