Sorry, you need to enable JavaScript to visit this website.
Saturday , August   15, 2020
Saturday , August   15, 2020

അടച്ചിടൽ കാലത്തും രാഷ്ട്രീയം മലർക്കെ തുറന്നിട്ട് നേതാക്കൾ

ഇന്ത്യയിലെ പ്രായം കൂടിയ മുഖ്യമന്ത്രി പഞ്ചാബിന്റെ അമരീന്ദർ സിംഗാണ് - 78 വയസ്സ്. രണ്ട് വയസ്സിന്റെ കുറവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ (76 ) തൊട്ട് പിന്നിലുണ്ട് - വലിയ വ്യത്യാസമൊന്നുമില്ലാത്ത പ്രായം. ഇപ്പറഞ്ഞ രണ്ടു പേരും കോവിഡ്19 അടച്ചുപൂട്ടൽ കാലത്തും അവരുടേതായ രീതിയിൽ സജീവമായി കർമ രംഗത്തുള്ളവരാണ്. പത്ത് വയസ്സിന് പിന്നിലായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (64) പൂട്ടിയിടൽ കാലത്തും നല്ല പോരാട്ട വഴിയിലായിരുന്നു. രണ്ടു പേരുടെയും (പിണറായി-ചെന്നിത്തല) പ്രായത്തിന്റെ ഓർമപ്പെടുത്തലും ആഘോഷമില്ലാത്ത ജന്മദിനങ്ങളായി ഈ കാലയളവിൽ വന്നെത്തിയത് യാദൃഛികം. പിണറായി വിജയന്റെ പ്രായം കേരള സമൂഹത്തിന്റെ ശ്രദ്ധയിലെത്തിച്ചത് അദ്ദേഹം തന്നെയായിരുന്നു. ഒരു പത്രസമ്മേളനത്തിൽ മധുരം നൽകി ഇന്നത്തെ പ്രത്യേകതയറിയുമോ എന്ന ചോദ്യത്തോടെ അദ്ദേഹം തന്നെ ആ 'രഹസ്യം' അറിയിക്കുകയായിരുന്നു. ഭരണത്തിന്റെ അവസാന വർഷത്തിൽ വന്നെത്തിയ മഹാമാരിയും അടച്ചിടലും മുഖ്യമന്ത്രിയെന്ന നിലക്ക് പിണറായി വിജയന് വലിയ വെല്ലുവിളിയുടെ കാലമായത് സ്വാഭാവികം. അത്തരമൊരു വെല്ലുവിളിയുടെ പ്രത്യേക ആനുകൂല്യത്തിന്റെ ഒരു തരത്തിലുള്ള തണലും നൽകാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തയാറായിരുന്നില്ല. ആദ്യമൊക്കെ രോഗകാലത്ത്, ഒന്നിച്ചു പോകേണ്ട നാളുകളിൽ ഇങ്ങനെയാകാമോ എന്ന് സി.പി.എമ്മിന്റെ സൈബർ പടയാളികൾ കൂട്ടം ചേർന്ന് ചെന്നിത്തലയെയും പ്രതിപക്ഷത്തെയും വേട്ടയാടി. ചെന്നിത്തല തൊട്ടതെല്ലാം പരിഹാസത്തിന് വിഷയമാക്കിയവർക്ക് ആദ്യമായി ചെറിയൊരു തിരിച്ചടിയൊരുക്കിയത് ഖത്തറിൽ നിന്നുള്ള ഇൻകാസ് നേതാവ് കെ.കെ.ഉസ്മാന്റെ വരവായിരുന്നു. ഉസ്മാന്റെ വരവിനെയും കളിയാക്കാൻ മന്ത്രി എ.