കോട്ടയം - പ്രവാസികൾക്ക് പണം മുടക്കി ക്വാറന്റൈനിൽ താമസിക്കാവുന്ന ഹോട്ടലുകളുടെ പട്ടികയിൽ കുമരകത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളും. കുമരകത്തെ മുന്തിയ താജ് ഹോട്ടൽ മുതൽ ജില്ലയിലെ കെ.ടി.ഡി.സിയുടെ ഹോട്ടൽ വരെ ഇങ്ങനെ പണം മുടക്കി താമസിക്കാവുന്ന ഹോട്ടലുകളുടെ പട്ടികയിലുണ്ട്.
കോട്ടയം നഗരത്തിലാണ് പഞ്ചനക്ഷത്ര ഹോട്ടൽ. കുമരകത്തെ താജ് ഫോർ സ്റ്റാർ പദവിയിലും നക്ഷത്ര ഹോട്ടലിലെ താമസത്തിന് പ്രതിദിന വാടക അയ്യായിരത്തിൽ മുകളിലാണ്. കുമരകത്തെ 5 റിസോർട്ടുകളാണ് ആണ് കഴിഞ്ഞ രാത്രി പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോട്ടയം നഗരത്തിൽ നക്ഷത്ര ഹോട്ടൽ ഉൾപ്പെടെ രണ്ട് ഹോട്ടലുകൾ കുമാരനല്ലൂർ ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ഓരോ ഹോട്ടലുകളും ആണ് ഉള്ളത്. ആകെ 9 ഹോട്ടലുകളുടെ ലിസ്റ്റ് ആണ് ആദ്യഘട്ടത്തിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. 1250 രൂപ മുതൽ 7000 വരെയാണ് നിരക്ക്. ഉയർന്ന വാടകയുള്ള ഹോട്ടലുകളിൽ ഭക്ഷണവും വാടകയിൽ ഉൾപ്പെടും. എ.സി നോൺ എ.സി മുറികളുടെ വാടക പ്രത്യേകം നൽകിയിട്ടുണ്ട്.
വിദേശത്തു നിന്നു എത്തുന്ന മലയാളികൾക്ക് പണം മുടക്കി താമസിക്കാൻ സൗകര്യമൊരുക്കുമെന്ന് പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ഈ ലിസ്റ്റ് പുറപ്പെടുവിച്ചത്.
അതിനിടെ ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം ആറായി. കോവിഡ് റിപ്പോർട്ട് ചെയ്ത ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ 1, 21 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കുന്നതിന് ജില്ലാ കലക്ടർ ശുപാർശ ചെയ്തു. ഇതു സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിക്ക് നൽകി. നിലവിൽ കോരുത്തോട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ്, മീനടം ഗ്രാമപഞ്ചായത്തിലെ വാർഡ് 13, വെള്ളാവൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്, പായിപ്പാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 12 എന്നിവ കണ്ടെയ്ൻമെന്റ് സോണുകളാണ്.