Sorry, you need to enable JavaScript to visit this website.

ഇടതു സർക്കാർ അഞ്ചാം വർഷത്തിലേക്ക്

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു ഭരണം അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലെന്ന് എൽ.ഡി.എഫും സമരങ്ങളില്ലെന്ന് യു.ഡി.എഫും പ്രഖ്യാപിച്ചു. കോവിഡിനു നന്ദി. അതേസമയം ഈ ഭരണത്തിന്റെ അവസാന വർഷമാണ് വരുന്നത് എന്നതിനാൽ ഇരുകൂട്ടർക്കും ഇനിയുള്ള കാലം നിർണായകമാണ്. അടുത്ത കാലത്തൊന്നും കേരളത്തിൽ ഉണ്ടാകാത്ത രീതിയിൽ ഭരണ തുടർച്ചയുണ്ടാക്കാനായി എൽ.ഡി.എഫും സ്ഥിരം കീഴ്‌വഴക്കമായ ഭരണ മാറ്റത്തിനായി യു.ഡി.എഫും ഇനിയുള്ള വർഷം ശക്തമായി രംഗത്തിറങ്ങുമെന്നുറപ്പ്. അതിനാൽ തന്നെ നാലാം വർഷത്തെ കണക്കെടുപ്പ് ഇരുകൂട്ടർക്കും നിർണായകമാണ്.
പറയുമ്പോൾ വിരോധാഭാസമാണെന്നു തോന്നാം, ദുരന്തങ്ങളിൽ നിന്നാണ് എൽ.ഡി.എഫ് സർക്കാർ ഊർജം കണ്ടെത്തിയിരിക്കുന്നത്. ഈ മന്ത്രിസഭയുടെ ആദ്യവർഷങ്ങൾ ഏറെ രാഷ്ട്രീയ വിവാദങ്ങൾ കൊണ്ട് സജീവമായിരുന്നു. അഴിമതി ആരോപണങ്ങളുടെ പേരിൽ മൂന്നു മന്ത്രിമാർക്കാണ് കസേര നഷ്ടപ്പെട്ടത്. മിടുക്കനായ ധനമന്ത്രിയെന്നൊക്കെ വിശേഷിക്കപ്പെടുമ്പോഴും സംസ്ഥാനത്തിന്റെ സമ്പദ്ഘടന അതിരൂക്ഷമായ പ്രതിസന്ധിയെ നേരിട്ടു. ട്രഷറി നിരോധനം നിത്യസംഭവമായി. ലോക കേരള സഭ, കിഫ്ബി, കേരള ബാങ്ക്, മസാല ബോണ്ട് തുടങ്ങിയ പരീക്ഷണങ്ങളൊന്നും കാര്യമായ നേട്ടങ്ങൾ സൃഷ്ടിച്ചില്ല. ജി.എസ്.ടി പോലുള്ള കേരളത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ പല കേന്ദ്ര നയങ്ങളെയും അദ്ദേഹം ന്യായീകരിച്ചു.  
രണ്ടാം മുണ്ടശ്ശേരി എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ചില മാറ്റങ്ങളെല്ലാം കണ്ടൈങ്കിലും ഉന്നത വിദ്യാഭ്യാസ രംഗം പതിവിൻപടി തുടർന്നു. പിന്നീട് ഉന്നത വിദ്യാഭ്യാസം മറ്റൊരു മന്ത്രിയെ ഏൽപിക്കുകയായിരുന്നു. എന്നിട്ടും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. സർക്കാറിന്റെ മദ്യ നയം എന്നും വിവാദത്തിലായിരുന്നു. കാർഷികരംഗത്തെ പുരോഗതിയെ കുറിച്ച് ഏറെ കേൾക്കാനുണ്ടെങ്കിലും അതിനിടയിൽ തന്നെ മുൻ എൽ.ഡി.എഫ് സർക്കാറിന്റെ പ്രധാന സംഭാവനയായ നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിൽ പോലും വെള്ളം ചേർത്തു. 
