Sorry, you need to enable JavaScript to visit this website.

പ്രവാസികൾ കൂട്ടത്തോടെ എത്തുന്നത് പ്രശ്‌നം -മുഖ്യമന്ത്രി 

തിരുവനന്തപുരം- കേരളത്തിലേക്ക് പ്രവാസികളെല്ലാം ഒന്നിച്ചെത്തുകയാണെങ്കിൽ അത് വലിയ പ്രശ്‌നമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരിക എന്നതാണ് സർക്കാറിന്റെ നിലപാട്. ലക്ഷക്കണക്കിനാളുകളാണ് വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ളത്. അവരിൽ വിസാ കാലാവധി കഴിഞ്ഞവർ, വിദ്യാർഥികൾ, ഗർഭിണികൾ, വയോധികർ, മറ്റു രോഗങ്ങൾക്കു ചികിത്സ തേടിപ്പോയവർ എന്നിവർക്ക് മുൻഗണന നൽകണമെന്നു സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.


പ്രവാസികളെത്തുമ്പോൾ സംസ്ഥാനത്ത് ചില ക്രമീകരണങ്ങൾ അത്യന്താപേക്ഷിതമാണ്. രോഗവ്യാപനം വലിയ തോതിലുള്ള പ്രദേശങ്ങളിൽ നിന്നും ആളുകൾ വരുന്നുണ്ട്. മറ്റു പ്രദേശങ്ങളിൽ നിന്ന് ആളുകൾ വരുന്നതിനു മുമ്പ് 16 പേർ ചികിത്സയിലുണ്ടായിരുന്ന സ്ഥാനത്ത് 415 പേരാണ് ചികിത്സയിലുള്ളത്. സ്വാഭാവികമായും രോഗികളുടെ എണ്ണം വർധിക്കും. മഹാരാഷ്ട്രയിൽ നിന്നെത്തിയവരിൽ 72 പേർക്കും തമിഴ്‌നാട്ടിൽ നിന്നും വന്നവരിൽ 71 പേർക്കും കർണാടകയിൽ നിന്ന് വന്നവരിൽ 35 പേർക്കും ആണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് എത്തിയവരിൽ 133 പേർക്ക് രോഗബാധയുണ്ടായി. ഇവരിൽ 75 പേർ യു.എ. ഇയിൽ നിന്നും 25 പേർ കുവൈത്തിൽ നിന്നുമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.


രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ നിന്നും വരുന്നവരെ കരുതലോടെ സ്വീകരിക്കാൻ തന്നെയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ആരെയും പുറന്തള്ളുന്ന നയമില്ല. അവർ എത്തുമ്പോൾ ശരിയായ പരിശോധനയും ക്വാറന്റൈനും ആവശ്യമാണ്. അതിനു വേണ്ടിയാണ് സർക്കാറിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശിക്കുന്നത്.
ഈ രജിസ്‌ട്രേഷൻ വരുന്നവരുടെയും ഇവിടെയുള്ളവരുടെയും ആരോഗ്യ സംരക്ഷണത്തിന് ആവശ്യമാണ്. ആരോടും ഒരു വിവേചനവുമില്ല. മറ്റു വഴിയില്ലാത്തതുകൊണ്ടാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. സമൂഹ വ്യാപനത്തിലേക്കാണ് അത് ചെന്നെത്തുക. മറ്റു സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ രോഗം വലിയ തോതിൽ വ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.


ട്രെയിനുകൾ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും കേരളത്തിലേക്ക് വരുന്നുണ്ട്. അതിന് ഒരു തടസ്സവുമില്ല. സംസ്ഥാനം സമ്മതിക്കാത്ത പ്രശ്‌നവുമില്ല. എവിടെ നിന്നായാലും രജിസ്റ്റർ ചെയ്തു വരണം. ഇവിടെ എത്തുന്നവരെ റെയിൽവേ സ്റ്റേഷനിൽ തന്നെ പരിശോധിച്ച് ക്വാറന്റൈനിലേക്ക് അയക്കുകയാണ്. ക്വാറന്റൈൻ വീട്ടിലാവാമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. 
കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഒരു ട്രെയിൻ അയക്കാൻ റെയിൽവേ തീരുമാനിച്ചു. ഇവിടെ അതു സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇക്കാര്യം റെയിൽവേ മന്ത്രിയെ അറിയിച്ചു. ശരിയായ നിരീക്ഷണത്തിനും അതു വഴി രോഗവ്യാപനം തടയുന്നതിനും സർക്കാർ എടുക്കുന്ന നടപടികളെ തകിടം മറിക്കുന്നതാണ് ഈ രീതിയെന്നും അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ അതിനു ശേഷം മറ്റൊരു ട്രെയിൻ കൂടി ഇതേ രീതിയിൽ കേരളത്തിലേക്ക് അയക്കാൻ തീരുമാനിക്കുന്ന പ്രശ്‌നമുണ്ടായി. അതുകൊണ്ട് ഇക്കാര്യം പ്രധാനമന്ത്രിയുടെ കൂടി ശ്രദ്ധയിൽ പെടുത്തിയിരിക്കുകയാണ്. നമ്മുടെ കരുതലിനെ അട്ടിമറിക്കുന്ന പ്രശ്‌നമാണിത്. രോഗവ്യാപനം കൂടുതലുള്ള നഗരങ്ങളിൽ ഒന്നാണ് മുംബൈ. അവിടങ്ങളിൽ നിന്നുള്ളവരും വരട്ടെ എന്നാണ് സർക്കാറിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Latest News