Sorry, you need to enable JavaScript to visit this website.

ആർദ്രതയുടെ ഉറവകൾ നിറഞ്ഞൊഴുകട്ടെ

ആർദ്രത മാനവ കുലത്തിന്റെ ഏറ്റവും പ്രോജ്വലമായ വികാരമാണ്. സാമൂഹ്യ ജീവിയായ മനുഷ്യന് ആർദ്രത എന്ന മഹത്തായ വികാരത്തിന്റെ അഭാവത്തിൽ ഈ ലോകത്ത് ജീവിക്കാനാവില്ല എന്നതാകും ശരി. കാരണം കരുണ, ദയ, ആർദ്രത, സ്‌നേഹം, സഹകരണം തുടങ്ങിയ അമൂല്യ വികാരങ്ങളാണ് പ്രശ്‌ന സങ്കീർണമായ ഭൗതിക ലോകത്ത് മനുഷ്യ ജീവിതം സമാധാനപൂർണമാക്കുന്നത്. അതുകൊണ്ട് തന്നെ പശിയടക്കാൻ ചത്ത പട്ടിയെ ഭക്ഷിക്കുന്നതു പോലുളള ദുരന്ത വാർത്തകളൊന്നും മനുഷ്യ മനസ്സിന്  താങ്ങാൻ കഴിയുന്നതല്ല. 
ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ ധാരാളമാളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിത്യവും മരിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നത് ആർക്കും പുതിയ വിവരമല്ല. പട്ടിണിയും പരിവട്ടവുമായി ജീവിതം വഴിമുട്ടിയ മനുഷ്യക്കോലങ്ങൾ സൃഷ്ടിക്കുന്ന സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക പ്രതിസന്ധികൾ ഒരു ഭാഗത്ത് രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴാണ് ഒരശനിപാതം കണക്കേ കൊറോണ വൈറസ് ലോകത്തിന്റെ സാമ്പത്തിക നില തകിടംമറിച്ചത്. ഇതോടെ ജോലിയും കൂലിയുമില്ലാത്ത ലക്ഷക്കണക്കിനാളുകളുടെ ജീവിത മാർഗമാണ് ചോദ്യചിഹ്നമായി മാറിയത്. വികസിത വികസ്വര രാജ്യങ്ങളൊക്കെ പകച്ചുനിൽക്കുന്ന അതിസങ്കീർണമായ സ്ഥിതിവിശേഷം. 
ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകലം ക്രമാതീതമായി വർധിക്കുകയും ധനികർ കൂടുതൽ ധനികരായും ദരിദ്രർ കൂടുതൽ ദരിദ്രരായും മാറുന്ന സമകാലിക സാമൂഹ്യ ക്രമത്തിൽ ആർദ്രതയുടെ മാനുഷികവികാരങ്ങൾക്ക് വർധിച്ച പ്രാധാന്യമാണുള്ളത്. 
പണമാണ് ആധുനിക ലോകമനുഭവിക്കുന്ന മിക്ക പ്രശ്‌നങ്ങൾക്കും കാരണം. പണം വിനിമയം ചെയ്യപ്പെടാതെ ചില വ്യക്തികളിലും സ്ഥാപനങ്ങളിലും കുന്നുകൂടുമ്പോൾ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാവുകയാണ്. പണത്തിന്റെ ശരിയായ ആദാനപ്രദാനങ്ങളിലുടെ മാത്രമേ സാമ്പത്തിക രംഗത്തെ അസമത്വങ്ങൾ അവസാനിക്കുകയുളളൂ. സമ്പത്ത് പരിമിതമായ ചിലരിൽ മാത്രം കേന്ദ്രീകരിക്കപ്പെടാതെ സമൂഹത്തിലെ മുഴുവൻ വ്യക്തികളിലും ശരിയായ രീതിയിലൂടെയുള്ള ക്രയവിക്രയങ്ങളാൽ സജീവമാകുമ്പോഴാണ് സമൂഹത്തിൽ വളർച്ചയുണ്ടാകുന്നത്. മാത്രമല്ല, പണമാണ് പരമപ്രധാനമെന്ന തെറ്റായ ചിന്താഗതിക്ക് പകരം മാനവികതയും മനുഷ്യത്വവും അംഗീകരിക്കപ്പെടുന്നതോടെ സാമൂഹ്യ പരിസരം മെച്ചപ്പെടുകയാണ് ചെയ്യുക. 
ആർദ്രതയുടെ ശക്തമായ അരുവികളാണ് ഗൾഫ് പ്രവാസ ഭൂമിയുടെ ഊഷരതയെ എന്നും ഉർവരമാക്കിയത്. നാട്ടിലെ ഒട്ടുമിക്ക സംരംഭങ്ങളും പ്രവാസികളുടെ ആർദ്രതയുടെ ജീവിക്കുന്ന തെളിവുകളാണ്. പ്രവാസ ലോകത്തെ സ്വദേശികളുടെയും വിദേശികളുടെയും ആർദ്രതയുടെ ഉറവകൾ ശക്തമായ നീരൊഴുക്കായി നിലനിൽക്കുന്നതുകൊണ്ടാണ് പല വികസിത രാജ്യങ്ങളുമനുഭവിക്കുന്ന തരത്തിലുള്ള സാമൂഹ്യ പ്രതിസന്ധി ഗൾഫ് മേഖലയിൽ ഇല്ലാത്തത്. 
