Sorry, you need to enable JavaScript to visit this website.

കോവിഡിനെതിരായ പോരാട്ടത്തിൽ രാഷ്ട്രീയം മറന്ന് ഹൈബി

എറണാകുളം സെന്റ് തെരേസാസ് ഹൈസ്‌കൂളിന് മുന്നിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികളെ കാണാൻ ഹൈബി ഈഡൻ എം.പി എത്തിയപ്പോൾ 

കൊച്ചി- കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതിപക്ഷ എം.എൽ.എമാരും എം.പിമാരും സർക്കാറിനെതിരെ കൊമ്പുകോർത്തു നിൽക്കുമ്പോൾ ഇതിലൊന്നും ഭാഗഭാക്കാകാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതനാണ് എറണാകുളം എം.പി ഹൈബി ഈഡൻ. എം.പി ഫണ്ടുപയോഗിച്ച് കോവിഡ് പ്രതിരോധത്തിനാവശ്യമായതെല്ലാം ചെയ്യുന്ന ഹൈബി ഏറ്റവുമൊടുവിൽ എസ്.എസ്.എൽ.സി പരീക്ഷാ കാലത്ത് സ്വന്തം വാഹനമില്ലാത്തവർക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയാണ് വ്യത്യസ്തനായത്. 


പാർലമെന്റ് മണ്ഡലം പരിധിയിലുള്ള വിദ്യാർത്ഥികളെ പരീക്ഷക്ക് എത്തിക്കുവാനും തിരിച്ച് വീട്ടിലെത്തിക്കുവാനുമാണ് സൗകര്യം ഏർപ്പെടുത്തിയത്. ഇതിന് വേണ്ടി എം.പി ഓഫീസിൽ മെയ് 23 ന് ഒരു കൺട്രോൾ റൂം തുറന്നിരുന്നു. മെയ് 24 വൈകിട്ട് 5 മണിക്ക് മുമ്പ് രജിസ്റ്റർ ചെയ്തവർക്കാണ് സൗകര്യം ലഭ്യമാക്കിയത്. 546 വിദ്യാർത്ഥികളാണ് പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തത്. ജില്ലക്ക് പുറത്ത് ദൂരസ്ഥലങ്ങളിലേക്ക് കാറുകളിലാണ് വിദ്യാർത്ഥികളെ കൊണ്ടു പോയത്. മുഴുവൻ വിദ്യാർത്ഥികളെയും സൗജന്യമായാണ് പരീക്ഷക്കായെത്തിക്കുന്നത്. കോവിഡ്19 ന്റെ സാഹചര്യത്തിൽ എല്ലാവിധ സുരക്ഷാ സൗകര്യങ്ങളോടും കൂടിയാണ് വിദ്യാർത്ഥികളെ എത്തിക്കുന്നതെന്ന് ഹൈബി ഈഡൻ പറഞ്ഞു. 


