Sorry, you need to enable JavaScript to visit this website.

മുൻകരുതൽ, പ്രതിരോധ നടപടികൾ സ്വകാര്യ മേഖല പാലിക്കണം -അൽറാജ്ഹി

റിയാദ് - ആരോഗ്യ മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ചേർന്ന് രൂപം നൽകിയ മുൻകരുതൽ, പ്രതിരോധ നടപടികൾ സ്വകാര്യ മേഖല പാലിക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി ആവശ്യപ്പെട്ടു. മുൻകരുതൽ, പ്രതിരോധ നടപടികൾ ഓരോ മേഖലയിലും വ്യത്യസ്തമായേക്കാം. ബിസിനസ് പ്രവർത്തനങ്ങളുടെ തിരിച്ചുവരവ് മുൻകരുതൽ നടപടികൾ എടുത്തുകളയുന്നു എന്നല്ല അർഥമാക്കുന്നത്. സൗദി പൗരന്മാർക്കും വിദേശികൾക്കും സംരക്ഷണം നൽകാൻ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ച അവബോധം ഇപ്പോഴും അനിവാര്യമാണ്.
ബിസിനസുകളും സ്ഥാപനങ്ങളും കൂടുതൽ തുറക്കുന്നതിലൂടെ ജീവനക്കാരുടെയും ഉപയോക്താക്കളുടെയും എണ്ണം വർധിക്കും. ഇത് സാമ്പത്തിക ചക്രത്തെ ഉത്തേജിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നിരുന്നാലും ആരോഗ്യ പ്രതിരോധ ആവശ്യകതകൾക്കും സാമ്പത്തിക പ്രവർത്തനങ്ങളുടെ ആവശ്യങ്ങൾക്കുമിടയിൽ സന്തുലനം പാലിക്കേണ്ടത് ഈ ഘട്ടത്തിൽ പ്രധാനമാണ്. ഇത് നമ്മുടെ അവബോധത്തെയും ഉത്തരവാദിത്തത്തെയും ആശ്രയിച്ചിരിക്കുന്നു. 
സൗദി യുവതീയുവാക്കൾക്ക് തൊഴിൽ നൽകുന്നതിൽ തൊഴിൽ വിപണിയുടെ ആർജിത നേട്ടങ്ങൾ സംരക്ഷിക്കാനും ഭാവിയിൽ കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാനും ഇതിലൂടെ നമുക്ക് സാധിക്കും. ദേശീയ വികസനത്തിൽ സജീവ, അടിസ്ഥാന പങ്കാളിയാണ് സ്വകാര്യ മേഖല. സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ പടിപടിയായി പ്രവർത്തനം പുനരാരംഭിച്ചു. പ്രതിരോധ കാരണങ്ങളാൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഫലം ക്രിയാത്മകവും പ്രകടവുമായിരുന്നെന്നും എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു. ബിസിനസ് പുനരാരംഭിക്കാനും സ്ഥാപനങ്ങൾ തുറക്കാനും സമയമായതായി മന്ത്രി പറഞ്ഞു. സാമ്പത്തിക ചക്രത്തെ മുന്നോട്ടു കൊണ്ടുപോകാൻ ഇത് പ്രധാനമാണ്. സർക്കാർ ഉദ്യോഗസ്ഥർ ജോലി സ്ഥലങ്ങളിൽ ഹാജരാകുന്നത് വിലക്കിയ കാലത്തും പൊതുമേഖലയിൽ പ്രവർത്തനങ്ങൾ നിലച്ചിരുന്നില്ല. ഡിസ്റ്റൻസ് രീതിയിൽ സേവനങ്ങൾ നൽകുന്നത് പൊതുമേഖല തുടർന്നു. വിദൂര തൊഴിൽ ശൈലിയുമായി പൊരുത്തപ്പെടാനുള്ള കഴിവും കാര്യക്ഷമതയും ഗവൺമെന്റ് ഉദ്യോഗസ്ഥർ തെളിയിച്ചതായും മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു.
 

Tags

Latest News