Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ക്വാറന്റൈൻ ചെലവ്: സർക്കാർ നീക്കം പ്രവാസികളോടുള്ള നന്ദികേട് -വെൽഫെയർ പാർട്ടി 

പ്രവാസികളിൽനിന്ന് ക്വാറന്റൈൻ ചാർജ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ഷഫീഖ് ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം- വിദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചെലവ് പ്രവാസികളിൽ നിന്ന് തന്നെ വാങ്ങാനുള്ള സർക്കാർ നീക്കം മനുഷ്യത്വ വിരുദ്ധവും പ്രവാസികളോടുള്ള നന്ദികേടുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ഇതാണോ സർക്കാരിന്റെ കരുതൽ. പ്രവാസികളെയും മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെയും നാട്ടിലേക്ക് കൊണ്ടുവരുന്നതിൽ സർക്കാർ പുലർത്തിയ നിഷേധ സമീപനത്തിന്റെ കാരണം വ്യക്തമായിരിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നാലായിരത്തിലധികം കോടി രൂപ ബാക്കിയാകുമ്പോഴാണ് സർക്കാരിന്റെ കയ്യിൽ കാശില്ലെന്ന ന്യായം മുഖ്യമന്ത്രി പറഞ്ഞത്. 


കോവിഡ് റിലീഫിനും നൂറ് കണക്കിന് കോടി രൂപ സർക്കാർ സമാഹരിച്ചു. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 2500 കോടി രൂപയാണ് കോവിഡ് റിലീഫിനായി സർക്കാർ പിടിച്ചെടുക്കുന്നത്. ഈ തുകയെല്ലാം എന്തിനു വേണ്ടിയാണ് സർക്കാർ ശേഖരിച്ച് വെച്ചിരിക്കുന്നത്. പത്ര സമ്മേളനങ്ങളിൽ പ്രവാസികളെ കുറിച്ച് മധുര വർത്തമാനങ്ങൾ പറയുകയും പാവപ്പെട്ട പ്രവാസികൾ അവിടുന്ന് വരുന്നവരായത് കൊണ്ട് ചെലവ് സ്വന്തമായി വഹിക്കണമെന്ന് പറയുകയും ചെയ്യുന്ന ക്രൂരമായ ഇരട്ടത്താപ്പാണ് മുഖ്യമന്ത്രി കാണിക്കുന്നത്.


ജോലി നഷ്ടപ്പെട്ടവരും സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്നവരുമായ പ്രവാസികളാണ് ഇപ്പോൾ തിരിച്ചുവന്നു കൊണ്ടിരിക്കുന്നത്. ഇവരിൽ തന്നെ സമ്പത്തിക ശേഷിയുള്ള പലരും സ്വന്തം ചെലവിൽ സൗകര്യം തേടുന്നുണ്ട്. സർക്കാർ ഏർപ്പെടുത്തിയ സൗജന്യം പ്രയോജനപ്പെടുത്തിയിരുന്നത് സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളാണ്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നാട്ടിലെത്തുന്ന ഇവരുടെ കയ്യിലെ അവശേഷിക്കുന്ന പണവും പിടിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വെൽഫെയർ പാർട്ടിയടക്കം പല സംഘടനകളും സൗജന്യ ടിക്കറ്റ് നൽകാൻ തയാറായിട്ടും സംസ്ഥാന സർക്കാർ അതിന് സന്നദ്ധമായിരുന്നില്ല. ഇപ്പോൾ ക്വാറന്റൈൻ ചാർജ് കൂടി പ്രവാസികളിൽ നിന്ന് ഈടാക്കാൻ തീരുമാനിച്ചതിലൂടെ പ്രവാസികളെ ചൂഷണം ചെയ്യൽ മാത്രമാണ് സർക്കാരിന്റെ നയമെന്ന് വ്യക്തമായിരിക്കുന്നു. സർക്കാർ തയാറല്ലെങ്കിൽ പ്രവാസികളുടെ ക്വാറന്റൈൻ ഉത്തരവാദിത്തം രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും സന്നദ്ധ സംഘടനകളെയും ഏൽപിക്കാൻ സർക്കാർ തയാറാകണമെന്നും പ്രവാസികൾക്ക് സാധ്യമായ രീതിയിൽ സൗജന്യ ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്താൻ വെൽഫെയർ പാർട്ടി സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളിൽനിന്ന് ക്വാറന്റൈൻ ചാർജ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ഷഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.എം.അൻസാരി, സെക്രട്ടറി മധു കല്ലറ തുടങ്ങിയവർ പങ്കെടുത്തു. 

 


 

Latest News