Sorry, you need to enable JavaScript to visit this website.

കരയുന്ന കുഞ്ഞും നേതാവിന്റെ 'സ്‌കോറും'

'കരയുന്ന കുഞ്ഞിനേ പാലുള്ളൂ' എന്ന് പഴഞ്ചൊല്ല്. പഴയതല്ലേ എന്നു പറഞ്ഞു തള്ളിക്കളയാൻ വരട്ടെ. രാവിലെ കണ്ണു തുറന്നാൽ രാത്രി കണ്ണടയും വരെ  ധീരമായി വിമർശിച്ചു പോരുന്ന ദേഹമാണ് ബംഗാളിലെ മമതാ ദീദി. പുരുഷന്മാരായ അന്യസംസ്ഥാന മുഖ്യന്മാർ ഏഴയലത്തു പോലും വരില്ല. മോഡിക്കു തിരിച്ചു ദീദിയോടും നിലപാട് അതു തന്നെ. ബംഗാളെന്നൊരു സംസ്ഥാനമുള്ളതായി പോലുമില്ല ഭാവം. എന്നിട്ടോ? 'അംഫാൻ' ചുഴലിക്കാറ്റ് വന്നപ്പോൾ 'കൊല്ലനും കൊല്ലത്തിയും ഒന്നായി' എന്നു പറഞ്ഞതു പോലായി. മോഡിയദ്ദേഹം ഒന്നിങ്ങോട്ടു വന്ന് ഇതൊന്നു കാണണം എന്ന് പറഞ്ഞ് ഒറ്റക്കരച്ചിലായിരുന്നു ദീദി. പ്രധാനമന്ത്രി പറന്നു. പതിനൊന്നു മണിക്ക് കൊൽക്കത്തയിൽ വിമാനമിറങ്ങുമ്പോൾ ബൊക്കെക്കു പകരം കണ്ണുനീരുമായി ഗവർണറും ദീദിയും. മോഡി ആനന്ദക്കണ്ണീരടക്കാൻ തോളിൽ ചുറ്റിയിരുന്ന ഷാളിനെ അടുത്ത മുഖാവരണമാക്കി. കഴിഞ്ഞ ദിവസം അർധരാത്രി വരെ കീരിയും പാമ്പുമായിരുന്നു ജഗദീപൻ ഗവർണറും മമതാ മുഖ്യമന്ത്രിയും. നേരിട്ടു കിട്ടാത്ത പക്ഷം ഫോണിലൂടെയെങ്കിലും ഗവർണറെ ഒന്നു വിരട്ടാതെ ഇക്കഴിഞ്ഞ കാലമത്രയും ദീദി ഉറങ്ങിയിട്ടില്ല. ഇപ്പോൾ ആപത്തുകാലം. ഇരുവരും ഒന്നിച്ച് എയർപോർട്ടിൽ! മോഡി മുഖം തുടച്ചു.
അടുത്തതായി കാണുന്നത് ഹെലികോപ്റ്ററിന്റെ അകത്തെ ദൃശ്യം. മോഡി ഔർ ദീദി മാത്രം. 'കോവിഡ് അകലം' അളന്നു പാലിച്ച് ജാലകത്തിലൂടെ നാശനഷ്ടങ്ങൾ കാണുകയാണ്. ഒന്നും മനസ്സിലാക്കാൻ കഴിയുന്ന പൊക്കത്തിലല്ല. മുഖാവരണങ്ങൾ ഒന്നിനു മീതെ ഒന്നായതിനാൽ മുഖഭാവങ്ങൾ സൂക്ഷ്മദർശിനിയിലൂടെ നോക്കിയാലും ആർക്കും കാണാനാകില്ല. ഇരിപ്പു കണ്ടാൽ വർഷങ്ങളായി തമ്മിൽ ഉരിയാടാത്ത അയൽവീട്ടുകാരാണെന്നു തോന്നും. അതാണ് നല്ലതും! വ്യോമ സന്ദർശനം കഴിഞ്ഞ് ഗ്രൗണ്ടിൽ ഇറങ്ങിയ പാടെ മമതാ ദീദി വീണ്ടും കണ്ണുകളിൽ കൈലേസു ചേർത്തു. ലക്ഷം കോടി രൂപയുടെ നാശനഷ്ടങ്ങളാണെന്നു ദീദിയുടെ നീട്ട്. ചെറിയ 'നോട്ട് പാഡിൽ' കുറിച്ചെടുത്ത് കണ്ണുമടച്ചു രണ്ടു പൂജ്യം