കോവിഡ് വ്യാപനം: കണ്ണൂരില്‍ രണ്ട് കോടതികളും സബ്ജയിലും അടച്ചു

കണ്ണൂര്‍-  കോവിഡ് രോഗബാധ ഭീതിദമായി പടരുന്നതിനിടെ കണ്ണൂരില്‍ രണ്ട് കോടതികളും സബ് ജയിലും അടച്ചു. കോവിഡ് ബാധിച്ച റിമാന്‍ഡ് പ്രതികളുമായി സമ്പര്‍ക്കത്തിലായതിന് പിന്നാലെയാണ് പയ്യന്നൂര്‍, കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികളും കണ്ണൂര്‍ സബ് ജയിലുമാണ് അടച്ചത്.
കണ്ണപുരം, ചെറുപുഴ പോലീസ് സ്‌റ്റേഷനുകളിലെ സിവില്‍ പോലീസ് ഓഫീസര്‍മാരെയും പയ്യന്നൂര്‍ കോടതിയിലെയും കണ്ണൂര്‍ സബ്ജയിലിലെയും ജീവനക്കാരെയുമാണ് നീരീക്ഷണത്തിലാക്കിയത്.
കണ്ണപുരത്ത് വനിതാ പോലീസ് ഓഫീസറെ അപമാനിച്ച കേസില്‍ പിടിയിലായ പ്രതിക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. സ്റ്റേഷനില്‍ എത്തിച്ച ഇയാളെ പിറ്റേന്നാണ് കോടതിയില്‍ ഹാജരാക്കിയത്. റിമാന്‍ഡ്‌ചെയ്തശേഷം നടത്തിയ സ്രവ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെയാണ് ഇയാള്‍ അറസ്റ്റിലായ ദിവസം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 23 പോലീസുകാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചത്. കണ്ണൂരില്‍നിന്ന് എത്തിയ അഗ്‌നിരക്ഷാസേന പോലീസ് സ്‌റ്റേഷന്‍ അണുവിമുക്തമാക്കി. കണ്ണപുരം സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്ന നടപടി വേഗത്തിലാക്കി. ഇയാളുടെ രോഗബാധയുടെ ഉറവിടവും കണ്ടെത്തേണ്ടതുണ്ട്. അറസ്റ്റിലാകുന്നതുവരെ ഇയാള്‍ ആളുകളുമായി വ്യാപകമായി ഇടപെട്ടിട്ടുണ്ട്. പ്രതിയെ ഹാജരാക്കിയ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ മജിസ്‌ട്രേറ്റും രണ്ട് ജീവനക്കാരും ക്വാറന്റൈനിലായി.
പയ്യന്നൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയ ചെറുപുഴ തട്ടുമ്മല്‍ സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. മുള്ളന്‍പന്നിയെ വേട്ടയാടിയ കേസിലെ പ്രതിയാണ്. ഏപ്രില്‍ 21 നാണ് ഇയാള്‍ കോടതിയില്‍ കീഴടങ്ങിയത്. കോടതി റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സബ് ജയിലിലേക്ക് അയക്കുകയായിരുന്നു. ഇതോടെയാണ് പ്രതി കീഴടങ്ങിയ പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി അടയ്ക്കാന്‍ നിര്‍ദേശിച്ചത്. മജിസ്‌ട്രേട്ട്, എ.പി.പി, ജൂനിയര്‍ സൂപ്രണ്ട്, ആറ് കോടതി ജീവനക്കാര്‍, വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍, ആശുപത്രി ജീവനക്കാരന്‍, ജയിലില്‍ എത്തിച്ച ചെറുപുഴ പോലീസ് സ്‌റ്റേഷനിലെ നാലു പോലീസുകാര്‍ എന്നിവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. പ്രതി കോടതിയില്‍ കീഴടങ്ങാനെത്തിയ സമയം നിരവധി അഭിഭാഷകരും മറ്റും കോടതിയില്‍ ഉണ്ടായിരുന്നു. പയ്യന്നൂര്‍ അഗ്‌നിരക്ഷാസേന കോടതിയും പരിസരവും അണുവിമുക്തമാക്കി.  
കോവിഡ് പരിശോധന നടത്തിയ പ്രതികളെ പാര്‍പ്പിക്കുന്നതിന് മാറ്റിവച്ച കണ്ണൂര്‍ സബ്ജയിലിലാണ് രണ്ടുപേരും. സുരക്ഷാ മുന്‍കരുതലുകളെടുത്താണ് ഇവരുടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയത്. മുന്‍കരുതലിന്റെ ഭാഗമായി ജയില്‍ ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സബ് ജയിലില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെയാണ് ഇവരെ സെന്‍ട്രല്‍ ജയിലിലെ സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയത്.

 

Latest News