Sorry, you need to enable JavaScript to visit this website.

കോവിഡ് അടുത്ത 12 മുതല്‍ 18 മാസം വരെ  നമുക്കൊപ്പമുണ്ടാകും: പ്രൊഫ. ആശിഷ് ഝാ

ന്യൂദല്‍ഹി-ലോകമെമ്പാടും ഭീതിവിതച്ച് പടര്‍ന്ന് പിടിക്കുന്ന കോവിഡ് അടുത്ത 12 മുതല്‍ 18 മാസം വരെ നമുക്കൊപ്പമുണ്ടാകുമെന്ന് പൊതുജനാരോഗ്യ വിദഗ്ധനും ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫസറുമായ ആശിഷ് ഝാ. അടുത്ത വര്‍ഷത്തോടെ കോവിഡിന് വാക്‌സിന്‍ തയാറാകുമെന്നും ജനസംഖ്യക്ക് ആനുപാതികമായി 60 കോടി വാക്‌സിന്‍ ഡോസുകള്‍ എങ്ങനെ ശേഖരിക്കാമെന്നത് സംബന്ധിച്ച് ഇന്ത്യ ഇപ്പോള്‍ ആസൂത്രണം ചെയ്തു തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ആഗോള മഹാമാരികളെ ഇനിയും അഭിമുഖീകരിച്ചുകൊണ്ടിരിക്കുമെന്നും കോവിഡ് അവസാനത്തേതായി കണക്കാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ യു.എസ്, ചൈനീസ്, ഓക്‌സ്ഫഡ് എന്നിവിങ്ങളില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മൂന്ന് വാക്‌സിനുകള്‍ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും അതില്‍ ഏതു വാക്‌സിനാകും ഫലപ്രദമാകുകയെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 അടുത്തവര്‍ഷം കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ തയാറാകുമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും അതിനാല്‍ വാക്‌സിന്‍ ഫലപ്രദമായാല്‍ അവ എങ്ങനെ ശേഖരിക്കാമെന്നത് സംബന്ധിച്ച പദ്ധതിയില്‍ ഇന്ത്യ ഇപ്പോള്‍ മുതല്‍ ശ്രദ്ധ നല്‍കണമെന്നും ഝാ പറഞ്ഞു.
നിലവിലുള്ളതിനേക്കാള്‍ പരിശോധന ശേഷി വര്‍ധിപ്പിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് വിശ്വാസമെന്നും രോഗലക്ഷണമുള്ള എല്ലാവരെയും പരിശോധനക്ക് വിധേയമാക്കണമെന്നും അപകട സാധ്യതയേറിയ പ്രദേശങ്ങളില്‍ കര്‍ശന നിരീക്ഷണത്തിനായി പദ്ധതി തയാറാക്കുകയും സ്ഥലങ്ങളെ ക്രോഡീകരിച്ച് തരം തിരിക്കുകയും ചെയ്യണമെന്നും ഝാ ഓര്‍മ്മിപ്പിച്ചു.
ചില ആളുകള്‍ കന്നുകാലികളെ ഉപയോഗിച്ച് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് പറയുന്നു. എന്നാല്‍ അത്തരത്തില്‍ സംഭവിച്ചാല്‍ ദശലക്ഷത്തിലധികം പേര്‍ക്ക് രോഗബാധയേല്‍ക്കുമെന്നും നിരവധി പേരുടെ മരണത്തിന് അവ ഇടയാക്കുമെന്നും നമ്മള്‍ രൂപീകരിക്കേണ്ട പദ്ധതി എല്ലാവരെയും സംരക്ഷിച്ചുകൊണ്ടുള്ളതാകണമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News