Sorry, you need to enable JavaScript to visit this website.

പ്രവാസികൾക്ക് ക്വാറന്റൈൻ ഫീസ്: സർക്കാർ  തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം

ജിദ്ദ- കോവിഡ് പ്രതിസന്ധിമൂലം തിരിച്ചെത്തുന്ന പ്രവാസികൾ ക്വാറന്റൈൻ ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ പ്രവാസ ലോകത്ത് വ്യാപക പ്രതിഷേധം. ജോലി നഷ്ടപ്പെട്ടും, രോഗികളായും, നിർബന്ധിത സാഹചര്യത്തിൽ ദീർഘാവധിയിൽ വരുന്നവരുമെല്ലാം സാമ്പത്തികമായി ഏറെ പ്രയാസം നേരിടുന്നവരാണ്. 
അവർക്ക് ഏർപ്പെടുത്തുന്ന ക്വാറന്റൈന്റെ ചെലവ് അവർ തന്നെ വഹിക്കണമെന്നത് നീതീകരിക്കാനാവാത്തതാണ്. സാമ്പത്തിക ശേഷിയുള്ളവർ സർക്കാർ ക്വാറന്റൈനിൽ കഴിയാതെ ക്വാറന്റൈൻ കേന്ദ്രങ്ങളായിട്ടുള്ള ഹോട്ടലുകളിലും മറ്റും ഇപ്പോൾ തന്നെ സ്വന്തമായി പണം മുടക്കിയാണ് താമസിക്കുന്നത്. അതിനു കഴിയാത്തവരാണ് സർക്കാർ ഒരുക്കിയിട്ടുള്ള ക്വാറന്റൈൻ തെരഞ്ഞെടുക്കുന്നത്. 
ഇതിൽ പലരും സ്വന്തമായി ടിക്കറ്റ് വാങ്ങാൻ പണമില്ലാത്തതിനാൽ സന്നദ്ധ സംഘടനകളുടെയും മറ്റും സഹായത്തോടെയാണ് നാടണയുന്നത്. അവർ ക്വാറന്റൈൻ ഫീസ് നൽകണമെന്നു വന്നാൽ അതിന്റെ പേരിൽ മാത്രം ദുരിതം പേറി വീണ്ടും ഇവിടെ കഴിയേണ്ടി വരുമെന്നും ഇത് പ്രവാസികളോടു കാണിക്കുന്ന ക്രൂരതയാണെന്നും വിവിധ സംഘടനകൾ അഭിപ്രായപ്പെട്ടു. 

 


പ്രവാസികളെ വഞ്ചിച്ച പിണറായി സർക്കാർ രാജിവെക്കണം -സൗദി കെ.എം.സി.സി

റിയാദ്- പ്രവാസികളെ വഞ്ചിച്ച പിണറായി സർക്കാർ രാജിവെക്കണമെന്നും കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യങ്ങൾ ലംഘിച്ച മുഖ്യമന്ത്രിക്ക് ധാർമികമായി തുടരാൻ അർഹതയില്ലെന്നും നാട്ടിലെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ സൗകര്യങ്ങൾ ഏർപ്പെടുത്താൻ യു.ഡി.എഫ് മുന്നോട്ട് വരണമെന്നും കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ആവശ്യപ്പെട്ടു. ക്വാറന്റൈൻ ചെലവുകൾ സർക്കാർ വഹിക്കില്ലെന്നും പൂർണമായും പ്രവാസികൾ വഹിക്കണമെന്നുമുള്ള ചൊവ്വാഴ്ചത്തെ പ്രഖ്യാപനം നാനാഭാഗങ്ങളിൽ നിന്നുള്ള കടുത്ത സമ്മർദം മൂലം ബുധനാഴ്ച തിരുത്തിയ മുഖ്യമന്ത്രി പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നാണ് തട്ടിവിട്ടിട്ടുള്ളത്. ഏത് അളവുകോൽ വെച്ചാണ് പ്രവാസികൾക്കിടയിലെ പാവങ്ങളെ കണ്ടെത്താൻ പോകുന്നതെന്ന് പിണറായി വ്യക്തമാക്കണം. പ്രതിഷേധാഗ്‌നിയിൽനിന്ന് രക്ഷപ്പെടാനുള്ള മറ്റൊരു നാടകമാണ് ഈ പ്രഖ്യാപനം.


