Sorry, you need to enable JavaScript to visit this website.

മലയാളം ന്യൂസ് പ്രസാധകർ ചാനൽ മേഖലയിലേക്ക്

ജിദ്ദ - മലയാളം ന്യൂസ് ദിനപത്രത്തിന്റെ പ്രസാധകരും അറബ് ലോകത്തെ ഏറ്റവും വലിയ മാധ്യമ സ്ഥാപനവുമായ സൗദി റിസേർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പ് ചാനൽ, റേഡിയോ സംപ്രേക്ഷണ മേഖലയിൽ പ്രവേശിക്കുന്നു. ഇതിനുള്ള കരാറിൽ എസ്.ആർ.എം.ജിയും ആഗോള പ്രശസ്തമായ വാർത്താ, മാധ്യമ കമ്പനിയായ ബ്ലൂംബെർഗും ഒപ്പുവെച്ചു. കരാർ പ്രകാരം ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ചാനൽ, റേഡിയോ നെറ്റ്‌വർക്ക്  സ്ഥാപിക്കും. ബ്ലൂംബെർഗ് ഏജൻസിയുമായി സഹകരിച്ച് ഡിജിറ്റൽ പോർട്ടൽ സ്ഥാപിക്കുന്ന കമ്പനി ബ്ലൂംബെർഗ് ബിസിനസ് വീക്ക് അറബി പതിപ്പും പ്രസിദ്ധീകരിക്കും. ഒരു വർഷത്തേക്ക് 90 ലക്ഷം ഡോളറിനാണ് അറബ് ചാനലും റേഡിയോ സംപ്രേക്ഷണവും മാസികയും മറ്റും ആരംഭിക്കുന്നതിനുള്ള ലൈസൻസ് എസ്.ആർ.എം.ജി നേടിയത്. പത്തു വർഷമാണ് കരാർ കാലാവധി. 

ബ്ലൂംബെർഗ് ഏജൻസിയുടെ അറബി ചാനലും റേഡിയോ സംപ്രേക്ഷണവും ആരംഭിക്കുന്നതിനും അറബിയിലുള്ള ബ്ലൂംബെർഗ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സ്ഥാപിക്കുന്നതിനും ബ്ലൂംബെർഗ് ബിസിനസ് വീക്ക് മാസികയുടെ അറബി പതിപ്പ് പുറത്തിറക്കുന്നതിനും കരാർ പ്രകാരം എസ്.ആർ.എം.ജിക്ക് ലൈസൻസ് ലഭിക്കും. ബ്ലൂംബെർഗുമായി പങ്കാളിത്തം സ്ഥാപിച്ചതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് എസ്.ആർ.എം.ജി ചെയർമാൻ ബദ്ർ ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ഫർഹാൻ അൽസൗദ് രാജകുമാരൻ പറഞ്ഞു. ഗ്രൂപ്പിന്റെ പ്രവർത്തനത്തിൽ സുപ്രധാന ചുവടുവെപ്പാണ് ഈ പങ്കാളിത്തം. മധ്യപൗരസ്ത്യദേശത്ത് ഏറ്റവും മികച്ച ഗുണമേന്മയോടെ ബിസിനസ്, ധന മേഖലയുമായി ബന്ധപ്പെട്ട മാധ്യമ ഉള്ളടക്കം നൽകുന്നതിനുള്ള ഗ്രൂപ്പിന്റെ ശ്രമത്തിന് ഇത് വലിയ കരുത്തുപകരുമെന്നും ചെയർമാൻ പറഞ്ഞു.
 

Latest News