Sorry, you need to enable JavaScript to visit this website.
Saturday , July   11, 2020
Saturday , July   11, 2020

നിരർഥകമാകുന്ന ആത്മനിർഭർ പദ്ധതി

കൊറോണ വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ മോഡി സർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചപ്പോൾ സംഘ്പരിവാറിൽ ഒരു വിഭാഗം അതിൽ അത്യുത്സാഹം പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ 'ആത്മനിർഭർ ഭാരത്' ആണ് സംഘപരിവാറുകാരെ ആകൃഷ്ടരാക്കിയത്. ഇന്ത്യ ഉടൻ തന്നെ നിലവിലുള്ള പാതയിൽ നിന്നും പൂർണമായി വ്യതിചലിച്ച് സ്വയംപര്യാപ്തമായ ഇന്ത്യ എന്ന ലക്ഷ്യത്തിലെത്തുമെന്ന ധാരണയിൽ അവർ എത്തി. വിദേശ കുത്തകകളോടും മേലുള്ള അന്യായമായ വിധേയത്വം അവസാനിക്കുമെന്നും അവർ സ്വപ്‌നം കണ്ടു. എന്നാൽ ഇത്തരം സ്വപ്‌നങ്ങളും പ്രചാരണങ്ങളും അൽപായുസ്സുക്കളായി മാറി. ആത്മനിർഭർ ഭാരത് എന്ന ആശയം ഒരിക്കലും നടക്കില്ലെന്ന് 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ വിശകലനത്തിൽ നിന്നും വ്യക്തമായി.
ആത്മനിർഭർ ഭാരത് വാർത്തെടുക്കാനായി ധനമന്ത്രി അഞ്ച് ദിവസമായി നടത്തിയ അധരവ്യായാമം നിരർത്ഥക് ഭാരതമാക്കി മാറ്റി. 20 ലക്ഷം കോടി രൂപയുടെ കോവിഡ് പാക്കേജ് കേവലം പൊള്ളയാണെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കി. കോവിഡിന് ശേഷമുള്ള ഇന്ത്യ വാർത്തെടുക്കുന്നതിന് ജി.ഡി.പിയുടെ പത്ത് ശതമാനമാണ് വിനിയോഗിക്കുന്നതെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ യഥർത്ഥത്തിൽ ജി.ഡി.പിയുടെ ഒന്നോ രണ്ടോ ശതമാനം മാത്രമാണ് വിനിയോഗിക്കുന്നത്. രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷണം, പാർപ്പിടം, സുരക്ഷ എന്നിവ ഉറപ്പാക്കുമെന്ന് സ്വതഃസിദ്ധശൈലിയിൽ പ്രധാനമന്ത്രി അവകാശപ്പെട്ടു. എന്നാൽ ഈ പാക്കേജിന്റെ വിശദാംശങ്ങൾ പരിശോധിച്ചാൽ ഇത് നിരർത്ഥകമാണെന്ന് വ്യക്തമാകും. ഇതിനുള്ള ഏറ്റവും ഉത്തമ ദൃഷ്ടാന്തമാണ് കുടിയേറ്റ തൊഴിലാളികളോടുള്ള മോഡി സർക്കാറിന്റെ സമീപനം.
രാജ്യത്തെ തൊഴിലാളികളുടെ 95 ശതമാനത്തോളം വരുന്ന നഗര - ഗ്രാമീണ മേഖലയിലെ പാവങ്ങൾ, കർഷക തൊഴിലാളികൾ, തൊഴിൽ രഹിതർ, ചെറുകിട ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, റിക്ഷാ വലിക്കുന്നവർ, ചുമട്ടുതൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളുടെ കഷ്ടതകൾ അറുതിയില്ലാതെ തുടരുന്നു. ആദിവാസികൾ, ദളിതർ, ഭിന്നലിംഗക്കാർ എന്നിവരും ദുരിതത്തിലാണ്. കോടികൾ വരുന്ന ഈ പട്ടിണിപ്പാവങ്ങളെ മറന്നുള്ളതായിരുന്നു ആ ഉത്തേജക പാക്കേജ്. ഔറംഗാബാദിലെ റെയിൽ ട്രാക്കിൽ ചിതറിയ റൊട്ടിക്കഷ്ണങ്ങളും പഴകിയ തുണികളും രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥയാണ് തുറന്നുകാട്ടുന്നത്. സർക്കാറും അവരുടെ പാക്കേജും ഈ പാവങ്ങളെ അവഗണിച്ചു. അവരുടെ അവസ്ഥയിലുള്ള ആകാംക്ഷ വാക്കുകളിൽ മാത്രം ഒതുങ്ങി. ഈ പാവങ്ങൾക്കായി സോഷ്യലിസ്റ്റ് വീക്ഷണത്തോടെയുള്ള ഒന്നും മോഡി സർക്കാറിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയില്ല. ഇവരുടെ സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയവും തികച്ചും അപരിഷ്‌കൃതമാണ്.