ദുരിതക്കയത്തിൽ പെട്ട് ജീവനുംകൊണ്ട് തിരിച്ചെത്തുന്ന പ്രവാസികളുടെ ദയനീയത വേദനയോടെ നെഞ്ചേറ്റിയ കേരളജനതക്ക് മുമ്പിൽ പിടിച്ചു നിൽക്കാൻ സാധിക്കാതെ വന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ കാരുണ്യം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യം നിറഞ്ഞ കാരുണ്യത്തിനു ക്യു നിൽക്കേണ്ട ഗതികേടൊന്നും കേരളത്തിലെ പ്രവാസികൾക്കില്ല. കോവിഡിന്റെ കണക്ക് പറഞ്ഞു പ്രവാസികളടക്കമുള്ളവരിൽ നിന്ന് പിരിച്ചെടുത്ത തുകയിൽ നിന്ന് മാത്രം മതി പ്രവാസിയുടെ ക്വാറന്റൈൻ ചെലവുകൾ. ദൈർഘ്യമേറിയ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ച കോടിക്കണക്കിന് വരുന്ന ആ ഫണ്ടിന്റെ കണക്കുകളും പൊതുജനങ്ങളറിയണം. ദൈനം ദിന കോവിഡ് റിപ്പോർട്ടിംഗ് പരിപാടി പ്രതിച്ഛായ മിനുക്കാനുള്ള പരിപാടിയാക്കി മാറ്റി. പ്രവാസലോകത്ത് മരിച്ചുവീഴുന്ന നൂറുക്കണക്കിന് പ്രവാസികളുടെ വാർത്തകൾ ആ റിപ്പോർട്ടിംഗിലെ നിമിഷങ്ങൾക്ക് വ്യാപ്തി പകരാൻ മാത്രമുള്ളതായി മാറി.
ഒട്ടും ആത്മാർഥതയില്ലാത്ത സമീപനമാണ് പ്രവാസികളോട് മുഖ്യമന്ത്രി കാണിച്ചത്. പ്രവാസികളുടെ പണമാണ് തങ്ങൾക്കാവശ്യമെന്നും അവരുടെ പ്രതിസന്ധികളിൽ അവരോടൊപ്പം നിൽക്കാനാവില്ലെന്നും സർക്കാർ ഒരിക്കൽ കൂടെ തെളിയിച്ചു കഴിഞ്ഞു. പ്രഖ്യാപനങ്ങളിലൂടെ ജനമസ്സുകളിൽ സ്ഥാനം പിടിക്കാനും പ്രവാസികളോടൊപ്പമുണ്ടെന്ന് കാണിക്കാനും പിണറായി നടത്തുന്ന ചെപ്പടി വിദ്യകളിൽ കേരളത്തിലെ പ്രബുദ്ധരായ ജനതയും പ്രവാസികളും അവരുടെ കുടുംബങ്ങളും അകപ്പെടില്ല.


രണ്ടര ലക്ഷത്തിലധികം പ്രവാസികളെ സ്വീകരിക്കാനും പരിചരിക്കാനും സംസ്ഥാനത്ത് സൗജന്യമായ സൗകര്യമൊരുക്കിയിരിക്കുന്നുവെന്ന് ലൈവിൽ ജനങ്ങളോട് പറഞ്ഞ മുഖ്യമന്ത്രി നടത്തിയ കരണംമറിച്ചിൽ തിരിച്ചറിയാൻ കഴിയാത്തവരുമല്ല പ്രവാസി സമൂഹം. പ്രവാസികളുടെ ക്വാറന്റൈൻ സൗകര്യങ്ങൾക്ക് വേണ്ടി നിരവധി സ്ഥാപനങ്ങൾ സൗജന്യമായി വിട്ടു നൽകിയ മുസ്‌ലിം ലീഗടക്കമുള്ള സംഘടനകളുടെ ഔദാര്യത്തിലാണ് നിലവിൽ ഒരുക്കിയിരിക്കുന്ന പല ക്വാറന്റൈൻ സംവിധാനങ്ങളും. അല്ലാതെ പിണറായി കനിഞ്ഞു നൽകിയതല്ല. ഈ അനീതിക്കെതിരെ പോരാടാൻ മുസ്‌ലിം ലീഗ് പാർട്ടിയോടൊപ്പം കേരളത്തിലെ പ്രവാസി കുടുംബങ്ങളും കൈകോർക്കും. യു.ഡി.എഫ് നടത്തുന്ന പ്രക്ഷോഭ പരിപാടികളിലും പ്രവാസ ലോകം അണിനിരക്കുമെന്നും കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികളായ കെ.പി. മുഹമ്മദ്കുട്ടി, വർക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട്, ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ട്രഷറർ കുഞ്ഞിമോൻ കാക്കിയ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി

