മുസ്ലിം വിരുദ്ധ പ്രചാരണം വിജയിച്ചില്ല; പാല്‍ഘറില്‍ ക്രൈസ്തവ പങ്ക് തേടി വി.എച്ച്.പി

ന്യൂദല്‍ഹി-മുസ്്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തി ബി.ജെ.പിയും സംഘ് പരിവാര്‍ പ്രചാരണം നടത്തി പരാജയപ്പെട്ട മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്ത് സ്വന്തം അന്വേഷണ സംഘത്തെ അയക്കുന്നു.
രണ്ട് സന്ന്യാസിമാരെ ആള്‍ക്കൂട്ടം ആക്രമിച്ച്  കൊലപ്പെടുത്തിയ സംഭവത്തില്‍ വിദഗ്ധ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായാണ് വി.എച്ച്.പിയുടെ പ്രസ്താവന.
സംഭവത്തില്‍  ക്രിസ്ത്യന്‍ മിഷനറി സംഘടനകള്‍ക്കും പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കുമെന്ന് വി.എച്ച്.പി ജനറല്‍ സെക്രട്ടറി മിലിന്ദ് പരണ്ഡേ പറഞ്ഞു. കൊലപാതകം നടന്ന് 40 ദിവസത്തിനുശേഷമാണ് വി.എച്ച്.പിയുടെ നീക്കം.
പ്രദേശത്തെ ചിലര്‍ സംഭവം നടന്ന സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി ഞങ്ങളെ അറിയിച്ചിരുന്നു. ലോക് ഡൗണിനെ തുടര്‍ന്ന്  വിദഗ്ധ സംഘത്തെ പാല്‍ഘറിലേക്ക് അയക്കാന്‍ പറ്റിയില്ല. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അവര്‍ പാല്‍ഘര്‍ സന്ദര്‍ശിച്ച് വസ്തുതകള്‍ പരിശോധിക്കും.
സ്ത്രീകള്‍, റിട്ട. ജഡ്ജി, മുതിര്‍ന്ന ആളുകള്‍, സന്ന്യാസി സമൂഹത്തില്‍ നിന്നുള്ളവര്‍, വി.എച്ച്.പി പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘമാണ് പാല്‍ഘറിലേക്ക് പോകക. കാര്യങ്ങള്‍ പഠിച്ചതിനുശേഷം ഇവര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാരിന് കൈമാറും. യഥാര്‍ഥത്തില്‍ പാല്‍ഘറില്‍ എന്താണ് സംഭവിച്ചതെന്ന് സംഘം പരിശോധിക്കും. ഈ മേഖലയില്‍ ഹിന്ദുവിരുദ്ധ സംഘങ്ങള്‍ സജീവമാണെന്ന് അറിവുണ്ട്. പല സത്യങ്ങളും അന്വേഷണത്തില്‍ തെളിയും. പാല്‍ഘറിലുള്‍പ്പെടെ പല സ്ഥലങ്ങളിലും ഹിന്ദുവിശ്വാസങ്ങളെ തകര്‍ക്കാനായി പരിശ്രമിക്കുന്ന ക്രിസ്ത്യന്‍ മിഷണറികളുടേയും രാഷ്ട്രീയേതര രാഷ്ട്രീയ സംഘങ്ങളുടേയും പങ്ക് കൊലപാതകത്തില്‍ ഉണ്ടാകാനുളള സാധ്യത വിദഗ്ധ സംഘം പഠിക്കും. നീതി ലഭ്യമാക്കുക എന്ന ഒറ്റ ഉദ്ദേശം മാത്രമേ ഈ തീരുമാനത്തിന് പിന്നിലുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സന്ന്യാസികളുടെ കൊലപാതകം വളരെ ദൗര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സന്ന്യാസി സമൂഹം സംരക്ഷിക്കപ്പെടാനും മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുംബൈയില്‍നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് വാനില്‍ പോവുകയായിരുന്ന മൂന്നംഗസംഘത്തെ പാല്‍ഘറിലെ ഗഢ്ച്ചിന്‍ചാലേ ഗ്രാമത്തില്‍വെച്ചാണ് ഇരുനൂറോളംവരുന്ന നാട്ടുകാര്‍ ആക്രമിച്ചത്. ജുനാ അഖാഡയില്‍പ്പെട്ട സന്ന്യാസിമാരായ ചികനേ മഹാരാജ് കല്‍പവൃക്ഷഗിരി (70), സുശീല്‍ഗിരി മഹാരാജ് (35), വാഹനമോടിച്ച നിലേഷ് തെല്‍ഗാനേ (35) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിനു പിന്നാലെ മുസ്്‌ലിംകളാണ് കൂട്ടക്കൊലനടത്തിയതെന്ന് ബി.ജെ.പിയും മറ്റു സംഘടനകളും പ്രചാരണം നടത്തിയിരുന്നു. പ്രതികളില്‍ ആരും മുസ്ലിംകളില്ലെന്നും പ്രദേശത്ത് മുസ്ലിംകള്‍ താമസിക്കുന്നില്ലെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി പ്രസ്താവിച്ചിട്ടും വിദ്വേഷ പ്രചാരണം അവസാനിപ്പിച്ചിരുന്നില്ല. റിപ്പബ്ലിക് ടി.വിയാണ് പ്രചാരണത്തിന് മുന്‍പന്തിയിലുണ്ടായിരുന്നു. സംഭവത്തില്‍ സോണിയാ ഗാന്ധി പ്രതികരിക്കാത്തത് അവര്‍ ക്രൈസ്തവ വിശ്വാസി ആയതിനാലാണെന്ന റിപ്പബ്ലിക് ടി.വി മേധാവി  അര്‍ണബ് ഗോസ്വാമിയുടെ ആരോപണം അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ കാരണമായിരുന്നു.

 

Latest News