സി. മൊയ്തീന്റെ സ്റ്റാഫും പാർട്ടി ചാനലുമെല്ലാം ശ്രമിച്ചെങ്കിലും ആ വിഷയം അധികനാൾ മുന്നോട്ട് കൊണ്ടുപോകാൻ അവർക്ക് സാധിച്ചില്ല. ഇനിയിപ്പോൾ അതിനെപ്പറ്റിയൊന്നും ഒരക്ഷരം പറയാവുന്ന അവസ്ഥയിലല്ല അവരാരും. കാര്യങ്ങളൊക്കെ വല്ലാതെ കീഴ്‌മേൽ മറിഞ്ഞു കഴിഞ്ഞു. സ്പ്രിംഗഌ വിഷയത്തിൽ രമേശ് ചെന്നിത്തലക്ക് വിജയത്തിന്റെ മേൽകൈ വന്നെത്തിയത് കാണെ, കാണെയായിരുന്നു. കോൺഗ്രസല്ലേ കുട്ടയിലെ ഞണ്ടിന്റെ സ്വഭാവം കാണിച്ചു കൊള്ളും എന്ന ധാരണയിലായിരുന്നുവെന്ന് തോന്നുന്നു സി.പി.എമ്മും ഭരണ കക്ഷിയും. ആ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി പ്രതിപക്ഷം ഒന്നടങ്കം ഡാറ്റ കരാർ വിഷയത്തിൽ ഒറ്റക്കെട്ടാവുന്നതാണ് പിന്നീട് കണ്ടത്. ഡെന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നുണ്ട് എന്ന തോന്നലുണ്ടാക്കാൻ ഡാറ്റ കരാർ വിവാദത്തിന് സാധിച്ചുവെന്നതാണ് വിഷയത്തിന്റെ അന്തിമ ഫലം. കേരള രാഷ്ട്രീയത്തിൽ അത്രയൊന്നും പ്രസക്തനല്ലാതായിത്തീർന്ന പി.സി.തോമസ് ഈ വിഷയത്തിൽ നടത്തിയ പ്രതികരണം പ്രാധാന്യമില്ലാതെ പത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'കേസ് ഹൈക്കോടതിയിൽ നിലനിൽക്കേ തൊണ്ടിമുതലായ ഡാറ്റ നശിപ്പിച്ചതിന് സ്പ്രിംഗഌറിനെതിരെ കേസെടുക്കണമെന്നാണ് എൻ.ഡി.എക്കാരനായ തോമസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു വിഷയം കുടി രമേശ് ചെന്നിത്തല എടുത്തിട്ടിരിക്കുന്നു. അതിന്റെ ചുരുക്കമിങ്ങനെ- ബാറുകളിലെ വിൽപനയിൽ ഓരോ ടോക്കണിനും 50 പൈസ വീതം സി.പി.എമ്മുകാരായ ആപ് നിർമാതാക്കൾക്ക് ലഭിക്കുന്നു. കരാറിന്റെ പകർപ്പൊക്കെ പുറത്തു വിട്ടാണ് ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചത്. സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപനക്കായി തെരഞ്ഞെടുത്ത ഫെയർകോഡ് കമ്പനിക്ക് ടോക്കൺ ചാർജിൽ നിന്നും അധിക വരുമാനം ലഭിക്കാൻ സംസ്ഥാന സർക്കാർ സൗകര്യം ചെയ്തുവെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കരുതലോടെയാണ് സംസാരിച്ചത്. ഡാറ്റ ആരോപണത്തിലും അത്തരമൊരു നിലപാട് തന്നെയായിരുന്നു തുടക്കത്തിൽ മുഖ്യമന്ത്രി സ്വീകരിച്ചത്. പിന്നീടത് സ്വന്തം കുടുംബത്തിലേക്കും മറ്റും വളരുന്ന അവസ്ഥ വന്നപ്പോൾ രൂക്ഷമായി പ്രതികരിക്കേണ്ടി വന്നു. ടോക്കൺ ചാർജ് ബെവ്കോക്ക് ആണ് ലഭിക്കുക എന്ന് നേരത്തേ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് ശേഷവും എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് മന്ത്രി രാമകൃഷ്ണന്റെ നിലപാട് ആവർത്തിച്ചിട്ടുണ്ട്. വിവാദം