ജിദ്ദ - പ്രവാസികൾ ക്വാറന്റൈൻ ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രവാസികളോടുള്ള അവഹേളനമാണെന്ന് പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. കേരളത്തിന്റെ വികസനത്തിന് പ്രവാസികൾ വഹിച്ച പങ്കിനെക്കുറിച്ചും പ്രവാസികളുടെ സംഭാവനയെക്കുറിച്ചുമൊക്കെ വലിയ തോതിൽ സംസാരിക്കുന്ന മുഖ്യമന്ത്രി, എല്ലാം നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികൾ തന്നെ സ്വന്തമായി ക്വാറന്റൈൻ ചെലവ് കൂടി വഹിക്കണമെന്നാണ് ഇപ്പോൾ പറയുന്നത്. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നാലായിരത്തിലധികം കോടി രൂപ ബാക്കിയാകുമ്പോഴാണ് സർക്കാരിന്റെ കയ്യിൽ കാശില്ല എന്ന ന്യായം പറഞ്ഞ് മുഖ്യമന്ത്രി പ്രവാസികളെ പിഴിയാനൊരുങ്ങുന്നത്. കോവിഡ് റിലീഫിന്റെ പേരിലും സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും കോടിക്കണക്കിന് രൂപ സർക്കാർ സമാഹരിച്ചു കഴിഞ്ഞു. കോവിഡ് റിലീഫിനായി സർക്കാർ പിടിച്ചെടുക്കുന്ന ഈ തുകയെല്ലാം എന്തിന് വേണ്ടിയാണ് സർക്കാർ ശേഖരിച്ച് വെച്ചിരിക്കുന്നതെന്ന് വ്യക്തമാക്കണം. ഇമേജ് ബിൽഡിങ്ങിന്നായി ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾക്ക് കൊടുക്കാൻ വൻ തുക കണ്ടെത്തുന്ന സർക്കർ പ്രവാസികളോട് കാണിക്കുന്നത് ക്രൂരതയാണ്.


 ജോലി നഷ്ടപ്പെട്ടവരും സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്നവരുമായ പ്രവാസികളാണ് ഇപ്പോൾ തിരിച്ചു വന്നു കൊണ്ടിരിക്കുന്നത്. ഇവരിൽ തന്നെ സമ്പത്തിക ശേഷിയുള്ള പലരും സ്വന്തം ചെലവിൽ സൗകര്യം തേടുന്നുണ്ട്. സർക്കാർ ഏർപ്പെടുത്തിയ സൗജന്യ സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നത് സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളാണ്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നാട്ടിലെത്തുന്ന ഇവരുടെ കയ്യിലെ അവശേഷിക്കുന്ന പണവും കൂടി പിഴിഞ്ഞെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 
വെൽഫെയർ പാർട്ടിയടക്കം പല സംഘടനകളും സൗജന്യ ടിക്കറ്റ് നൽകാൻ തയാറായിട്ടും സംസ്ഥാന സർക്കാർ ചില്ലിക്കാശ് പോലും ചെലവഴിക്കാൻ സന്നദ്ധമായിരുന്നില്ല. ഇപ്പോൾ ക്വാറന്റൈൻ ചാർജ് കൂടി പ്രവാസികളിൽ നിന്ന് ഈടാക്കാൻ തീരുമാനിച്ചതിലൂടെ പ്രവാസികളെ ചൂഷണം ചെയ്യൽ മാത്രമാണ് സർക്കാരിന്റെ നയമെന്ന് വ്യക്തമായിരിക്കുന്നു. 
പ്രവാസികളുടെ ക്വാറന്റൈൻ ഉത്തരവാദിത്തം സർക്കാരിന് സാധ്യമല്ലെങ്കിൽ അതിന് തയാറായ വെൽഫെയർ പാർട്ടി പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും സന്നദ്ധ സംഘടനകളെയും ഏൽപിക്കാൻ സർക്കാർ തയാറാകണമെന്നും പ്രവാസി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ, ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി എന്നിവർ ആവശ്യപ്പെട്ടു.

പ്രവാസി സാംസ്‌കാരിക വേദി നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി

പ്രവാസികളെ കുറിച്ച് മധുര വർത്തമാനങ്ങൾ പറയുകയും പാവപ്പെട്ട പ്രവാസികളെ പിടിച്ചുപറിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിയുടേതെന്ന് റിയാദ് കമ്മിറ്റി  കുറ്റപ്പെടുത്തി. മുഴുവൻ പ്രവാസി സമൂഹവും പ്രവാസികളെ ചൂഷണം ചെയ്യുന്ന സർക്കാർ നീക്കത്തിനെതിരെ പ്രതികരിക്കാൻ തയാറാകണമെന്നും പ്രവാസി സാംസ്‌കാരിക വേദി നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ഐ.സി.എഫ് സൗദി നാഷണൽ കമ്മിറ്റി 
ജിദ്ദ- പ്രവാസികളുടെ ക്വാറന്റൈൻ ചെലവുകൾ അവർ തന്നെ വഹിക്കണമെന്ന സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് ഐ.സി.എഫ് സൗദി നാഷണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ദീർഘകാലമായി ജോലിയില്ലാതെ പ്രയാസപ്പെടുന്നവരും അസുഖബാധിതരും പ്രായാധിക്യമുള്ളവരുമായ ആളുകളാണ് ഇപ്പോൾ തിരിച്ചു വരുന്ന പ്രവാസികൾ മുഴുവനും. അവർക്ക് താങ്ങും തണലും നൽകി ആശ്വാസം പകരുകയാണ് സർക്കാർ ചെയ്യേണ്ടത്. എന്നാൽ പ്രവാസികളോട് എക്കാലവും തുടർന്നു വരുന്ന വിവേചനം ഈ കോവിഡ് കാലത്തും തുടരാനാണ് ഈ തീരുമാനമെന്ന് വിലയിരുത്തേണ്ടി വരും. സാമൂഹ്യ സുരക്ഷയുടെ ഭാഗമായി ക്വാറന്റൈനിൽ പ്രവേശിക്കുന്ന എല്ലാവർക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാർ ബാധ്യതയാണ്. അവിടെ പ്രവാസിയെന്നും അല്ലാത്തവരെന്നുമുള്ള വേർതിരിവ് സാമൂഹ്യ നീതിക്ക് നിരക്കാത്തതാണ്. 