മുതലാളിത്ത ആശയങ്ങളിൽ അധിഷ്ഠിതമായ ആശയങ്ങളാണ് ഇവർ പിന്തുടരുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ ഇത്തരത്തിലുള്ള ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ച് കൈകഴുന്നത് മുതലാളിത്ത വ്യവസ്ഥയുടെ പ്രത്യേകതയാണ്. ജോൺ മെയ്‌നാർഡ് കെയിൻസ് ഇക്കാര്യം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ രീതികൾ നിരവധി സാഹചര്യങ്ങളിൽ മുതലാളിത്ത ഭരണ സംവിധാനങ്ങൾ അവംലബിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് ആർ.ബി.ഐ മുൻ ഗവർണർ രഘുറാം രാജൻ, നൊബേൽ സമ്മാന ജേതാക്കളായ അമർത്യാ സെൻ, അഭിജിത് ബാനർജി എന്നിവർ മുന്നോട്ടുവെച്ച ആശയങ്ങൾ ഉൾക്കൊള്ളാൻ മോഡി സർക്കാർ തയാറായില്ല. കുടിയേറ്റ തൊഴിലാളികൾക്ക് 7500 രൂപ വീതം നൽകണമെന്ന ആവശ്യം അംഗീകരിച്ചില്ല. അതിന് പകരം മോഡി സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിൽ അഞ്ച് കിലോ അരി, ഒരു കിലോ പയറുവർഗങ്ങൾ എന്നിവ രണ്ട് മാസത്തേക്ക് നൽകാൻ തീരുമാനിച്ചു. ഇത് രാജ്യത്തെ ദരിദ്രനോടുള്ള അവഹേളനമാണ്. പാവപ്പെട്ട ജനങ്ങളുടെ കൈയിൽ പണം എത്തുമ്പോഴാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സജീവമാകുന്നത്.
എന്നാൽ കോർപറേറ്റുകളുടെ താൽപര്യങ്ങൾക്ക് അനുസരിച്ചുള്ള തീരുമാനങ്ങളാണ് മോഡി സർക്കാർ ഉത്തജേക പാക്കേജിലൂടെ പ്രഖ്യാപിച്ചത്. ഇതാണ് മോഡി സർക്കാറിന്റെ ജനവിരുദ്ധ, ദേശവിരുദ്ധ നയം. ഇന്ത്യയും ലോക രാജ്യങ്ങളും നേരിടുന്ന പ്രതിസന്ധികളിൽ നിന്നും പാഠം പഠിക്കാൻ സർക്കാർ തയാറാകുന്നില്ല. മോഡി സർക്കാറിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ നയങ്ങളുടെ പരാജയം മറക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാർ നടത്തുന്നത്. സാധാരണക്കാരന്റെ മേൽ സാമ്പത്തിക ഭാരം അടിച്ചേൽപിച്ച് കുത്തക മുതലാളിമാരെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാറിന്റേത്. അതിസമ്പന്നർക്കു മുന്നിൽ രാജ്യത്തെ പണയം വെക്കുന്ന സമീപനം. ഖനികൾ, വൈദ്യുതി, വ്യോമയാനം, ബഹിരാകാശ പര്യവേക്ഷണം എന്നിവയെല്ലാം കുത്തക മുതലാളിമാർക്ക് കൈമാറുന്നു.
തൊഴിൽ പരിഷ്‌കാരങ്ങളെന്ന പേരിൽ തൊഴിലാളികളുടെ അവകാശങ്ങൾ കാറ്റിൽ പറത്തുന്നു. ഇത്തരത്തിലുള്ള തൊഴിലാളി വിരുദ്ധ നയങ്ങളെ ശക്തമായി പ്രതിരോധിക്കണം. തൊഴിലാളി വർഗത്തിന്റെ ശക്തമായ പ്രതിഷേധങ്ങളാണ് കൊറോണാനന്തര സമൂഹത്തിൽ ഉയർന്നു വരേണ്ടത്.  ഈ സമരങ്ങൾക്ക് വിശാലമായ ഐക്യം അനിവാര്യമാണ്. ഭരണഘടനയോട് വിധേയത്വം കാണിക്കുന്ന എല്ലാ വിഭാഗങ്ങളും ഇക്കാര്യത്തിനായി ഒരുമിച്ച് ചേരണം. മതേതരത്വം, ജനാധിപത്യം, രാജ്യത്തിന്റെ പരമാധികാരം എന്നിവ സംരക്ഷിക്കുന്നതിനൊപ്പം സാമ്പത്തിക സമത്വം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളും ഉണ്ടാകണം. രാജ്യം തികച്ചും നിർണായകമായ വഴിത്തിരിവിലാണെന്ന യാഥാർഥ്യം എല്ലാ പ്രതിപക്ഷ പാർട്ടികളും ഉൾക്കൊള്ളണം.
 

Latest News