എറണാകുളം ജില്ലയിലെ കോവിഡ് ചികിൽസാ കേന്ദ്രമായി മാറിയ കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിൽ വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളൂം വാങ്ങുന്നതിനായി ഹൈബി ഈഡൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും മാർച്ച് മാസത്തിൽ ഒരു കോടി രൂപ അനുവദിച്ചിരുന്നു. മാർച്ചിൽ തന്നെ ഇതിന്റെ ആദ്യഘട്ടം പ്രവർത്തന സജ്ജമാകുകയും ചെയ്തു.  ക്വാറന്റൈനിൽ ഉള്ളവർക്കായി കൗൺസലിംഗ് ആരംഭിച്ചു. ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കാൻ നിർദേശം നൽകിയ ഗവ. താലൂക്ക് ഹോസ്പിറ്റൽ ഫോർട്ട് കൊച്ചി, ഗവ. മഹാരാജാസ് ഹോസ്പിറ്റൽ, ഗവ. താലൂക്ക് ഹോസ്പിറ്റൽ പള്ളുരുത്തി, ഗവ. താലൂക്ക് ഹോസ്പിറ്റൽ തൃപ്പൂണിത്തുറ, ഗവ. താലൂക്ക് ഹോസ്പിറ്റൽ നോർത്ത് പറവൂർ  എന്നീ ഹോസ്പിറ്റലുകൾക്കാണ് രണ്ടു ലക്ഷം രൂപ വീതം അനുവദിച്ചു. കമ്യൂണിറ്റി കിച്ചനുകളിലേക്ക് എം.പിയുടെ വകയായി 6000 കിലോ അരിയും പയറുവർഗങ്ങളും എത്തി. റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നതിന് എം.പി ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചു. 2500 ഹാൻഡ് സാനിറ്റൈസറുകൾ, 10,000 ഗ്ലൗസുകൾ, 200 എൻ 95 മാസ്‌കുകൾ, 2500 ത്രീപ്ലൈ മാസ്‌കുകൾ എന്നിവ പോലീസിന് ലഭ്യമാക്കി. എം.പിയുടെ ഫണ്ടിൽ നിന്നും 36 ലക്ഷം രൂപ മുടക്കി കോവിഡ് പരിശോധനക്കുള്ള 2000 റിയൽ ടൈം പി.സി.ആർ ടെസ്റ്റ് കിറ്റുകൾ എറണാകുളം മെഡിക്കൽ കോളേജിന് നൽകി. 


എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ അനാഥാലയങ്ങൾക്കും അഗതി മന്ദിരങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് നാട്ടിൽ തിരിച്ചെത്തുന്നതിനുള്ള വിമാന ടിക്കറ്റെടുക്കുന്നതിന് ഹൈബി ഈഡൻ എം.പിയുടെ സൗഖ്യം ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നും ഒരു ലക്ഷം രൂപ അനുവദിച്ചു.
ഇതിനിടയിൽ എം.പിയുടെ തണൽ ഭവന പദ്ധതിയിൽ പെടുത്തി കുമ്പളങ്ങിയിൽ ഒരു വീടിന്റെ നിർമാണം പൂർത്തീകരിച്ച് താക്കോൽ കൈമാറുകയുണ്ടായി. ലോക്ഡൗൺ ആരംഭിക്കുന്നതിന് മുൻപേ നിർമാണം ഏകദേശം പൂർത്തിയായിരുന്നു. ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ തന്നെ അവസാന നിർമമ്മാണ പ്രവർത്തനങ്ങളും പെട്ടെന്ന് തന്നെ പൂർത്തീകരിക്കുകയായിരുന്നെന്ന് എം.പി പറഞ്ഞു. പ്രളയാനന്തരം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച വീടുകളുടെ നിർമാണം എങ്ങുമെത്താതെ പോയത് കോൺഗ്രസ് നേതൃത്വത്തിന് നാണക്കേടുണ്ടാക്കിയ സംഭവമാണ്. എന്നാൽ ഈ പദ്ധതിയിൽ പെടുന്ന എറണാകുളത്ത് രണ്ടു വീടുകളുടെ നിർമാണത്തിന് കെ പി സി സി ഫണ്ട് കൈമാറിയിരുന്നു. ഈ വീടുകളുടെ നിർമാണവും ഹൈബിയുടെ മേൽനോട്ടത്തിൽ പൂർത്തീകരിച്ച് കഴിഞ്ഞ ആഴ്ച താക്കോൽ കൈമാറി. ഹൈബി ഈഡൻ എം.പിയാണ് താക്കോൽദാനം നിർവഹിച്ചത്.
കോൺഗ്രസിന്റെ മറ്റു പല ജനപ്രതിനിധികളും ഉത്തരവാദിത്തം മറന്ന് രാഷ്ട്രീയക്കളികളുമായി നടക്കുമ്പോൾ വിവാദങ്ങളിൽ നിന്നകന്ന് നിന്ന് മഹാമാരിയുടെ കാലത്ത് ചുമതലകളിൽ വ്യാപൃതനാകുകയാണ് ഹൈബി ഈഡൻ. 

Latest News