കേരളത്തിന്റെ വളർച്ചയുടെ നട്ടെല്ല് പ്രവാസികളാണെന്ന് വെറും ഭംഗി വാക്കുകളായി മാത്രം ചുരുക്കാതെ, അടിയന്തര ഘട്ടങ്ങളിൽ ആശ്വാസം നൽകാനാണ് സർക്കാർ മുൻകൈ എടുക്കേണ്ടത്. ദുരിത പർവത്തിൽ നിന്നും ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും തുരുത്തു തേടിയാണ് പ്രവാസികൾ നാടണയുന്നത്. അവരോട് അനുകമ്പയും സഹാനുഭൂതിയും കാണിക്കാൻ ജനകീയ സർക്കാറുകൾ തയാറാകണമെന്ന് ഐ.സി.എഫ് നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ഓൺലൈൻ യോഗത്തിൽ സയ്യിദ് ഹബീബ് അൽ ബുഖാരി അധ്യക്ഷത വഹിച്ചു. നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, അബ്ദുസ്സലാം വടകര, സിറാജ് കുറ്റിയാടി, സലീം പാലച്ചിറ, സുബൈർ സഖാഫി, അബ്ദുറഷീദ് സഖാഫി മുക്കം, ഉമർ സഖാഫി മൂർക്കനാട്, അബൂ സാലിഹ് മുസ്‌ലിയാർ, അബ്ദുൽ ലത്തീഫ് അഹ്‌സനി, അബ്ദുൽ ഖാദർ മാസ്റ്റർ, മുഹമ്മദലി വേങ്ങര സംബന്ധിച്ചു. ബഷീർ എറണാകുളം സ്വാഗതവും അഷ്‌റഫലി നന്ദിയും പറഞ്ഞു.

ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി 
ജിദ്ദ- ജോലിയും കൂലിയും നഷ്ടപ്പെട്ട് മാസങ്ങളോളം ദുരിതക്കയത്തിലായ പ്രവാസികളോട് പിണറായി സർക്കാർ സ്വീകരിക്കുന്ന സമീപനം വഞ്ചനാപരമാണെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി അടക്കമുള്ള സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഭക്ഷണവും മരുന്നും ടിക്കറ്റ് അടക്കമുള്ള യാത്രാ സൗകര്യവും ലഭ്യമായതോടെയാണ് പരിമിതമായ തോതിലെങ്കിലും പ്രവാസികൾക്കു നാടണയാൻ കഴിഞ്ഞത്. രണ്ടര ലക്ഷം പേർക്കുള്ള ക്വാറന്റൈൻ സംവിധാനമൊരുക്കിയെന്നു മുഖ്യമന്ത്രിയും മന്ത്രിമാരും പറഞ്ഞത് കോവിഡ് ദുരന്ത സമയത്തെ മറ്റു വിഷയങ്ങളിൽ സംഭവിച്ച പോലെയുള്ള കേവലം വാചകമടി മാത്രമാണെന്ന് അടിവരയിടുന്നതാണ്. കേന്ദ്ര സർക്കാറിന്റെയും കേരള ഗവണ്മെന്റിന്റെയും പ്രവാസികളോടുള്ള സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു.

മനുഷ്യത്വരഹിതമെന്ന് വള്ളിക്കുന്ന് മണ്ഡലം ഗ്ലോബൽ കെ.എം.സി.സി
ജിദ്ദ- പ്രവാസികളുടെ ക്വാറന്റൈൻ ചെലവ്, വരുന്നവർ തന്നെ വഹിക്കണമെന്ന കേരള സർക്കാർ തീരുമാനത്തെ ശക്തമായി എതിർത്ത് തോൽപിക്കണമെന്ന് വള്ളിക്കുന്ന് മണ്ഡലം ഗ്ലോബൽ കെ.എം.സി.സി ഭാരവാഹികൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ഡിസംബറിൽ ദുബായ് സന്ദർശന വേളയിൽ പ്രത്യേക പാക്കേജ് പ്രഖ്യാപനം പൊള്ളയായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. ആയതിനാൽ മുഖ്യമന്ത്രി ഈ തീരുമാനത്തിൽ നിന്ന് പിൻമാറി തിരിച്ച് വരുന്ന പാവം പ്രവാസികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സർക്കാർ ചെലവിൽ ഉറപ്പ് വരുത്തണമെന്ന് യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രസിഡണ്ട് മാതാപ്പുഴ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡണ്ട് സി.സി കരീം ഉദ്ഘാടനം ചെയ്തു. റിലീഫ് കമ്മറ്റി ചെയർമാൻ സലിം പണമ്പ്ര പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായ ഷംസുദ്ധീൻ, മുജീബ് അമ്പലഞ്ചേരി, അശ്‌റഫ്, ശഫീഖ്, നസീം, വാഹിദ്, സമീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് കമ്മിളി സ്വാഗതവും ട്രഷറർ ഇടിഎം തലപ്പാറ നന്ദിയും പറഞ്ഞു.