ജീവിതം ധന്യമാകുന്നത് തങ്ങളെക്കൊണ്ട് മറ്റുള്ളവർക്ക് എന്തെങ്കിലും പ്രയോജനമുണ്ടാകുമ്പോഴാണ്. അതുകൊണ്ട് തന്നെ കൂടപ്പിറപ്പുകളുടെ ക്ഷേമവും സമാധാനപൂർണമായ ജീവിതവും ഓരോ പ്രവാസിക്കും പ്രധാനമാണ്. കൊറോണ വ്യാപനത്തെ തുടർന്നുള്ള വൈവിധ്യമാർന്ന പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും സഹജീവികളെ സംരക്ഷിക്കുവാനും പരിചരിക്കുവാനും സജീവമായ പ്രവാസി സമൂഹം മനുഷ്യ സ്‌നേഹത്തിന്റെ വേറിട്ട മാതൃകയുടെ ചരിത്രമാണ് രചിക്കുന്നത്. 
വൈദ്യപരിചരണം ആവശ്യമുള്ളവർക്ക് ചികിൽസ, മാറ്റിത്താമസിപ്പിക്കേണ്ടവർക്ക് ക്വാറന്റൈൻ സൗകര്യങ്ങൾ, ഭക്ഷണമാവശ്യമുള്ളവർക്ക് ഭക്ഷണവും മറ്റു അത്യാവശ്യ സാധനങ്ങളുമൊക്കെ മുടക്കമില്ലാതെ എത്തിച്ച് ആർദ്രതയുടെ ജീവിക്കുന്ന മാതൃകകളാകുന്ന പ്രവാസി സംഘടനകളെയും പ്രവർത്തകരെയും എത്ര പ്രശംസിച്ചാലും മതിയാവില്ല. സ്വന്തം ജീവൻ പോലും അപായപ്പെടുത്തിയാണ് പലരും ഇത്തരം സേവനങ്ങൾക്കിറങ്ങുന്നത്. സ്വന്തം സുരക്ഷ പരിഗണിച്ച് ഓരോരുത്തരും തങ്ങളുടെ മാളങ്ങളിലേക്ക് ഒതുങ്ങിയാൽ അശരണരായ ആയിരങ്ങളുടെ നിലവിളികളാരാണ് കേൾക്കുക എന്ന ചോദ്യമാണ് സേവന രംഗത്തെ സജീവമാകുന്ന മനുഷ്യ സ്‌നേഹികളെ ഈ രംഗത്ത് പിടിച്ചുനിർത്തുന്നത്. 
ഗൾഫ് രാജ്യങ്ങളൊക്കെ ജീവകാരുണ്യ പ്രവർത്തന രംഗത്തും ആതുര പരിചരണങ്ങളിലുമൊക്കെ ശഌഘനീയമായ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നത്. പലപ്പോഴും സ്വദേശി, വിദേശി വ്യത്യാസമില്ലാതെ മനുഷ്യൻ എന്ന പരിഗണനയിലാണ് സേവനങ്ങളൊക്കെ നൽകുന്നത്. എങ്കിലും പ്രശ്‌നത്തിന്റെ ആഴവും പരപ്പും ഏത് സൗകര്യങ്ങളും അപര്യാപ്തമാക്കുന്ന സന്ദർഭങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ പ്രാധാന്യവും സാധ്യതയുമേറെയാണ്. 
പ്രശ്‌നങ്ങൾ വിചാരിച്ചതിലും നീണ്ടുപോകുമ്പോൾ ആശങ്കകളൊഴിയുന്നില്ല. സഹായമാവശ്യമുള്ളവരുടെ എണ്ണം അനുദിനം വർധിക്കുകയും സേവന രംഗത്തുള്ളവർ കൂടുതൽ ക്ഷീണിക്കുകയും ചെയ്യുമ്പോൾ എല്ലാ കോണുകളിൽനിന്നുമുള്ള ആർദ്രതയുടെ വറ്റാത്ത നീരുറവകൾ നിറഞ്ഞൊഴുകണം. 
ശാരീരികമായും സാമ്പത്തികമായും സഹായിക്കാൻ കഴിയാത്തവർ മുഴുവൻ മാനസികമായി ഐക്യപ്പെടുകയും പ്രതീക്ഷയുടെയും പ്രത്യാശയുടെയും പ്രാർഥനാ നിർഭരമായ വാക്കുകളും പ്രവൃത്തികളും കൊണ്ട് സാമൂഹ്യ നേതൃത്വത്തെ കരുത്തരാക്കി നിർത്തുകയും ചെയ്യുവാൻ ശ്രദ്ധിക്കണം. മാനവ രാശിയുടെ ഐക്യവും ഒത്തൊരുമയും സമഞ്ജസമായി സമ്മേളിക്കുന്ന മനോഹരമായ സന്ദർഭങ്ങളിൽ ഒരു പ്രതിസന്ധിക്കും നമ്മെ തളർത്താനാവില്ല. 
സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വീരേതിഹാസ ചരിത്രങ്ങളാണ് കൊറോണ വൈറസിനെ നേരിടുന്നതിനിടയിൽ പ്രവാസ ഭൂവിൽ പുനർജനിക്കുന്നത്. കറകളഞ്ഞ മനുഷ്യ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മായാത്ത മുദ്രകൾ പതിയുന്ന പൊതുപ്രവർത്തനത്തിന്റെ ഭൂമികയിൽ അലിവിന്റെയും കനിവിന്റെയും അമൂല്യ വികാരങ്ങൾ പതുചരിത്രം അടയാളപ്പെടുത്തുമ്പോൾ സങ്കുചിത മത,,ജാതി, രാഷ്ടീയ ചിന്തകളൊക്കെ അപ്രസക്തമാവുകയും മാനവികത മാത്രം തിളങ്ങി നിൽക്കുകയും ചെയ്യുമെന്നതാണ് പ്രവാസ ലോകത്തുനിന്നുള്ള ഏറ്റവും വലിയ സന്തോഷ വാർത്ത. 

Latest News