വെട്ടിക്കളഞ്ഞ് മോഡി ആയിരം കോടി ധനസഹായം പ്രഖ്യാപിച്ചു. ദീദി പൊട്ടിയല്ല. അത് പാക്കേജാണോ, ഒന്നാം ഗഡുവാണോ എന്നു വ്യക്തമാക്കണമെന്നു പുതിയ ഡിമാന്റ് (ഇക്കാലത്ത് വ്യക്തത പോരാത്ത രണ്ടു മുഖ്യരേയുള്ളൂ, മറ്റേയാൾ കേരള മുഖ്യനാണ്). ദീദിക്കു കാര്യം പിടികിട്ടാതിരിക്കാനായി 'ഇടക്കാലാശ്വാസമാണ്' എന്ന് മോഡിജി മലയാളത്തിൽ പറഞ്ഞുവെന്ന് ചില വിദ്വാന്മാരും പാണന്മാരും പാടിനടക്കുന്നുണ്ട്. 'ആപത്തിൽ സഹായിക്കുന്നവനാണ് യഥർഥ മിത്രം' എന്ന ചൊല്ലെങ്ങാനും ദീദിയുടെ ശ്രദ്ധയിൽ പെട്ടാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയാൻ ഗന്ധർവന്റെ സിനിമയിൽ പറഞ്ഞതു പോലെ 'നിമിഷാർധം പോലും വേണ്ടിവരില്ല'. 'അംഫാൻ' ചുഴലിക്കാരന്റെ അപ്ഫനും അമ്മച്ചിയും ഒഡീഷയിൽ നിന്നായിട്ടു പോലും ദീദിക്കു കൊടുത്തതിന്റെ പകുതി തുകയേ മോഡി നിതീഷ് കുമാറിനു വെച്ചുനീട്ടിയുള്ളൂ. സൂക്ഷിക്കണം, ഒരു പുതിയ സഖ്യമല്ലെങ്കിൽ ധാരണയെങ്കിലും കിളിർത്തു തുടങ്ങാനുള്ള കാലാവസ്ഥയാണെന്ന് ജന്മനാ ദുർബലരായ പ്രതിപക്ഷം ഭയക്കുന്നുണ്ട്!
****           ****              ****

ആവർത്തനം ആവണക്കെണ്ണ പോലെ വിരസതയുണ്ടാക്കുമെങ്കിലും പറയാതെ വയ്യ. ഒരു റെജി തോമസ് എന്ന മലയാളിപ്പയ്യൻ വളരെ കഷ്ടപ്പെട്ട് ഏണിവെച്ചു കയറിയതാണ് 'സ്പ്രിംഗഌ' എന്ന് ഏതു കൊച്ചുകുഞ്ഞിനും അറിയാവുന്ന ആ കമ്പനി. കേരളത്തിലെ മലയാളികളെ പലരും 'ഞണ്ടി'നോട് ഉപമിച്ചിട്ടുണ്ട്. ഒരുവൻ ടിന്നിന്റെ തുറന്ന മൂടിയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചാൽ അകത്തെ മറ്റൊരു ഞണ്ട് അവനെ വലിച്ചു താഴേക്കിടും. 'എന്നു നിന്റെ മൊയ്തീൻ' തുടങ്ങി രണ്ടു മൂന്നു പടങ്ങളെടുത്തതു പോലും ടിയാൻ, തന്നെ 'അമേരിക്കൻ സർവനാമ'ത്താൽ വിളിക്കുന്നത് ഒഴിവാക്കാനാണ്. അങ്ങോരുടെ കമ്പനിയുടെ പോക്കറ്റിൽ അഞ്ചു ലക്ഷം പേരുടെ വിവരങ്ങൾ ഉണ്ടത്രേ! എല്ലാം 'കോവിഡ്' ആണെന്നു സംശയാസ്പദം! സംഗതി അറിഞ്ഞ ശേഷം പ്രതിപക്ഷ നേതാവ് രമേശ്ജി നേരേ ചൊവ്വേ ഉണ്ടിട്ടില്ല, ഉറങ്ങിയിട്ടുമില്ല! സർക്കാറുമായുള്ള കരാർ വിവരങ്ങൾ മുഖ്യൻ മിണ്ടുന്നില്ല. ചോദ്യം ചോദിച്ചാൽ 'അരിയെത്ര' പയറഞ്ഞാഴി' എന്ന മട്ടിൽ മറുപടി. ഒരു അമേരിക്കൻ കമ്പനി നമ്മുടെ വ്യക്തിപരമായ വിശദ കാര്യങ്ങൾ അടിച്ചെടുക്കുക! അരഞ്ഞാണവും മണിപേഴ്‌സും രക്തഗ്രൂപ്പുമെല്ലാം അവർ മനഃപാഠമാക്കുക. ..... 