പ്രളയ ദുരന്തത്തിനു ശേഷം പോലും പല പാരിസ്ഥിതിക നിയമങ്ങളും അട്ടിമറിച്ചു. ആരോഗ്യരംഗം ഏറ്റവും കൈയടി നേടുമ്പോഴും ഡെങ്കിപ്പനി, എലിപ്പനി, അരിവാൾ രോഗം, കുരങ്ങുപനി തുടങ്ങി നാനാവിധത്തിലുള്ള പനികൾ വ്യാപകമായി. പനി കൊണ്ടുള്ള മരണം എല്ലാ വർഷവും ആവർത്തിക്കുന്നു. ജീവിത ശൈലീ രോഗങ്ങൾ അനുദിനം വർധിക്കുന്നു. ഏറ്റവും വിമർശന വിധേയമായത് മുഖ്യമന്ത്രി തന്നെ നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പായിരുന്നു. ഈ ഭരണത്തിന്റെ ആദ്യഘട്ടങ്ങളിൽ ലോക്കപ്പ് കൊലകളും രാഷ്ട്രീയകൊലകളും ദളിത് -  ട്രാൻസ്‌ജെന്റർ വിഭാഗങ്ങൾക്കെതിരായ പോലീസ് അതിക്രമങ്ങളും വ്യാപകമായിരുന്നു. 
ദശകങ്ങൾക്കു ശേഷം സംസ്ഥാനത്ത് വ്യാജ ഏറ്റുമുട്ടൽ കൊലകൾ നടന്നു. തങ്ങൾ എതിരെന്ന് സി.പി.എം പറയുന്ന യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങൾ വ്യാപകമായി പ്രയോഗിച്ചു. ജനകീയ സമരങ്ങളെ ക്രൂരമായി തല്ലിച്ചതച്ചു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ദളിത്, ആദിവാസി, സ്ത്രീ പീഡനങ്ങൾ വ്യാപകമായി. മധു, കെവിൻ, വിനായകൻ, ശ്രീജിത് തുടങ്ങി നിരവധി പേരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം പ്രക്ഷോഭങ്ങൾ ആളിപടർന്നു. മുന്നണിയിലെ രണ്ടാമത്തെ പാർട്ടിയായ സി.പി.ഐ പലവട്ടം ആഭ്യന്തര വകുപ്പിനെതിരെ രംഗത്തു വന്നു. ശബരിമല വിഷയത്തിലാകട്ടെ, ഒരേസമയം നവോത്ഥാനവും ലിംഗ നീതിയും പ്രസംഗിക്കുകയും മറുവശത്ത് സുപ്രീം കോടതി വിധി അട്ടിമറിക്കുകയുമാണ് സർക്കാർ ചെയ്തത്. അധികാരമേറ്റയുടൻ മുഖ്യമന്ത്രി പറഞ്ഞത് സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളെ കുറിച്ചായിരുന്നെങ്കിൽ അക്കാര്യത്തിലും എടുത്തുപറയത്തക്ക പുരോഗതിയുണ്ടായില്ല എന്നതാണ് വസ്തുത.