സജീവമായി നിൽക്കാനാണ് സാധ്യത. ബെവ്-ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ആപ്പുണ്ടാക്കാൻ സർക്കാറിന് തന്നെ കുറ്റമറ്റ സംവിധാനം നിലനിൽക്കേ എന്തിനായിരുന്നു പുറത്ത് നിന്നൊരു സ്ഥാപനം എന്ന ചോദ്യം പ്രതിപക്ഷം തുടക്കത്തിൽ തന്നെ ഉന്നയിച്ചിരുന്നു. ചെന്നിത്തലയേക്കാൾ പ്രായം കൊണ്ട് പിന്നിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി -49 വയസ്. അദ്ദേഹം ലോക്ഡൗൺ കാലത്ത് നടത്തിയ പ്രതീകാത്മക സമരങ്ങൾക്ക് മുന്നിൽ ശരിക്കും രാഷ്ട്രീയ എതിരാളികൾ പകച്ചു നിൽക്കുകയായിരുന്നു. സ്വന്തം നാട്ടിലേക്ക് നടന്നു പോവുകയായിരുന്ന തൊഴിലാളികൾക്കൊപ്പമിരുന്ന് അവരുടെ കാര്യങ്ങൾ ചോദിച്ചറിയുന്ന രാഹുൽ ഗാന്ധിയെ ചിത്രീകരിച്ച ഡോകുമെന്ററി കോൺഗ്രസ് ഇന്ത്യയിലാകെ പ്രചരിപ്പിക്കുകയാണ്. രാജ്യം നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യാൻ സാമ്പത്തിക ശാസ്ത്രജ്ഞരായ രഘുറാം രാജൻ, അഭിജിത് ബാനർജി എന്നിവരുമായി രാഹുൽ ഗാന്ധി നടത്തിയ വീഡിയോ അഭിമുഖം കേന്ദ്ര ഭരണാധികാരികളുടെ അവകാശവാദങ്ങൾക്ക് മേൽ വന്നുപതിച്ച ആഘാതമായിരുന്നു. കേരളത്തിലെ ഭരണകക്ഷി രമേശ് ചെന്നിത്തലയെ പരിഹസിക്കുന്ന രീതിയിൽ പലായനം ചെയ്യുന്ന തൊഴിലാളികളെ സന്ദർശിച്ച രാഹുൽ ഗാന്ധിയുടെ നടപടിയെ പരിഹസിച്ച കേന്ദ്ര മന്ത്രി നിർമല സീതാരാമൻ കടുത്ത വിമർശമാണ് നേരിട്ടത്. രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയുമൊന്നും കണ്ണിന് നേരെ കാണാൻ കഴിയാത്തവരായ സി.പി.എം സൈബർ സഖാക്കൾ പോലും ഈ വിഷയത്തിൽ നിർമലയെ രൂക്ഷമായി എതിർക്കാൻ നിർബന്ധിതരായി. ഇന്ത്യ അടച്ചിരിപ്പിന്റെ കാലത്തിലൂടെയാണ് കടന്നു പോകുന്നതെങ്കിലും രാഷ്ട്രീയ പാർട്ടികൾ അവരുടെ നിലപാടുകൾക്ക് മൂർച്ച കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന്റെ ഗോദയിലേക്ക് അതിവേഗം പോകേണ്ടി വരുന്ന കേരളം അൽപം മുന്നിലെത്തുന്നത് സ്വാഭാവികം. കോവിഡ്19 നെക്കുറിച്ച് പറഞ്ഞു പഴകിയ ഭയമല്ല കരുതലാണ് വേണ്ടത് എന്ന സന്ദേശം സ്വന്തം രാഷ്ട്രീയം വിജയിപ്പിച്ചെടുക്കുന്നതിലും ശ്രദ്ധയോടെ നടപ്പാക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. മുഖ്യമന്ത്രി പിണറായി വിജയനും രമേശ് ചെന്നിത്തലയും രാഹുൽ ഗാന്ധിയുമെല്ലാം നല്ല ജാഗ്രതയിലാണെപ്പോഴും.