Sorry, you need to enable JavaScript to visit this website.
Sunday , July   12, 2020
Sunday , July   12, 2020

പ്രവാസികളുടെ തിരിച്ചുവരവ്: പൊതു സഹായം ഉപയോഗപ്പെടുത്തണം

കോവിഡ് മഹാമാരിയെ നേരിടാൻ കേരളം മാതൃകാപരമായ ഇടപെടൽ ആണ് നടത്തിയത്. അത് രോഗവ്യാപനം തടയാനും മരണം കുറക്കാനും സഹായകമായി. സർക്കാർ നിർദേശങ്ങൾ മുഴുവൻ അനുസരിക്കാൻ മലയാളികൾ കാണിച്ച പ്രബുദ്ധത ഈ വിജയത്തിന്റെ അടിസ്ഥാനമാണ്. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നമ്മുടെ നാട്ടിൽ രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഏറെ നാളത്തെ നിരന്തര ആവശ്യങ്ങൾക്ക് ഒടുവിൽ കേരളത്തിന് പുറത്തുള്ള മലയാളികൾ നാട്ടിലേക്ക് വരാൻ തുടങ്ങി എന്നത് ഈ വർധനയിൽ ഒരു പ്രധാന ഘടകമാണ്. 
രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവർ എന്ന നിലയിൽ രോഗം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. രാജ്യത്ത് രോഗം ആദ്യം റിപ്പോർട്ട് ചെയ്ത സംസ്ഥാനം ആണ് കേരളം എങ്കിലും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടപ്പിലാക്കിയത് ഈ പ്രതിസന്ധി തരണം ചെയ്യാൻ സഹായകമായി. 
മറുനാട്ടിൽ നിന്നും മലയാളികൾ തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സർക്കാർ പല കാരണങ്ങൾ പറഞ്ഞു വൈകിപ്പിക്കുകയായിരുന്നു. അന്യദേശത്ത് ദിനേന രോഗബാധിതരുടെ എണ്ണം കൂടിയതും  കൂടുതൽ പ്രദേശങ്ങളിലേക്ക് രോഗം വ്യാപിച്ചതും അന്യദേശ മലയാളികളുടെ മടക്കത്തിന് ആക്കം കൂട്ടി. 
രണ്ടര ലക്ഷം മലയാളികളെ സ്വീകരിക്കാൻ തയാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും മലയാളികളുടെ വരവ് തുടങ്ങിയതോടെ കാര്യങ്ങൾ മാറി. ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈൻ നിർബന്ധമാണ്, അതിനു മതിയായ സൗകര്യങ്ങൾ ഉണ്ട് എന്ന് പറഞ്ഞ സർക്കാർ തന്നെ ഹോം ക്വാറന്റൈൻ മതി എന്ന് പറയുന്ന രീതിയിൽ കാര്യങ്ങൾ മാറി. അന്യസംസ്ഥാനത്ത് നിന്ന് വരുന്നവരുടെ പാസുമായും യാത്രാ സൗകര്യങ്ങളുമായും ബദ്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉണ്ടായി. 
350 ൽ അധികം ശ്രമിക് ട്രെയിനുകൾ വിവിധ സംസ്ഥാനങ്ങളിലക്ക് സർവീസ് നടത്തിയതിൽ ഒന്നും മലയാളികളെ വഹിച്ചു വന്നില്ലെന്നത് സർക്കാറിനെ പരുങ്ങലിൽ ആക്കി. 
ഇതിനിടയിൽ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും ഒരുക്കിയ വാഹന സൗകര്യങ്ങൾ ഉപയോഗിച്ച് പലരും നാടണഞ്ഞു. കേരളത്തിലേക്ക് ശ്രമിക് ട്രെയിൻ സർവീസ് തുടങ്ങിയെങ്കിലും മനസ്സില്ലാ മനസ്സോടെയാണ് സർക്കാർ കാര്യങ്ങൾ ചെയ്യുന്നത് എന്നാണ് വിലയിരുത്തൽ. പല ട്രെയിനുകൾക്കും ഇപ്പോഴും കേരളം അനുമതി നൽകിയിട്ടില്ല. മുന്നൊരുക്കങ്ങൾക്ക് സമയം വേണം എന്നാണ് ഇപ്പോഴും പറയുന്നത്. അപ്പോൾ ലക്ഷക്കണക്കിന് മലയാളികളെ സ്വീകരിക്കാൻ തയാറാണ് എന്ന് പറഞ്ഞത് എന്തിനായിരുന്നു.
പ്രവാസികളുടെ കാര്യത്തിലും ഈ മനോഭാവം തുടരുകയാണ്. ഇതുവരെ പതിനായിരത്തിൽ താഴെ മാത്രം പ്രവാസികൾ മാത്രമാണ് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയത്. നാല് ലക്ഷത്തിൽ അധികം മലയാളികൾ ആണ് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നത് എന്നാണ് കണക്ക്. ഈ നിലയിൽ ആണെങ്കിൽ ഇവർ നാടണയായൻ ഇനിയും മാസങ്ങൾ എടുക്കും. ഇപ്പോൾ തന്നെ 200 ഓളം മലയാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചു. മരണ സംഖ്യ ദിനേന ഭീതിദമായി ഉയരുകയാണ്. ആരുമില്ലാത്തവരായി മലയാളികൾ മാറുന്നുവോ. അനാഥത്വം മലയാളികളെ വേട്ടയാടുന്നുണ്ട്. മരിക്കുന്നവരുടെ പ്രായം 40 നും 60 നും ഇടക്ക് ആണ് എന്നതും വല്ലാതെ വേദനിപ്പിക്കുന്നു. നിരവധി കുടുംബങ്ങളുടെ ഏക പ്രതീക്ഷയാണ് വിദേശങ്ങളിൽ പൊലിയുന്നത്. സർക്കാർ കണ്ണ് തുറക്കണം.