'അരിശം തീരാഞ്ഞിട്ട് പുരയുടെ ചുറ്റും മണ്ടി നടന്ന ശേഷം നേരേ ഹൈക്കോടതിയിലേക്കു പാഞ്ഞു. മുഖ്യൻ 'ഛടപടേ'ന്ന് കരാർ കട്ട് ചെയ്ത് എഡിറ്റ് ചെയ്തു പാക്കപ്പ് പറഞ്ഞ് സത്യവാങ്മൂലവും നൽകി. സി-ഡിറ്റ് വിവര സാങ്കേതിക മേഖലയിലെ കൊട്ടാര വിപ്ലവം' എന്ന് കേരളത്തിന്റെ ഭാവി ചരിത്രത്തിൽ പിണറായി വിരോധികൾ എഴുതിവെക്കും. 'അമേരിക്കൻ കമ്പനി' എന്ന്, ചിന്തിക്കാതെ ചെന്നിത്തല പറയുന്ന ഏർപ്പാടും നിർത്തണം. ശശി തരൂർ തിരുവനന്തപുരത്ത് തല കാട്ടിയപ്പോൾ 'ദൽഹി നായരെ'ന്നും ഇംഗ്ലണ്ടു നായരെ'ന്നുമൊക്കെ കളിയാക്കിയ 'പെരുന്നയിലെ പോപ്പുമായുള്ള സഹവാസം കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. എഴുപത്തഞ്ചു പിന്നിട്ട പിണറായി വിജയൻ നമ്മുടെ പഴയ ഒരു ഇന്ത്യൻ അംബാസഡറോളം കുനിഞ്ഞില്ല എന്നും ഓർക്കണം. അങ്ങോർ അമേരിക്കൻ പ്രസിഡന്റിന്റെ മദറിന്റെ പാദരക്ഷകളുടെ അളവെടുക്കാനാണ് നോട്ട് പാഡുമായി മുട്ടുകുത്തിയിരുന്നത്.
****                 ****                 ****

മുല്ലപ്പള്ളിയുടെ കഷ്ടകാലം എന്നു തീരുമെന്ന് പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അറിയാൻ കഴിയില്ല. ഇന്ദിരാ ഭവനിൽ വാണവർ ആരും കാലാവധി തികച്ച ചരിത്രം കേട്ടിട്ടില്ല. മുമ്പ് പ്രസിഡന്റായിരുന്ന കെ. മുരളീധരൻ വൈദ്യുതി മന്ത്രിയാകാനാണ് എടുത്തുചാടി പുറപ്പെട്ടത്. പിന്നീടുണ്ടായ 'ഷോക്കും' മറ്റും നട്ടുകാർക്കറിയാം. ചെന്നിത്തലയും അതേ വഴിക്കു വെച്ചുപിടിച്ചു. ആഭ്യന്തരമാണ് എടുത്തു തലയിൽ വെച്ചത്. വേലിയിലിരുന്ന പാമ്പിനെ എടുത്തുവെച്ചു കൊടുത്തത് ചങ്ങനാശ്ശേരിയിലെ സമുദായ പോപ്പും! 