ജിദ്ദ, മക്ക കെ.എം.സി.സി എറണാകുളം ജില്ലാ കമ്മിറ്റി 
ജിദ്ദ- കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവാസികളോടുള്ള അവഗണനയിൽ ജിദ്ദ, മക്ക കെ.എം.സി.സി എറണാകുളം ജില്ലാ കമ്മിറ്റി എക്‌സിക്യൂട്ടീവ് യോഗം പ്രതിഷേധിച്ചു. വാഗ്ദാനങ്ങളുടെ തേനരുവി തീർത്ത് കോവിഡ്-19 ന്റെ പ്രാരംഭത്തിൽ മുഖ്യമന്ത്രി പ്രവാസികളെ പ്രകീർത്തിച്ച് പ്രസ്താവനകൾ ഇറക്കിയിരുന്നു. പ്രവാസികളിൽ നിന്നും വലിയൊരു തുക മഹാമാരിയിലേക്ക് സംഭാവനയായി പിരിക്കുകയായിരുന്നു ലക്ഷ്യം. 2018 ലെ മഹാ പ്രളയത്തിലും കെ.എം.സി.സി അടക്കം നിരവധി പ്രവാസി സംഘടനകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. 
2019 ലും ഇതാവർത്തിച്ചു. എന്നാൽ ഇന്നത്തെ പ്രവാസികളുടെ സാഹചര്യം ദയനീയമാണ്. കേന്ദ്ര ഗവൺമെന്റിന്റെ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കുന്ന ഒരു മരപ്പാവയാണ് കേരള സർക്കാരെന്ന് യോഗം കുറ്റപ്പെടുത്തി. വിമാനയാത്രാ കൂലിക്ക് പോലും നിവൃത്തിയില്ലാത്ത പാവപ്പെട്ട പ്രവാസികളെ ചൂഷണം ചെയ്യുന്ന നിലപാട് തിരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഒ.ഐ.സി.സി ദമാം റീജണൽ കമ്മിറ്റി
ദമാം- പ്രവാസികളിൽ നിന്ന് ക്വാറന്റൈൻ ചാർജ്  ഈടാക്കുവാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് ഒ.ഐ.സി.സി ദമാം റീജണൽ കമ്മിറ്റി. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് പ്രവാസി സംഘടനകളുടെയും മറ്റ് ഉദാരമതികളുടെയും സഹായത്തോടെ ഭക്ഷണത്തിനും മറ്റു നിത്യജീവിത ചെലവുകൾക്കും വഴി കണ്ടെത്തിയിരുന്ന പാവപ്പെട്ട പ്രവാസികൾ പലരുടെയും സഹായത്തോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഇത്തരം ആളുകളെ വീണ്ടും പിഴിയുന്ന സർക്കാർ നടപടി പിൻവലിക്കണമെന്ന് ഒ.ഐ.സി.സി ദമാം റീജനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, ജനറൽ സെക്രട്ടറി ഇ.കെ.സലീം എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിലുള്ള പ്രതിഷേധം കേരള സർക്കാരിനെ രേഖാമൂലം അറിയിക്കും. നാലു ലക്ഷം പേരെ ഉൾക്കൊള്ളുവാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൊള്ളയായ വാഗ്ദാനം ആയിരുന്നു എന്ന് തെളിഞ്ഞതായും അവർ പറഞ്ഞു.

ഖസീം ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി
ബുറൈദ- ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട്, ഇമിഗ്രേഷൻ ഫണ്ട് എന്നിവ പ്രവാസികൾക്ക് വേണ്ടി ചെലവഴിക്കുന്നതിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒളിച്ച് കളിക്കുകയാണെന്നും, ഇത്തരം ഫണ്ടുകൾ പ്രവാസികൾക്ക് വേണ്ടി വിനിയോഗിക്കാൻ സർക്കാരുകൾ തയാറാവണമെന്നും ഖസീം ഒ.ഐ.സി.സി സെട്രൽ കമ്മിറ്റി നേതാക്കൾ ആവശ്യപ്പെട്ടു. 
നാഴികക്ക് നാൽപത് വട്ടം പ്രവാസി പ്രവാസി എന്ന് ഉരുവിടുകയും, അവസരത്തിനൊത്ത് കാലുമാറുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ തനിനിറമാണ് ഇവിടെ വ്യക്തമായതെന്നും ലോക കേരള സഭയിലെ അംഗങ്ങളിലെ ഒരാൾക്ക് ഒരു നേരത്തെ ഭക്ഷണത്തിനു 4560 രൂപ വീതം ചെലവാക്കിയ സർക്കാരാണ് പാവം പ്രവാസികളിൽ നിന്ന് ഭക്ഷണത്തിന്റെ ചെലവ് ഈടാക്കുന്നത് എന്നോർക്കുമ്പോഴാണ് മുഖ്യമന്ത്രിക്കും സർക്കാരിനും പ്രവാസികളോടുള്ള സ്‌നേഹത്തിന്റെ ആത്മാർഥത എന്തുമാത്രമുണ്ടെന്ന് മനസ്സിലാകുന്നതെന്നും സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും നേതാക്കൾ പറഞ്ഞു.       

