Sorry, you need to enable JavaScript to visit this website.

എതിര്‍പ്പുകളെ അതിജീവിച്ച് ഗുജറാത്തില്‍  നിന്നുള്ള ആദ്യ ശ്രമിക് ട്രെയിന്‍ കേരളത്തിലെത്തി

കോഴിക്കോട്- കോവിഡും ലോക്ക്ഡൗണും മൂലം ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ മലയാളികളുമായി ആദ്യ ശ്രമിക് ട്രെയിന്‍ കേരളത്തിലെത്തി. ഇന്ന് രാവിലെ 10 മണിയോടെയാണ് സംസ്ഥാനത്തെ ആദ്യ സ്‌റ്റോപ്പായ കോഴിക്കോട് ട്രെയിന്‍ എത്തിയത്.കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ള യാത്രക്കാര്‍ കോഴിക്കോട് സ്‌റ്റേഷനില്‍ ഇറങ്ങി. ഓരോരുത്തരുടെയും പാസും ആരോഗ്യനിലയും പരിശോധിച്ച ശേഷമാണ് സ്‌റ്റേഷനില്‍നിന്ന് പുറത്തുവിട്ടത്. ഇതിനായി 10 കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. യാത്രക്കാര്‍ക്കായി വിവിധ ജില്ലകളിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ആലുവയാണ് അടുത്ത സ്‌റ്റോപ്പ്. ഉച്ചക്ക് 2.05ന് ആലുവയിലെത്തുന്ന ട്രെയിനിന് പിന്നീട് വൈകീട്ട് 6.25ന് തിരുവനന്തപുരത്ത് മാത്രമേ സ്‌റ്റോപ് ഉള്ളൂ.ചൊവ്വാഴ്ച പുലര്‍ച്ച 12.30ന് ഗുജറാത്തിലെ രാജ്‌കോട്ടില്‍നിന്നാണ് രാജ്‌കോട്ട് തിരുവനന്തപുരം ശ്രമിക് എക്‌സ്പ്രസ് പുറപ്പെട്ടത്. പുലര്‍ച്ചെ 4.25ന് അഹമ്മദാബാദ്, രാവിലെ 6.30ന് വഡോദര, രാവിലെ 8.40ന് സൂറത്ത് എന്നിവിടങ്ങളില്‍നിന്ന് യാത്രക്കാരെ കയറ്റി. ഈ നാലുസ്‌റ്റോപ്പുകളില്‍നിന്ന് മാത്രമാണ് യാത്രക്കാരെ കയറ്റിയത്. ഇവര്‍ യാത്ര പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പരിശോധനക്കായി സ്‌റ്റേഷന്‍ പരിസരത്ത് എത്തിയിരുന്നു. പൂര്‍ണമായും സൗജന്യമായാണ് യാത്ര. കൂടാതെ വിവിധ സ്‌റ്റേഷനുകളില്‍വെച്ച് എല്ലാവര്‍ക്കും സൗജന്യ ഭക്ഷണവും വെള്ളവും റെയില്‍വെ ഏര്‍പ്പാടാക്കിയിരുന്നു. ചൊവ്വാഴ്ച വാസായി റോഡ് സ്‌റ്റേഷനില്‍വെച്ച് ഉച്ചഭക്ഷണം, രത്‌നഗിരി സ്‌റ്റേഷനില്‍നിന്ന് രാത്രി ഭക്ഷണം, ഇന്നുപുലര്‍ച്ചെ നാലുമണിക്ക് മംഗളൂരുവില്‍ നിന്ന് പ്രാതല്‍ എന്നിവയാണ് നല്‍കിയത്. തുടര്‍യാത്രക്കാര്‍ക്ക് കോഴിക്കോട് സ്‌റ്റേഷനില്‍നിന്ന് ഉച്ചഭക്ഷണവും നല്‍കി. നേരത്തെ പലകാരണങ്ങളാല്‍ മൂന്നു തവണ ഈ ട്രെയിന്‍ യാത്ര റദ്ദാക്കിയിരുന്നു. റെഡ്‌സോണ്‍ ആയ അഹമ്മദാബാദ് ഒഴിവാക്കി ട്രെയിന്‍ സര്‍വ്വീസ് നടത്താന്‍ ശ്രമിച്ചതും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ശനിയാഴ്ച പുറപ്പെടാനിരുന്ന ട്രെയിന്‍ അവസാന നിമിഷമാണ് ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. നേരത്തെ പ്രഖ്യാപിച്ച ട്രെയിനിന് വാപിയിലും സ്‌റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാല്‍, പുതിയ ട്രെയിനിന് അഹമ്മദാബാദ് സ്‌റ്റോപ്പ് ഉള്‍പ്പെടുത്തിയപ്പോള്‍ വാപി സ്‌റ്റേഷന്‍ ഒഴിവാക്കി.ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി വിദ്യാര്‍ത്ഥികള്‍, കുഞ്ഞുങ്ങള്‍, വയോധികര്‍, ഗര്‍ഭിണികള്‍ തുടങ്ങി 1200 ഓളം പേരാണ് ട്രെയിനിലുള്ളത്. അഹമ്മദാബാദില്‍നിന്ന് രജിസ്റ്റര്‍ ചെയ്ത 1572 പേരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 204 പേര്‍ക്കാണ് യാത്രക്ക് അനുവാദം ലഭിച്ചത്. വിവിധ കാരണങ്ങളാല്‍ ലോക്ഡൗണില്‍ കുടുങ്ങിയ നിരവധി പേര്‍ ഇനിയും കേരളത്തിലേക്ക് മടങ്ങാനുണ്ട്. വൈകാതെ മറ്റൊരു ട്രെയിന്‍ കൂടി ഗുജറാത്തില്‍നിന്ന് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍.
 

Latest News