കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ച 150 പേര്‍ കൊച്ചിയിലെത്തി

നെടുമ്പാശേരി-കോവിഡ് 19 ഭീതിമൂലം  വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍കൂടി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളും ഒരു ജസീറ എയര്‍വേയ്‌സുമാണ് എത്തിയത്.
കുവൈറ്റില്‍നിന്നു പൊതുമാപ്പ് ലഭിച്ച 150 പേരാണ് ജസീറ എയര്‍വേയ്‌സില്‍ നാട്ടിലെത്തിയത്. ഇന്നലെ രാത്രി 8.20 നായിരുന്നു ഇവരുമായി വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. 15  പേരുമായി മറ്റൊരു ജസീറ വിമാനം കൂടി ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ എത്തും. പൊതുമാപ്പിന് അര്‍ഹരായവരെ കുവൈത്ത് സര്‍ക്കാര്‍ സൗജന്യമായാണ് നാട്ടിലെത്തിക്കുന്നത്. പൊതുമാപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളമായി ഇവര്‍ കുവൈത്ത് സര്‍ക്കാര്‍ ഒരുക്കിയ താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ കഴിഞ്ഞുവരികയായിരുന്നു.
ഇസ്രായേലിലെ തെല്‍ അവീവില്‍ നിന്നും 100 മലയാളികളുമായി എയര്‍ ഇന്ത്യ വിമാനം ഇന്നലെ വൈകീട്ട് 5.30 നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ദുബായില്‍നിന്നുള്ള 177 യാത്രക്കാരുമായി മറ്റൊരു എയര്‍ ഇന്ത്യ വിമാനം വൈകീട്ട് 5.25 നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഉക്രയിനില്‍നിന്നുള്ള മലയാളികളുമായി  എയര്‍ ഇന്ത്യ വിമാനം ബുധനാഴ്ചത്തേക്ക് റീഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ 4.20 ന് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.

 

Latest News