Sorry, you need to enable JavaScript to visit this website.

മെഡിക്കല്‍ പ്രവേശന കോഴ: ഹൈക്കോടതി ജഡ്ജിമാരുടെ പങ്ക് അന്വേഷിക്കുന്നു

ന്യുദല്‍ഹി- സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ച് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് കോഴ്‌സിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അനുവദിച്ചതില്‍ ഹൈക്കോടതികളിലെ സിറ്റിങ് ജഡ്ജിമാരുടേയും മുന്‍ ജഡ്ജിമാരുടേയും പങ്ക് അന്വേഷിക്കുന്നു. സുപ്രിം കോടതിയും അന്വേഷണ ഏജന്‍സികളുമാണ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. 

 

യോഗ്യതയുള്ള വിദ്യാര്‍ത്ഥികളെ തഴഞ്ഞ് വന്‍ തുകയ്ക്ക് സീറ്റുകള്‍ മറിച്ചു വില്‍ക്കാന്‍ സഹായിച്ചുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജിമാരായ എസ് എന്‍ ശുക്ല, വിരന്ദ്ര കുമാര്‍ എന്നിവര്‍ക്കെതിരെയാണ് സുപ്രീം കോടതി അന്വേഷണം. 2017-18 അക്കാദമിക് വര്‍ഷത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതികളുടെ അനുമതി മതിയാവില്ലെന്ന സുപ്രീം കോടതിയുടെ വ്യക്തമായ ഉത്തരവ് ലംഘിച്ചത് പരിശോധിക്കാനാണ് അന്വേഷണം.

 

അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിലെ ഈ രണ്ടു ജഡ്ജിമാരും ഇത്തരമൊരു അസാധാരണ വിധി പാസാക്കാന്‍ പ്രേരിപ്പിച്ച ഘടകം എന്താണെന്നതു സംബന്ധിച്ച് സൂക്ഷ്മ പരിശോധന നടത്താന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവിട്ടിട്ടുണ്ട്. ഇവര്‍ക്കെതിരായ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ പ്രഥമദൃഷ്ട്യാ സത്യമെന്നു തെളിഞ്ഞാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുന്ന കാര്യവും ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലുണ്ട്. 

പുതുച്ചേരിയിലെ രണ്ട് ഐഎഎസ് ഓഫീസര്‍മാര്‍, മുന്‍ ആരാഗ്യ സെക്രട്ടറി ബി ആര്‍ ബാബു, മെഡിക്കല്‍ പ്രവേശന സമിതി തലവനായിരുന്ന നരേന്ദ്ര കുമാര്‍ എന്നിവര്‍ക്കെതിരെയും ഇതും സംബന്ധിച്ചു പോലീസ് കേസെടുത്തിട്ടുണ്ട്.

ഇതുകൂടാതെ കഴിഞ്ഞ ദിവസം ഒറീസ ഹൈക്കോടതി മുന്‍ ജഡ്ജി മന്‍സുര്‍ ഖുദ്ദൂസിക്കെതിരെ സിബിഐ കേസെടുത്തതും മെഡിക്കല്‍ പ്രവേശന രംഗത്തെ നിയമവിരുദ്ധ നീക്കങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതായി. ഒരു സ്വകാര്യ മെഡിക്കല്‍ കോളെജിനു മേലുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവേശന വിലക്ക് നീക്കി കൊടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഖുദ്ദൂസി അടക്കം അഞ്ച് പേര്‍ക്കെതിരെ സിബിഐ അഴിമതിക്കേസെടുത്തത്. 

 

 

Latest News