Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കും; ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

ന്യൂദല്‍ഹി- കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നാലാം ഘട്ട ലോക്ഡൗണ്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക തീരുമാനങ്ങളിലേയ്ക്ക് കടക്കുന്നത്.
കേന്ദ്രമന്ത്രി സഭ ഉപസമിതി കഴിഞ്ഞ ദിവസം വിഷയം ചര്‍ച്ച ചെയ്തിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കേണ്ടന്നാണ് മന്ത്രിസഭ ഉപസമതി തീരുമാനിച്ചത്.
ലോക്ക്ഡൗണ്‍ സംബന്ധിച്ച ഒരു പൊതുമാര്‍ഗ രേഖ മാത്രമായിരിക്കും കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകു എന്നാണ് സൂചന. നാലാംഘട്ട ലോക്ക്ഡൗണിന് സമാനമായി കൂടുതല്‍ ഇളവുകള്‍ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ നല്‍കിക്കൊണ്ടാണ് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടാന്‍ ആലോചിക്കുന്നത്.ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കാനും സാധ്യതയുണ്ട്.എല്ലാ നിയന്ത്രണങ്ങളും നീക്കുന്നതുവരെ രണ്ടാഴ്ച കൂടുമ്പോള്‍ അവലോകനം നടത്താനാണ് കേന്ദ്ര തീരുമാനം. പൊതുഗതാഗതത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനുള്ള തീരുമാനവും അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗരേഖയിലുണ്ടായേക്കും.
അതേസമയം, സ്‌കൂള്‍ തുറക്കല്‍, അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കല്‍ എന്നിവ തുടങ്ങുന്നതിന് കേന്ദ്ര തീരുമാനം നിര്‍ണായകമാകും. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അടുത്ത രണ്ടാഴ്ച കൂടി അനുമതി നല്‍കാനുള്ള സാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
മെട്രോ സര്‍വീസ് പുനരാരംഭിച്ചേക്കാന്‍ സാധ്യതയുണ്ട്. ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ക്ക് അനുമതിയുണ്ടാകില്ല. കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം ചുരുക്കുന്നതിനെക്കുറിച്ചും കേന്ദ്രം ആലോചിക്കുന്നുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തിലും ഇളവുകളുടെ കാര്യത്തിലും വ്യക്തതയുണ്ടാവും.
 

Latest News