Sorry, you need to enable JavaScript to visit this website.

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ആറ് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു; മൂന്ന് പേര്‍ക്കെതിരെ കേസ്

നൈനിറ്റാള്‍- ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ആറുവയസുകാരി പാമ്പിന്റെ കടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് എതിരെ കേസെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം . പെണ്‍കുട്ടി കുടുംബത്തോടൊപ്പം ക്വാറന്റൈന്‍ കേന്ദ്രത്തിലെ തറയിലാണ് കിടന്നുറങ്ങിയതെന്നും അപ്പോഴാണ് പാമ്പ് കടിച്ചതെന്ന് നൈനിറ്റാള്‍ ജില്ലാ മജിസ്‌ട്രേറ്റ് സവിന്‍ ബന്‍സാല്‍ പറഞ്ഞു.ഇതേതുടര്‍ന്ന് കുട്ടിയെ ബെതാല്‍ഘട്ടിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബേതല്‍ഘട്ടിലെ തല്ലിസേതി ഏരിയയിലെ ഒഴിഞ്ഞുകിടന്ന സ്‌കൂള്‍ കെട്ടിടമാണ് ക്വാറന്റൈന്‍ സെന്ററാക്കിയത്.

ഈ കെട്ടിടത്തിന് ചുറ്റും കുറ്റിക്കാടുകള്‍ പടര്‍ന്നിരിക്കുന്നതിനാല്‍ പാമ്പ് ശല്യമുണ്ടെന്ന് ക്വാറന്റൈനില്‍ കഴിയുന്നവര്‍ നേരത്തെ തന്നെ സബ് ഇന്‍സ്‌പെക്ടര്‍ രാജ്പാല്‍ സിങ്ങിന് പരാതി നല്‍കിയിരുന്നുവെങ്കിലും അവഗണിക്കുകയായിരുന്നു. ഇതിന് ശേഷമാണ് പെണ്‍കുട്ടിയ്ക്ക് പാമ്പ് കടിയേറ്റത്.

ഇതേതുടര്‍ന്ന്  സബ് ഇന്‍സ്‌പെക്ടര്‍ (റവന്യൂ) രാജ്പാല്‍ സിങ്, വില്ലേജ് ഡവലപ്പ്‌മെന്റ് ഓഫീസര്‍ ഉമേഷ് ജോഷി,അസിസ്റ്റന്റ് ടീച്ചര്‍ കരണ്‍ സിങ് എന്നിവര്‍ക്ക് എതിരെ ഐപിസി 304 എ  അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും മജിസ്‌ട്രേറ്റ് അറിയിച്ചു.ദല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയതായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം. ഇതേതുടര്‍ന്നാണ് ഇവരെ സ്‌കൂള്‍ കെട്ടിടത്തില്‍ ക്വാറന്റൈന്‍ ചെയ്തത്.
 

Latest News