കൽപറ്റ-വയനാട്ടിൽ മൂന്നു പേരിൽ കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഒരാൾക്കു രോഗമുക്തിയായി. പനമരം പഞ്ചായത്തിലെ പള്ളിക്കുന്ന് സ്വദേശികളായ 53, 25 വയസ്സുകാരായ പുരുഷന്മാരിലും 50 വയസ്സുള്ള സ്ത്രീയിലുമാണ് വൈറസ് ബാധ കണ്ടെത്തിയത്. മൂവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. മഹാരാഷ്ട്രയിൽനിന്നു മുത്തങ്ങ വഴി 24 നു ജില്ലയിലെത്തിയ ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മാനന്തവാടി എടപ്പടി സ്വദേശിയായ ലോറി ഡ്രൈവർക്കാണ് രോഗമുക്തിയായത്. ഇദ്ദേഹം ഇന്നലെ ആശുപത്രി വിട്ടു. ചെന്നൈ കോയമ്പേട് മാർക്കറ്റിൽനിന്നു എത്തിയതിനു പിന്നാലെ നടത്തിയ സ്രവ പരിശോധനയിലാണ് ഡ്രൈവറിൽ രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നതിൽ കുടുംബാംഗങ്ങളടക്കം എട്ടു പേർക്കും വൈറസ് ബാധയേറ്റിരുന്നു. നിലവിൽ കൊറോണ രോഗികളായ 10 പേരാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ജില്ലയിൽനിന്നു ഇതിനകം പരിശോധനക്കു അയച്ചതിൽ 27 സ്രവഫലങ്ങളാണ് പോസിറ്റീവായത്.
പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ 196 പേരെ കൂടി നിരീക്ഷണത്തിലാക്കി. 144 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. 3807 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ ഗോത്രവിഭാഗത്തിൽ പെടുന്ന 328 ആളുകൾ ഉൾപ്പെടെ 1634 പേർ കോവിഡ് കെയർ സെന്ററുകളിലാണ്. ജില്ലയിലെ 10 അന്തർ സംസ്ഥാന അതിർത്തി ചെക്‌പോസ്റ്റുകളിൽ ഇന്നലെ 1673 വാഹനങ്ങളിലായി എത്തിയ 2725 ആളുകളെ സ്‌ക്രീനിംഗിനു വിധേയമാക്കിയതിൽ ആരിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയില്ല.
മാനന്തവാടി നഗരസഭയിലെ മുഴുവൻ വാർഡുകളും എടവക പഞ്ചായത്തിലെ ഒമ്പത്, 10 വാർഡുകളും പനമരം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളും കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽനിന്നു ഒഴിവാക്കി.