റൊട്ടി വേണ്ട പൂരി വേണം; ക്വാറന്റൈന്‍ കേന്ദ്രത്തിലെ സംഘര്‍ഷത്തില്‍ നാലു പോലിസുകാര്‍ക്ക് പരിക്ക്

പാട്‌ന- ബിഹാറിലെ കുടിയേറ്റ തൊഴിലാളികളുടെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ നാലു പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. നളന്ദയിലെ ബിന്ദ് പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് തലക്കും മറ്റും പരിക്കേറ്റത്. ഇതേതുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കത്രാഹിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് സംഭവം. നിലവാരമുള്ള ഭക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ക്വാറന്റൈനിലുള്ളവര്‍ പ്രശ്‌നമുണ്ടാക്കിയത്.മുളവടികളും കല്ലുകളും കൊണ്ടാണ് ഇവര്‍ അക്രമിച്ചതെന്നാണ് പോലിസ് ഭാഷ്യം.

121 ഓളം പേരാണ് ക്വാറന്റൈന്‍ കേന്ദ്രത്തിലുള്ളത്. തങ്ങളുടെ ഉച്ചഭക്ഷണത്തില്‍ റൊട്ടിക്ക് പകരം പൂരി വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. തൊട്ടടുത്ത ഗ്രാമങ്ങളിലുള്ള നൂറോളം പേര്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ പ്രകോപിപ്പിച്ചതായും എസ്പി നിലേഷ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ ചിലര്‍ക്ക് എതിരെ പോലിസ് കേസെടുത്തിട്ടുണ്ട്.

എന്നാല്‍ കത്രാഹിയിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് നളന്ദ പോലിസ് പറയുന്നു. ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് മോശം സൗകര്യങ്ങളും സംവിധാനങ്ങളുമാണ് അധികൃതര്‍ നല്‍കുന്നത്. ഇതേതുടര്‍ന്നാണ് പ്രകോപനങ്ങളുണ്ടാകുന്നതെന്നും പോലിസ് പറഞ്ഞു.കഴിഞ്ഞ ദിവസങ്ങളില്‍ ബിഹാറിലെ രണ്ട് ഡസനിലധികം ജില്ലകളില്‍ ക്വാറന്റൈനിലുള്ള തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
 

Latest News