കൊണ്ടോട്ടി- പ്രവാസികളുടെ മടക്കത്തിനായി വന്ദേ ഭാരത് മൂന്നാംഘട്ട വിമാന ഷെഡ്യൂളിൽ സൗദി അറേബ്യയിൽ നിന്ന് ഒരു വിമാനവുമില്ല. ഇത് നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയായി. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി എയർ ഇന്ത്യയുടെ 22 വിമാനങ്ങളാണ് അടുത്ത മാസം നാല് വരെ കരിപ്പൂരിലെത്തുന്നത്. ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി മൂന്ന് വിമാനങ്ങൾ എത്തിയിരുന്നു. ഇതിനു പുറമെ ജസീറ എയർവെയ്‌സിന്റെ വിമാനം കുവൈത്തിൽ നിന്നുമെത്തി. 694 യാത്രക്കാരാണ് നാലു വിമാനങ്ങളിലും കൂടി കരിപ്പൂരിലെത്തിയത്. ഇന്നലെ അബുദാബി, ദുബായ് എന്നിവടങ്ങളിൽ നിന്ന് രണ്ട് വിമാനങ്ങളിലായി 350 പേരുമെത്തി.
ഇന്ന് മസ്‌കത്ത്, ദുബായ് എന്നിവിടങ്ങളിൽ നിന്ന് വിമാനങ്ങളെത്തും. 29ന് അബുദാബി, ദുബായ്, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വിമാനങ്ങൾ. 30ന് ദുബായ്, ബഹ്‌റൈൻ, 31ന് അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്നും വിമാനമെത്തും. ജൂൺ ഒന്നിന് മസ്‌കത്ത്, ദുബായ്, ജൂൺ രണ്ടിന് അബുദാബി, ബഹ്‌റൈൻ, മൂന്നിന് അബുദാബി, ദുബായ്, നാലിന് അബുദാബി, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങളുള്ളത്.
വന്ദേ ഭാരത് ഒന്നും രണ്ടും ഘട്ടത്തിൽ സൗദി അറേബ്യയിലെ ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ നിന്ന് വിമാനങ്ങളുണ്ടായിരുന്നു. എന്നാൽ മൂന്നാം ഘട്ടത്തിലെ വിമാന ഷെഡ്യൂളിൽ ഈ രണ്ടു സെക്ടറിൽ നിന്നും സർവീസ് ഉൾപ്പെട്ടിട്ടില്ല. യു.എ.ഇയിൽ നിന്നാണ് വിമാനങ്ങൾ ഏറെയും ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കൂടുതൽ വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തതും ആഭ്യന്തര സർവീസ് ആരംഭിച്ചതും കരിപ്പൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം സജീവമാക്കി.
കരിപ്പൂരിലേക്ക് ഇതുവരെ സർവീസില്ലാതിരുന്ന ജസീറ എയർവേയ്‌സ് കുവൈത്തിൽനിന്ന് 144 പ്രവാസികളുമായാണ് ഇന്നലെ എത്തിയത്. 14 ജില്ലകളിൽ നിന്നുള്ള 143 യാത്രക്കാരും ഒരു ലക്ഷദ്വീപ് സ്വദേശിയുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഈ വിമാനത്തിലെത്തിയ ഒരു കോഴിക്കോട് സ്വദേശിയെ വിദഗ്ധ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം 23, കണ്ണൂർ 11, കാസർകോട് 12, കോഴിക്കോട് 17, എറണാകുളം 10, പാലക്കാട് നാല്, വയനാട് ഒന്ന്, തൃശൂർ 15, ആലപ്പുഴ ഏഴ്, കോട്ടയം നാല്, പത്തനംതിട്ട അഞ്ച്, ഇടുക്കി മൂന്ന്, കൊല്ലം 14, തിരുവനന്തപുരം 17 എന്നിങ്ങനെയാണ് വിമാനത്തിലുണ്ടായിരുന്ന വിവിധ ജില്ലക്കാർ. ഇവരിൽ ലക്ഷദ്വീപ് സ്വദേശി ഉൾപ്പെടെ 143 പേരെ വിവിധ സർക്കാർ കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റി.