വിദേശങ്ങളിൽ കുടുങ്ങിയവർക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും നൽകിയത് മലയാളി കൂട്ടായ്മകൾ ആണ്. ടിക്കറ്റ് എടുക്കാൻ പണം കണ്ടെത്തിയതും ഈ കൂട്ടായ്മകൾ തന്നെ. സർക്കാർ നോക്കുകുത്തിയായി നിന്നു. 
ഇപ്പോഴും അത് തുടരുന്നു. കേരളം തയയ്യാറാണെങ്കിൽ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് ദിനേന  ഫ്‌ളൈറ്റുകൾ സർവീസ് നടത്താൻ തയാറാണ് എന്ന് കേന്ദ്ര സർക്കാർ പറയുന്നു. ചാർട്ടേഡ് ഫ്‌ളൈറ്റുകൾക്ക് സന്നദ്ധത അറിയിച്ച് പ്രവാസി മലയാളി സമൂഹം സർക്കാറിന്റെ കനിവും കാത്തിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. കേന്ദ്രം പറയുന്നത് കേരളത്തിൽ നിന്നും അനുകൂലമായ സമീപനം ലഭിച്ചിട്ടില്ല എന്നാണ്. സർക്കാർ ഇനിയും പിടിവാശി വെടിയണം. മുഴുവൻ മലയാളികളുടെയും സഹായം തേടണം. 
ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാറിന് സാധ്യമല്ല. സർക്കാർ കെട്ടിടങ്ങൾ മിക്കവാറും വൃത്തിഹീനവും കൃത്യമായി മെയിന്റനൻസ് ചെയ്യാത്തതും ആണ്. അത്‌കൊണ്ട് ആണ് പലപ്പോഴും പരാതികൾ ഉയർന്നത്. ഇതിന് പരിഹാരം കാണണം. 
കേരളത്തിൽ ആയിരക്കണക്കിന് സ്വകാര്യ സ്ഥാപനങ്ങൾ ഉണ്ട്. മത സംഘടനകൾ ആണ് ഇവ മിക്കതും നടത്തുന്നത്. അത് വിട്ടുതരാൻ അവർ തയാറാണ്. അവിടെ ക്വാറന്റൈൻ സൗകര്യം ഒരുക്കുക. സ്വകാര്യ ആശുപത്രികൾ കൂടി കോവിഡ് ചികിത്സക്ക് ഉപയോഗിക്കുക. മറുനാട്ടിൽ നിന്ന് വരാൻ താൽപര്യമുള്ള മുഴുവൻ മലയാളികളെയും എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കുക.
 അവരെ ഹോം ക്വാറന്റൈൻ അല്ലെങ്കിൽ ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈൻ ചെയ്യുക. രോഗം ഉള്ളവരെ ചികിത്സിക്കുക. മലയാളികളുടെ വിയർപ്പിന്റെ ഫലമാണ് നമ്മുടെ നാടിന്റെ മുഴുവൻ നന്മകളും. അത് ഉപയോഗപ്പെടുത്തേണ്ട ഈ പ്രതിസന്ധി ഘട്ടത്തിൽ അവർക്കത് നിഷേധിക്കുന്നത് ക്രൂരതയാണ്. 
സർക്കാർ ഇനിയും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ നൂറുകണക്കിന് മലയാളികളുടെ മരണത്തിന് കാരണക്കരായി ചരിത്രം ഈ സർക്കാറിനെ രേഖപ്പെടുത്തും. വൈകിയെങ്കിലും സർവകക്ഷി യോഗം വിളിച്ചത് സ്വാഗതാർഹമാണ്. 
അതുപോലെ കേരളത്തിൽ ലഭ്യമാകുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ അധികാരികളുമായി ആശയവിനിമയം നടത്തി ആവശ്യമായ സഹായം തേടണം. രാഷ്ട്രീയ ഭേദെമന്യേ മുഴുവൻ മലയാളികളുടെയും സഹായം കൊണ്ട് മാത്രമേ ഈ മഹാമാരിയെ നേരിടാൻ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവ് ഇനിയെങ്കിലും സർക്കാറിന് ഉണ്ടാവണം. കേരളീയ സമൂഹം അതിനായി സമ്മർദം ചെലുത്തണം. അത് ഓരോ കേരളീയന്റെയും ബാധ്യതയാണ്. നമ്മുടെ സഹോദരങ്ങൾ വിദേശങ്ങളിൽ മരിച്ചു വീഴുമ്പോൾ വീട്ടിൽ സമാധാനത്തോടെ ഇരിക്കാൻ മനഃസാക്ഷിയുള്ള മലയാളിക്കാവില്ല.
 

Latest News