Sorry, you need to enable JavaScript to visit this website.

സർവീസ് പുനരാരംഭിക്കൽ: ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സൗദിയ

റിയാദ് - ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കാൻ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകിയതിനു പിന്നാലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായി ഏകോപനം നടത്തി സർവീസുകൾ പുനരാരംഭിക്കുന്നതിന് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഏതാനും ഘട്ടമായാണ് സർവീസുകൾ പുനരാരംഭിക്കുകയെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിട്ടുണ്ട്. 
ആദ്യ ഘട്ടത്തിൽ ദിവസേന 60 ആഭ്യന്തര സർവീസുകൾ നടത്താനാണ് പദ്ധതിയെന്ന് സൗദിയ അറിയിച്ചു. റിയാദ്, ജിദ്ദ, ദമാം, മദീന, അൽഖസീം, അബഹ, തബൂക്ക്, ജിസാൻ, ഹായിൽ, അൽബാഹ, നജ്‌റാൻ എന്നീ എയർപോർട്ടുകളിൽ നിന്ന് ആദ്യ ഘട്ടത്തിൽ തന്നെ സൗദിയയുടെ ആഭ്യന്തര സർവീസുകളുണ്ടാകും.
 സൗദിയിലെ മുഴുവൻ വിമാനത്താവളങ്ങളിൽ നിന്നും മുഴുവൻ ശേഷിയിൽ സർവീസുകൾ പൂർണമാകുന്നതു വരെ തുടർന്നുള്ള ഘട്ടങ്ങളിൽ സർവീസുകൾ വിപുലീകരിക്കും. 
ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ പുതിയ ടെർമിനൽ (ഒന്നാം നമ്പർ ടെർമിനൽ) വഴിയാണ് മുഴുവൻ ആഭ്യന്തര സർവീസുകളും നടത്തുക. പുതിയ ടെർമിനൽ വഴിയുള്ള സർവീസുകൾ യാത്രക്കാർക്ക് കൂടുതൽ സേവനങ്ങൾ പ്രദാനം ചെയ്യും. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദേശാനുസരണം വിദേശങ്ങളിൽ കുടുങ്ങിയ സൗദി പൗരന്മാരെ സ്വദേശത്ത് തിരിച്ചെത്തിക്കുന്നതിനുള്ള അന്താരാഷ്ട്ര സർവീസുകൾ സൗദിയ തുടരുകയാണ്. വിദേശങ്ങളിൽ കുടുങ്ങിയ സൗദി പൗരന്മാർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും സഹായങ്ങളും നൽകാനും സ്വദേശത്തേക്കുള്ള ഇവരുടെ മടക്കയാത്ര എളുപ്പമാക്കാനും രാജാവ് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദേശങ്ങളിൽ നിന്ന് സൗദി പൗരന്മാരെ ഒഴിപ്പിക്കുന്നതിന് അന്താരാഷ്ട്ര സർവീസുകൾ നടത്തുന്നതെന്നും സൗദിയ പറഞ്ഞു. 
ആഭ്യന്തര സർവീസുകളിൽ സൗദിയ സീറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇ-പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ടിക്കറ്റ് ബുക്കിംഗിന് അവസരമൊരുക്കിയിരിക്കുന്നത്. സർവീസുകൾ പുനരാരംഭിക്കുമ്പോൾ രോഗവ്യാപനം തടയാൻ എല്ലാവരും മുഴുവൻ മുൻകരുതൽ നടപടികളും നിർബന്ധമായും പാലിക്കണമെന്ന് സൗദിയ ആവശ്യപ്പെട്ടു.  

Tags

Latest News