കെ.ഡി.എം.എഫ് റിയാദ്
റിയാദ്- ജോലി നഷ്ടപ്പെട്ടും അസുഖം ബാധിച്ചും മറ്റ് വളരെ അത്യാവശ്യമായ കാര്യങ്ങൾക്കും വേണ്ടി പിറന്ന മണ്ണിലേക്ക് തിരിച്ചുവരുന്ന പ്രവാസികൾ ക്വാറന്റൈൻ ചെലവ് സ്വയം വഹിക്കണമെന്ന കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരമാണെന്ന് റിയാദ് കോഴിക്കോട് ജില്ലാ മുസ്‌ലിം ഫെഡറേഷൻ. 
പല വിധ പ്രയാസങ്ങളാൽ ഉയർന്ന ടിക്കറ്റ് നിരക്കും നൽകി നാട്ടിലേക്ക് വരുന്നവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ഒരുക്കുന്നതിന് പല സംഘടനകളും അവരുടെ സ്ഥാപനങ്ങൾ വിട്ട് നൽകിയിട്ടുണ്ട്. ഈ  സാഹചര്യത്തിൽ ക്വാറന്റൈൻ ചെലവ് കൂടി പ്രവാസികൾ വഹിക്കണമെന്ന് പറയുന്നത് അനീതിയാണെന്നും റിയാദ് കോഴിക്കോട് ജില്ലാ മുസ്‌ലിം ഫെഡറേഷൻ അഭിപ്രായപ്പെട്ടു.

ജിദ്ദ പി.സി.എഫ്
ജിദ്ദ- കേരളത്തിൽ എത്തുന്ന പ്രവാസികൾ ക്വാറന്റൈൻ ചെലവ് സ്വന്തം വഹിക്കണമെന്ന സർക്കാർ തീരുമാനം പ്രതിഷേധാർഹമാമെന്നും പിൻവലിക്കണമെന്നും ജിദ്ദ പി.സി.എഫ് നേതാക്കൾ വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ സാമ്പത്തിക മേഖലയെ താങ്ങി നിർത്തുന്ന ഗൾഫ് പ്രവാസികൾ  നിലനിൽപ്പ് ഭീഷണിയിലായി നാട്ടിലെത്തുമ്പോൾ സർക്കാരിന്റെ ഭാഗത്തു നിന്നും കരുണയാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് ദിലീപ് താമരക്കുളം, സെക്രട്ടറി ഉമർ മേലാറ്റൂർ എന്നിവർ വാർത്താ കുറിപ്പിൽ പറഞ്ഞു. 

ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കമ്മിറ്റി 
ജിദ്ദ- പ്രവാസി മലയാളികൾ നാട്ടിലെത്തുന്ന മുറയ്ക്ക് ക്വാറന്റൈനിൽ നിൽക്കുന്നതിന് ഫീസ് ഈടാക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം വഞ്ചനാപരമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരളാ സ്റ്റേറ്റ് കമ്മിറ്റി ആരോപിച്ചു.  ഒരു സമ്പാദ്യവുമില്ലാതെയും നാട്ടിലേക്കു തിരിച്ചു പോകാനുള്ള ടിക്കറ്റിനു പണമില്ലാതെയും കുടുങ്ങിപ്പോയ അനേകായിരം പാവങ്ങൾ ജന്മനാട്ടിലെത്തിയാലെങ്കിലും തെല്ലൊരു സമാധാനത്തോടെ കഴിയാമെന്നു കരുതിയിരിക്കുമ്പോഴാണ് ഇടിത്തീ പോലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നത്. 
ഗൾഫ് രാജ്യങ്ങളിൽ സന്ദർശനങ്ങൾ നടത്തിയും മാധ്യമങ്ങൾക്കു മുന്നിലും ഊതി വീർപ്പിച്ച വാഗ്ദാനങ്ങൾ നൽകി പ്രവാസികളിൽ നിന്നും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ കൊഴുപ്പിക്കാൻ മാത്രമാണ് സർക്കാർ താൽപര്യം കാണിക്കുന്നത്. അതിന്റെ ഒരംശം പോലും പ്രവാസികൾക്ക് വേണ്ടി ചെലവഴിക്കാൻ സർക്കാർ തയ്യാറാകാതിരിക്കുന്നതു പ്രതിഷേധാർഹമാണെന്നും സോഷ്യൽ ഫോറം ഭാരവാഹികൾ പറഞ്ഞു. 
ഓൺലൈൻ കോൺഫെറൻസിങ് വഴി നടത്തിയ യോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരളാ സ്റ്റേറ്റ് കമ്മിറ്റി പ്രസിഡണ്ട് ഹനീഫ കിഴിശ്ശേരി, ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി, മുഹമ്മദ്കുട്ടി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ചു.

