Sorry, you need to enable JavaScript to visit this website.

ബെവ്ക്യു ആപ്പ് നിർമാണക്കമ്പനിക്ക് ലഭിക്കുന്നത് കോടികൾ -രമേശ് ചെന്നിത്തല 

തിരുവനന്തപുരം- സംസ്ഥാനത്ത് മദ്യം ലഭ്യമാകുന്ന 1200 ഔട്ട് ലെറ്റുകളിൽ ഒരോന്നിലും ആയിരം പേർ വീതം ദിവസേന മദ്യം വാങ്ങിയാൽ ഒരു വർഷം കൊണ്ട് ആപ്പ് നിർമാണക്കമ്പനിക്ക് എസ്.എം.എസ് നിരക്കിൽ മാത്രം കിട്ടാൻ പോകുന്നത് ആറ് കോടി രൂപയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് വൻ അഴിമതിയാണ്. ബെവ്കോ ആദ്യം മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണത്തിൽ ആപ്പ് വഴി ഓരോ ടോക്കണിലും ബാർ ഉടമകളിൽനിന്ന് ഈടാക്കുന്ന അമ്പത് പൈസ കോർപറേഷനാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ മന്ത്രി പറഞ്ഞത് ഈ അമ്പത് പൈസയിൽ 15 പൈസ എസ്.എം.എസ്  നിരക്കുകൾക്കായും മറ്റും ഫെയർ കോഡ് കമ്പനിക്ക് ലഭിക്കുമെന്നാണ്.  ബാക്കിയുള്ള 35 പൈസ എന്തിനാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതിലൂടെ  കോടികളാണ് ഫെയർ കോഡിന് ലഭിക്കുന്നത്.

ടെണ്ടറിൽ പങ്കെടുത്ത  ചില കമ്പനികൾ എസ്.എം.എസ് നിരക്ക് ഇതിലും കുറച്ചാണ് കാണിച്ചിരുന്നത്. മറ്റ് ചില കമ്പനികൾ എസ്.എം.എസ് നിരക്കുകൾ വേണ്ടെന്നും വ്യക്തമാക്കിരുന്നു. ഇവരെയൊക്കെ തഴഞ്ഞ് എസ്.എം.എസിന് 12 പൈസ നിരക്ക് ക്വാട്ട് ചെയ്ത ഫെയർ കോഡ് കമ്പനിക്ക് അത് 15 പൈസയായി ഉയർത്തി നൽകിയത് എന്തിനാണെന്ന് മന്ത്രി വ്യക്തമാക്കിയില്ല.  മാത്രമല്ല ഫെയർ കോഡ് കമ്പനിക്ക് എസ്.എം.എസ് നിരക്ക് നിശ്ചയിക്കുന്ന കാര്യത്തിൽ ടെലികോം കമ്പനികളുമായി നേരിട്ട് വിലപേശാൻ അവസരം ഒരുക്കിയതിന് പിന്നിലും വൻ അഴിമതിയാണെന്ന് വ്യക്തമാവുകയാണ്. എസ്.എം.എസ് നിരക്ക് ടെണ്ടറിൽ  ഒരു മാനദണ്ഡമാക്കാതെയാണ് ഫെയർ കോഡിനെ തെരഞ്ഞെടുത്തത്.   ആപ്പുണ്ടാക്കാൻ പണം വേണ്ടെന്ന് പറഞ്ഞു ടെണ്ടറിൽ പങ്കെടുത്ത രണ്ട് കമ്പനികളെ മറി കടന്നാണ് ആപ്പ് നിർമിക്കാൻ 2.84 ലക്ഷം രൂപ ക്വാട്ട്ചെയ്ത ഫെയർ കോഡിനെ തെരഞ്ഞെടുത്തത്. 


ആപ്പ് നിർമാണത്തിന് മറ്റുമായി വെറും 2.84 ലക്ഷം രൂപ മാത്രമെ ഫെയർകോഡിന് നൽകേണ്ടതുള്ളുവെന്ന് ആദ്യം പറഞ്ഞ സർക്കാർ വർക്ക് ഓർഡർ നൽകിയപ്പോൾ മെയിന്റൻസ് ചാർജായ രണ്ട് ലക്ഷം രൂപയും, ആപ്പ് ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക വിദ്യ    പരിശീലിക്കാനായി ഒരാൾക്ക് രണ്ടായിരം രൂപ നിരക്കിലും അധികമായി നൽകുന്നുണ്ട്. ഇതിലൂടെ ഫെയർ കോഡ് കമ്പനിക്ക് സാമ്പത്തിക ലാഭമുണ്ടാക്കാൻ വഴിവിട്ട് സർക്കാർ സഹായം നൽകിയെന്ന് വ്യക്തമാവുകയാണ്. ആപ്പ് നിർമിക്കാനുള്ള തുക കുറച്ച് കാണിക്കുകയും മറ്റ് ചെലവുകൾ നിഗൂഢമായി ഒളിപ്പിച്ചു വെക്കുകയുമാണ് ചെയ്തത്. 


രേഖകളുടെ അടിസ്ഥാനത്തിലാണ് താൻ ആരോപണം ഉന്നയിക്കുന്നത്. എക്‌സൈസ് വകുപ്പിനെതിരെ താൻ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി പറയുന്നത് ശരിയല്ല. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നേരത്തെ ആരോപണം ഉന്നയിച്ചപ്പോൾ അത് പിൻവലിച്ച് കണ്ടം വഴി ഓടിയ കാര്യം മറക്കരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

 

Latest News