'താക്കോൽ സ്ഥാന'ത്തിരിക്കുന്നതിന്റെ റിഹേഴ്‌സലായിരുന്നു. ആ ഇരിപ്പിൽ എവിടെയൊക്കെ മുറിവു പറ്റി എന്നു ചെന്നിത്തലക്കേ അറിയൂ. മുല്ലപ്പള്ളി സ്ഥാനാരോഹണം ചെയ്ത നാൾ തൊട്ട്, ഓരോരുത്തരായി വരിവരിയായി വന്നെത്തിയാണ് നിഷേധം. അദ്ദേഹം കോഴിക്കോട്ടുനിന്ന് ഒരു പ്രസ്താവന ചെയ്യുമ്പോൾ മുരളീധരൻ ദില്ലിയിൽനിന്ന് മറ്റൊന്നു പ്രസ്താവിക്കും. ചെന്നിത്തലയുടെ വക മറ്റൊന്ന്. ഇത്രയുമാകുമ്പോൾ പുതുപ്പള്ളിയിൽനിന്ന് ഉമ്മൻ ചാണ്ടി വക ഒരെണ്ണം വിക്ഷേപിക്കാതെ കഴിയില്ല. ഇതെല്ലാം സഹിക്കാം. ഊമക്കത്തു പോലെയും വൈറസ് ബാധ പോലെയും പ്രസിഡന്റിനെതിരെ പടർന്നു പിടിക്കുകയാണ് വാൾ പോസ്റ്റുകൾ എന്നാണ് മുല്ലപ്പള്ളിയുടെ വിശേഷം. ഈ അടുത്ത കാലത്തു തന്നെ, സ്‌കൂൾ തുറക്കണോ വേണ്ടയോ എന്ന് കേന്ദ്രവും കേരളവും തമ്മിൽ തർക്കിക്കുന്നതിനിടയിൽ  കെ.എസ്.യുക്കാർ തലസ്ഥാനത്ത് കുത്തിയിരിപ്പു സമരം നടത്തി. കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ല പിള്ളേരുടെ നാടകം എന്ന് തൽക്ഷണം മുല്ലപ്പള്ളി പ്രസ്താവിച്ചു. അല്ലെങ്കിൽ തന്നെ, നേതൃത്വം അറിഞ്ഞിട്ടാണോ മറ്റു നേതാക്കൾ ഒന്നും രണ്ടും മൂന്നുമൊക്കെ പറയുന്നത്? എന്തിനേറെ, പിതൃശൂന്യ പോസ്റ്റുകൾ ഒട്ടിക്കുന്നതിന് അന്യ പാർട്ടിക്കാർ തന്നെ വേണമെന്നുണ്ടോ? സ്വന്തം പാർട്ടിയിൽ തന്നെ അതിനു ധാരാളം പേരുണ്ടല്ലോ?
****                   ****                   ****

ഉമ്മൻ ചാണ്ടി ഇപ്പോൾ തല മുതിർന്ന നേതാവാണ്. ആന്റണി, ആര്യാടൻ തുടങ്ങി സ്വരാക്ഷരങ്ങളിൽ ആദ്യ പേരുള്ളവർ മൗനമോ വാനപ്രസ്ഥമോ തുടങ്ങിക്കഴിഞ്ഞു. 'ഇ' എന്ന രണ്ടാം അക്ഷരനാമം ഉള്ളവർ തൽക്കാലം കോൺഗ്രസിലില്ല, ഭാഗ്യം! പിന്നെ 'ഉ' ആണ്. അ, ആ, ഇ, ഈ, ഉ..... എന്നാണല്ലോ.
അങ്ങനെ ഉമ്മൻ ചാണ്ടിയുടെ തല മുതിർന്നു. മുതിർന്ന ശേഷം വീട്ടിൽ മാസ്‌ക് ധരിച്ചു ഒറ്റയിരിപ്പാണ്. പ്രധാന നേരംപോക്ക് ക്രിക്കറ്റ് കളി. 
പഴയ ചാനൽ, യു ട്യൂബ് പരിപാടികളിൽ ഒട്ടിപ്പിടിച്ചു കഴിയുക. ആ ഭാഷയിലാണ് കുഞ്ഞുഞ്ഞച്ചൻ ആരോഗ്യമേഖലയിൽ കേരളത്തിന്റെ 'സ്‌കോർ' കുറഞ്ഞ കാര്യം കണ്ടുപിടിച്ചത്. കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ 'സ്‌കോർ' എത്രയാണെന്ന് ആരെങ്കിലും ചോദിച്ചാലോ? അദ്ദേഹം വാതുറക്കില്ല. പൂജ്യമാണെന്ന് നിങ്ങൾക്കറിയില്ലേ എന്ന മറുചോദ്യം ഒറ്റ പുഞ്ചിരിയിൽ ഒതുക്കും. അത് നയതന്ത്രം.
 

Latest News