സർക്കാർ ഏറ്റവും പ്രധാനമായി അവകാശപ്പെടുന്ന നേട്ടം ലൈഫ് ഭവന നിർമാണ പദ്ധതിയാണ്. കേറിക്കിടക്കാൻ ഇടമില്ലാത്തവർക്ക് ചെറുതെങ്കിലും ഒരു വീടു കിട്ടുന്നത് നല്ലതു തന്നെ. എന്നാലതിന്റെ പേരിൽ തിരസ്‌കരിക്കപ്പെട്ടത് കൃഷി ചെയ്യാൻ ഭൂമി എന്ന കാലങ്ങളായുള്ള ദളിത് വിഭാഗങ്ങളുടെ ആവശ്യമാണ്. കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണത്തിൽ വഞ്ചിക്കപ്പെട്ട് നാലുസെന്റ് കോളനികളിലേക്ക് തള്ളപ്പെട്ട ദളിതർ ഈ പദ്ധതിയിലൂടെ ഇപ്പോൾ കൊച്ചു കൊച്ചു ഫഌറ്റുകളിലേക്കൊതുങ്ങുന്നു. അതാകട്ടെ വൻകിട കുത്തകകൾ അധികൃതമായി കൈവശം വെച്ചിട്ടുള്ള ലക്ഷകണക്കിനേക്കർ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യാനാവശ്യപ്പെട്ട്, സർക്കാർ തന്നെ നിയമിച്ച പല അന്വേഷണ കമ്മീഷനുകളുടെയും റിപ്പോർട്ടുകളുള്ളപ്പോൾ. 
ഭരണത്തിന്റെ ആദ്യപാതി  ഏറെ കലുഷിതമായിരുന്നെങ്കിലും രണ്ടു പ്രധാന കാര്യങ്ങളാണ് സർക്കാറിനെ രക്ഷിച്ചത്. ഒന്ന് പ്രതിപക്ഷത്തിന്റെ കഴിവുകേട്. ഈ സംഭവങ്ങളെല്ലാം ഉണ്ടായത് യു.ഡി.എഫ് ഭരണത്തിലായിരുന്നെങ്കിൽ കേരളത്തിൽ എന്തെല്ലാം സംഭവിക്കുമായിരുന്നു എന്ന് തൊട്ടു മുമ്പത്തെ ഉമ്മൻ ചാണ്ടി ഭരണം തന്നെ തെളിവ്. അത്രത്തോളമൊന്നുമില്ലെങ്കിലും പ്രതിപക്ഷത്തിന്റെ മിനിമം ഉത്തരവാദിത്തമെങ്കിലും കാണിക്കാൻ യു.ഡി.എഫിനായില്ല. യൂത്ത് കോൺഗ്രസാകട്ടെ യുവത്വത്തിനു തന്നെ അപമാനമായി. തുടർന്നാണ് ഒന്നിനു പിറകെ ഒന്നായി ദുരന്തങ്ങളെത്തിയത്. ഓഖി, നിപ, രണ്ടു പ്രളയങ്ങൾ, കോവിഡ്.... ഇവക്കെതിരായ പ്രവർത്തനങ്ങൾ സാമാന്യം ഭംഗിയായി ചെയ്യാൻ കഴിഞ്ഞതും ഇത്തരം സന്ദർഭത്തിൽ പോലും പ്രതിപക്ഷം ഇരുട്ടിൽ തപ്പിയതുമാണ് സർക്കാറിന് അഞ്ചാം വർഷത്തേക്കു പ്രവേശിക്കുമ്പോൾ കരുത്ത് നൽകുന്നത്. ആ കരുത്തിൽ പിടിച്ച് അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയാറെടുപ്പിലാണ് എൽ.ഡി.എഫ്.
വാസ്തവത്തിൽ ഈ ദുരന്തങ്ങളെ നേരിടുന്നതിൽ സർക്കാർ പ്രകടിപ്പിച്ച മികവ് കൊട്ടിഘോഷിക്കുന്നത്ര ഉയർന്നതാണോ എന്നു പരിശോധിച്ചാൽ അല്ല എന്നായിരിക്കും മറുപടി. പ്രളയ സമയത്ത് കേരളം ഒന്നടങ്കം സർക്കാരിനൊപ്പം അണിനിരന്നു. എന്നാൽ രണ്ടു വർഷമാകാറായിട്ടും അവസ്ഥ എന്താണ്? ഇപ്പോൾ പോലും ആദ്യഗഡു ആശ്വാസമായ 10.000 രൂപ പോലും കിട്ടാത്തവർ സംസ്ഥാനത്തുണ്ട്. നിരവധി കുടുംബങ്ങൾക്ക് സഹായധനം 10,000 ത്തിൽ ഒതുങ്ങി. 