പ്രവാസി സാംസ്‌കാരിക വേദി ദമാം റീജണൽ കമ്മിറ്റി
 സർക്കാർ നിലപാട് പ്രതിഷേധാർഹവും അംഗീകരിക്കാനാവില്ലെന്നും പ്രവാസി സാംസ്‌കാരിക വേദി ദമാം റീജണൽ കമ്മിറ്റി പറഞ്ഞു. പ്രവാസികളെ സ്വീകരിക്കാൻ സന്നദ്ധരാണെന്ന് വലിയ പ്രഖ്യാപനങ്ങൾ നടത്തിയിരുന്ന മുഖ്യമന്ത്രിയും സർക്കാരും ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് തികഞ്ഞ നീതി നിഷേധമാണെന്ന് കമ്മിറ്റി വിലയിരുത്തി. 
സർക്കാറിന് സൗജന്യ ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ സാധ്യമല്ലെങ്കിൽ ക്വാറന്റൈൻ സംവിധാനം ഒരുക്കുന്നതിന് വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ കൂട്ടായ മാർഗങ്ങൾ ആരായുക, ക്വാറന്റൈൻ കേന്ദ്രങ്ങൾ പ്രാദേശികമായി സംവിധാനിക്കുക തുടങ്ങിയ മാർഗങ്ങളും സർക്കാരിന് ആരായാവുന്നതാണ്. ഇതിനൊന്നും ശ്രമിക്കാതെ ചെലവ് സ്വയം വഹിക്കണമെന്ന് പ്രസ്താവിച്ച് ബാധ്യതകളിൽ നിന്ന് ഒഴിയാനുള്ള നീക്കത്തിനെതിരെ പ്രവാസ ലോകത്ത് ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും ദമാം കമ്മിറ്റി മുന്നറിയിപ്പു നൽകി

 

ഗ്ലോബൽ ഒ.ഐ.സി.സി 

ദമാം- പാവപ്പെട്ട പ്രവാസികളിൽ നിന്ന് പണം ഈടാക്കില്ലെന്നും അർഹരായവർക്ക് ഇളവു ലഭിക്കുമെന്നും സാമ്പത്തിക സാഹചര്യമുള്ളവരിൽ നിന്നു മാത്രമേ ക്വാറന്റൈൻ ചെലവ് സ്വീകരിക്കൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും പ്രവാസി സംഘടനകൾ പ്രതിഷേധത്തിൽ നിന്നും പിന്മാറിയിട്ടില്ല. കേരള സർക്കാർ തീരുമാനം പ്രവാസി സമൂഹത്തോടുള്ള അനീതിയാണെന്ന് ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡന്റ് അഹമ്മദ് പുളിക്കൽ അഭിപ്രായപ്പെട്ടു. പ്രവാസി സമൂഹത്തോട് ഇടതു സർക്കാർ ചെയ്യുന്ന ഈ കാട്ടു നീതി പൊറുക്കാനാവില്ലെന്നും സർക്കാരിന്റെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികളുടെ തിരിച്ചുവരവുമായി അടിക്കടി നിലപാടുകൾ മാറ്റുന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രാവാസ ലോകത്ത് ഉണ്ടാക്കിയ അനിശ്ചിതത്വം വളരെ വലുതാണന്നും സംസ്ഥാനത്തിന് രൂപവും ഭാവവും നൽകിയ പ്രവാസി ഒരു സന്നിഗ്ദ്ധ ഘട്ടത്തിൽ തിരിച്ചുവരാൻ തയാറാകുമ്പോൾ ഈ നിഷേധാത്മക നിലപാടുകൾ വേദനാജനകമാണെന്ന് ഐഒസി മിഡിൽ ഈസറ്റ് കൺവീനർ മൻസൂർ പള്ളൂർ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ നിലപാട് പ്രതിഷേധാർഹമെന്നും ജോലിയും ശമ്പളവുമില്ലാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് പലരും നാട്ടിലേക്ക് മടങ്ങുന്നതെന്നും ഒഐസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പി.എം നജീബ് അഭിപ്രായപ്പെട്ടു. ഈ തീരുമാനം ഉടൻ പിൻവലിക്കണമെന്നും സർക്കാർ പുനരാലോചന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.   

