കോവിഡ് ബാധിച്ച റിമാൻഡ് തടവുകാരന്  കോടതി താൽക്കാലിക ജാമ്യം നൽകി

തലശ്ശേരി- കോവിഡ് ബാധിച്ച് കണ്ണൂർ ജില്ലാ ആശുപത്രിയിൽ കഴിയുന്ന റിമാൻഡ് പ്രതിക്ക് കോടതി താൽക്കാലിക ജാമ്യം അനുവദിച്ചു. ചെറുപുഴ തട്ടുമ്മൽ മീത്തലെ പുരയിൽ ജബ്ബാറി(52) നാണ് തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് പി.എൻ.വിനോദ് ജാമ്യം നൽകിയത്. അര ലക്ഷം രൂപയുടെ ബോണ്ടിലും അസുഖം മാറിയാൽ പയ്യന്നൂർ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരാകാമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം. 


മുള്ളൻ പന്നിയെ വെടിവെച്ച് കൊന്നെന്ന പരാതിയിലാണ് ജബ്ബാറിനെയും സുഹൃത്തിനെയും ചെറുപുഴ പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് നാടൻ തോക്കും പോലീസ് കണ്ടെടുത്തിരുന്നു. അനധികൃതമായി തോക്ക് ഉപയോഗിച്ച കേസിലാണ് ചെറുപുഴ പോലീസ് ഇയാൾക്കെതിരെ കേസ് ചാർജ് ചെയ്തത്. മുള്ളൻ പന്നിയെ വെടിവെച്ച് കൊന്നതിന് വനം വകുപ്പും പ്രതികൾക്കെതിരെ കേസ് ചാർജ് ചെയ്തിരുന്നു. രണ്ട് കേസുകളിലും പ്രതിക്ക് താൽക്കാലിക ജാമ്യം ലഭിച്ചു. കോവിഡ് ബാധിതനായതിനാൽ ആൾ ജാമ്യം വേണ്ടെന്ന വ്യവസ്ഥയും പ്രതിഭാഗം അഭിഭാഷകന്റെ വാദം അംഗീകരിച്ച് കോടതി അംഗീകരിച്ചു. അഡ്വ. കെ.പ്രദ്യുവാണ് പ്രതിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. പ്രതിക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് പോലീസുകാരും ജയിൽ വകുപ്പ് ഉദ്യോഗസ്ഥരുമുൾപ്പെടെ നിരീക്ഷണത്തിലായിരുന്നു. ചില തടവുകാരും നിരീക്ഷണത്തിലാണ്.

Latest News