42 ജീവക്കാര്‍ക്ക് കോവിഡ്; നോക്കിയ തമിഴ്‌നാട്ടിലെ പ്ലാന്റ് അടച്ചിട്ടു


ചെന്നൈ- സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവ് നോക്കിയ തമിഴ്‌നാട്ടിലെ നിര്‍മാണ ഫാക്ടറി അടച്ചുപൂട്ടി. ചില ജീവനക്കാര്‍ക്ക് കോവിഡ് -19 പരിശോധനാഫലം പോസിറ്റീവായ സാഹചര്യത്തിലാണ് പ്ലാന്റ് അടച്ചുപൂട്ടുന്നതെന്ന് കമ്പനി അറിയിച്ചു. ശ്രീപെരുമ്പുദൂര്‍ പ്ലാന്റിലുള്ള ജീവനക്കാര്‍ക്കാണ് കൊറോണ പരിശോധനാഫലം പോസിറ്റീവായത്. എന്നാല്‍ എത്ര തൊഴിലാളികള്‍ക്കാണ് വൈറസ് ബാധയെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും  ഏറ്റവും കുറഞ്ഞത് 42 ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് കമ്പനിയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.സാമൂഹിക അകലവും കാന്റീന്‍ സൗകര്യങ്ങളില്‍ മാറ്റം വരുത്തലുമൊക്കെ നേരത്തെ തന്നെ തങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

കഴിഞ്ഞ ആഴ്ചകളില്‍ നിയന്ത്രിതമായ രീതിയിലാണ് ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിയത്. ലോക്ക്ഡൗണ്‍ നടപടികള്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയ ശേഷമായിരുന്നു ഇത്. എന്നാല്‍ ജീവനക്കാര്‍ക്ക് വ്യാപകമായി കൊറോണ ബാധിച്ച സാഹചര്യത്തില്‍ പ്ലാന്റ് വീണ്ടും അടച്ചിടുകയാണ്. എന്നാല്‍ വരുംദിവസങ്ങളില്‍ അത്യാവശ്യം വേണ്ട ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി പ്ലാന്റ് വീണ്ടും തുറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി അറിയിച്ചു.ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ ന്യൂദല്‍ഹിയില്‍ പ്രവര്‍ത്തനം തുടങ്ങിയ തങ്ങളുടെ പ്ലാന്റ് വീണ്ടും അടച്ചുപൂട്ടിയിരുന്നു.
 

Latest News