ജീവിക്കാനാവതെ പലരും ആത്മഹത്യ പോലും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 2000 കോടി രൂപ കിടക്കുമ്പോഴാണ് നിരവധി പേർ ഇപ്പോഴും വീടില്ലാതെ ദുരിതമനുഭവിക്കുന്നത്. പ്രളയ സമയത്ത് എല്ലാ സഹായവും ദുരിതാശ്വാസ നിധിയിലൂടെ എന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത് എന്നു മറക്കരുത്. മറ്റൊന്ന് പ്രളയത്തിൽ നിന്ന് നാമെന്തു പഠിച്ചു എന്നതാണ്. പരിസ്ഥിതി നശീകരണത്തിന് പ്രളയ സൃഷ്ടിയിലുള്ള പങ്ക് വളരെ വ്യക്തമായിട്ടും നമ്മുടെ വികസന നയത്തെ പുനഃപരിശോധിക്കാൻ സർക്കാർ തയാറായില്ല എന്നു മാത്രമല്ല, നേരത്തേ സൂചിപ്പിച്ച പോലെ പല പാരിസ്ഥിതിക നിയമങ്ങളും അട്ടിമറിക്കുകയാണ്. അനധികൃത ക്വാറികൾ പോലും നിയന്ത്രിക്കാനോ ക്വാറികളെ ദേശസാൽക്കരിക്കാനോ കഴിയുന്നില്ല. നമ്മുടെ പുഴകളെയും ഡാമുകളെയും കുറിച്ച് വിശദമായൊരു പഠനവും നടന്നതായി അറിയില്ല. ഈ വർഷവും പ്രളയമുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 
കോവിഡിലേക്കു വന്നാലും സ്ഥിതി വ്യത്യസ്ഥമല്ല. സർക്കാർ ചെയ്യുന്നതിനേക്കാൾ എത്രയോ കൂടുതലാണ് പി.ആർ വർക്കുകൾ. ഇതര സംസ്ഥാനങ്ങളിൽ തൊഴിൽ ചെയ്യുന്നവരെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ വളരെ പിറകിലാണ് കേരളം. സർക്കാർ പ്രഖ്യാപിച്ച 20,000 കോടി പാക്കേജിൽ 14,000 കോടിയും മുൻ കുടിശ്ശിക കൊടുക്കാനാണല്ലോ. 
ദുരിത ബാധിതരെ സഹായിക്കുന്നതിൽ പല സംസ്ഥാനങ്ങളും കേരളത്തേക്കാൾ മുന്നിലാണ്. അതേസമയം പ്രതിരോധ പ്രവർത്തനങ്ങള ഏകോപിപ്പിക്കുന്നതിൽ സർക്കാർ മെച്ചപ്പെട്ട് മികവ് കാണിക്കുന്നു. ഒപ്പം അത് തങ്ങളുടെ മാത്രം മികവാണെന്നു ലോകത്തെ ബോധ്യമാക്കാൻ അതിനേക്കാളേറെ മികവും കാണിക്കുന്നു. എത്രയോ പതിറ്റാണ്ടുകളുടെ നേട്ടങ്ങളെയാണ് ഒരു സർക്കാറിന്റെ നേട്ടമായി കൊട്ടിഘോഷിക്കുന്നത്. തുടക്കത്തിൽ പറഞ്ഞ പോലെ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്ന പ്രതിപക്ഷം സർക്കാറിനു സഹായകവുമായി. സ്പ്രിംഗഌ വിഷയത്തിൽ മാത്രമാണ് പ്രതിപക്ഷം തങ്ങളുടെ ഉത്തരവാദിത്തം നിർവഹിച്ചത്. 
ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ചിടത്തോളം വളരെ മോശപ്പെട്ട ഒരവസ്ഥയിലാണ് സർക്കാറിനെ നാലാം വാർഷികം എത്തിച്ചിരിക്കുന്നത്. അതു മറ്റൊന്നുമല്ല, ജനാധിപത്യത്തിനു ഒട്ടും അഭികാമ്യമല്ലാത്ത വ്യക്ത്യാധിപത്യവും വ്യക്തിപൂജയുമാണ്. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രി എന്നതിനേക്കാൾ രാജഭരണത്തിലെ ഒരു രാജാവ് എന്ന അവസ്ഥയിലാണ് ഇന്നു പിണറായി വിജയൻ. 
മുഴുവൻ ഭരണവും ഇന്നു അദ്ദേഹത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. സിനിമാതാരങ്ങളെ വെല്ലുന്ന രീതിയിൽ ഫാൻസുകളുടെ വൻനിരയും സൈബർ പോരാളികളും അദ്ദേഹത്തിനൊപ്പമുണ്ട്. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ പിണറായിയുടെ നേതൃത്വത്തിൽ പാർട്ടി അദ്ദേഹത്തിന്റെ കൈയും കാലും വരിഞ്ഞുകെട്ടിയിരുന്നല്ലോ. എന്നാൽ പാർട്ടിക്കോ പാർട്ടി സെക്രട്ടറി കോടിയേരിക്കോ ഇപ്പോഴത്തെ ഭരണത്തിൽ ഒരു നിയന്ത്രണവുമില്ല എന്നത് വ്യക്തമാണ്. ഭരണം ഒരു വ്യക്തിയിലേക്കു കേന്ദ്രീകരിക്കുന്നതും ആരാധകർ അദ്ദേഹത്തിനു സ്തുതിഗീതങ്ങൾ പാടുന്നതും ഒരിക്കലും ജനാധിപത്യത്തിനു അനുഗുണമാകില്ല. 
കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾ ഏറെ ശക്തമാണെങ്കിലും കേരളത്തിലെ മുന്നണി സംവിധാനത്തിനു ചില ഗുണങ്ങളുണ്ട്. ഒരു പാർട്ടിയുടെയും സർവാധിപത്യം നടക്കാറില്ല എന്നതാണ് ഒന്ന്. അഞ്ചു വർഷം കൂടുമ്പോൾ ഭരണം മാറുന്നതിനാൽ ഒരു മുന്നണിയുടെയും സർവാധിപത്യവും നടക്കില്ല. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ഭരണ തുടർച്ച എൽ.ഡി.എഫിനു ലഭിച്ചേക്കാം. 
തീർച്ചയായും അവരത് അർഹിക്കുന്നെങ്കിൽ ലഭിക്കട്ടെ. പക്ഷേ അത് ഏതെങ്കിലും മുന്നണിയുടെയോ പാർട്ടിയുടെയോ വ്യക്തിയുടെയോ സമഗ്രാധിപത്യത്തിലെത്തരുത്. അതുറപ്പാക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. അതിനാൽ തന്നെ വരും വർഷം ഏറെ ജാഗരൂകരാകേണ്ട സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ഭരണപക്ഷത്തിനെതിരെ മാത്രമല്ല, തങ്ങളുടെ ഉത്തരവാദിത്തം വേണ്ട രീതിയിൽ നിർവഹിക്കാത്ത പ്രതിപക്ഷത്തിനു നേരേയും ജാഗരൂകരായിരിക്കാൻ ഓരോ മലയാളിയും തയാറാകേണ്ട രാഷ്ട്രീയ സന്ദർഭമാണിത്. ഒപ്പം കോവിഡാന്തര കേരളത്തെ കൈപിടിച്ചുയർത്താൻ എല്ലാവരും ഒന്നിച്ചു നിൽക്കണ്ടതിന്റെയും.
 

Latest News