ദമാം നവയുഗം സാംസ്‌ക്കാരിക വേദി 
നാട്ടിലേക്ക് മടങ്ങുന്ന എല്ലാ പ്രവാസികളിൽ നിന്നും ക്വാറന്റൈൻ ഫീസ് ഈടാക്കാനുള്ള തീരുമാനം നിർഭാഗ്യകരമാണെന്നും, ജോലിയും വരുമാനവും നഷ്ടമായി നാട്ടിലേക്ക് മടങ്ങുന്ന സാമ്പത്തികശേഷി ഇല്ലാത്ത പാവപ്പെട്ട പ്രവാസികൾക്ക്, മുൻപ് നൽകിയ പോലെത്തന്നെ സൗജന്യ ക്വാറന്റൈൻ തുടർന്നും നൽകണമെന്നും ദമാം നവയുഗം സാംസ്‌ക്കാരിക വേദി ആവശ്യപ്പെട്ടു. ഇന്ത്യൻ എംബസികളിൽ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് എന്ന രീതിയിൽ പ്രവാസികളിൽ നിന്നും പിരിച്ചെടുത്ത കോടിക്കണക്കിനു രൂപ ഉപയോഗിച്ച് എല്ലാ പ്രവാസികൾക്കും സൗജന്യമായി വിമാന ടിക്കറ്റ് നൽകുവാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും സാമ്പത്തിക ബുദ്ധിമുട്ടിലായ പ്രവാസികളെ, നോർക്ക ഹെൽപ് ഡെസ്‌ക്കിന്റെ സഹായത്തോടെ കണ്ടെത്തി, അവർക്ക് സൗജന്യമായി ക്വാറന്റൈൻ നൽകുന്ന പ്രവർത്തന രീതി കേരള സർക്കാർ സ്വീകരിക്കണമെന്നും നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹനും ജനറൽ സെക്രട്ടറി എം.എ.വാഹിദും ആവശ്യപ്പെട്ടു.

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി
സർക്കാർ തീരുമാനം സമ്പൂർണമായും പിൻവലിക്കണമെന്ന് കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു. കേരളം പ്രതിസന്ധികളുടെ നടുക്കടലിൽ നിൽക്കുമ്പോഴും, ഉപദേശകരുടെ അധിക ശമ്പളത്തിനും, കൊറോണ കാലത്തും സർക്കാർ മന്ദിരങ്ങൾ മോടി പിടിപ്പിക്കാനായും, സർക്കാറിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനായുള്ള കേസുകൾക്ക് കോടതിയിൽ വാദിക്കാനായും, ജനദ്രോഹ സർക്കാർ നടപടികളെ ന്യായീകരിക്കാനായി പി.ആർ ഏജൻസികൾക്ക് കൊടുക്കാനുമൊക്കെ കോടികൾ ചെലവഴിക്കുന്ന സർക്കാറിന്റെ പക്കൽ പാവം പ്രവാസികളുടെ പ്രയാസങ്ങൾ തീർക്കാനായി ചെലവഴിക്കാൻ പണം ഇല്ലെന്ന് പറയുന്നത് തീർത്തും വഞ്ചനാപരമായ നിലപാടാണ്. പ്രളയം വന്നാലും മഹാമാരികൾ വന്നാലും എന്നും സർക്കാറിനെ സഹായിക്കാൻ മുന്നിൽ നിൽക്കുന്നവരാണ് പ്രവാസികൾ. കേരളത്തിന്റെ മണ്ണിലേക്ക് പ്രതിവർഷം 80,000 കോടി രൂപയോളം നൽകുന്ന പാവപ്പെട്ട പ്രവാസികളോടുള്ള സർക്കാർ നിലപാട് തിരുത്താത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങൾക്ക് പ്രവാസ ലോകത്ത് നേതൃത്വം നൽകാൻ കിഴക്കൻ പ്രവിശ്യ കെ.എം.സി.സി മുൻപന്തിയിൽ തന്നെയുണ്ടാകുമെന്നും പ്രസിഡണ്ട് മുഹമ്മദ്കുട്ടി കോഡൂർ, ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ എന്നിവർ സംയുക്ത വാർത്താ കുറിപ്പിൽ പറഞ്ഞു.

ഒ.ഐ.സി.സി ദമാം ആലപ്പുഴ ജില്ലാ കമ്മറ്റി 
സർക്കാർ നടപടി പ്രവാസികളോടുള്ള കൊടും വഞ്ചന ആണെന്നും ഈ നടപടി പിൻവലിക്കണമെന്നും ഒ.ഐ.സി.സി ദമാം റീജണൽ കമ്മിറ്റി ആലപ്പുഴ ജില്ലാ കമ്മറ്റി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട് മാസങ്ങളായി ശമ്പളം കിട്ടാതെ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്താൽ ടിക്കറ്റ് എടുത്ത് നാട്ടിലേക്കു വരുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ഈ തീരുമാനം വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണന്നും ജില്ലാ പ്രസിഡന്റ് നിസാർ മാന്നാർ പറഞ്ഞു.


 

Latest News