Sorry, you need to enable JavaScript to visit this website.
Friday , August   12, 2022
Friday , August   12, 2022

ഉത്രയുടെ ഒരു വയസുള്ള കുഞ്ഞിനെ അമ്മയുടെ വീട്ടുകാർക്ക് കൈമാറി

കൊല്ലം- പാമ്പിന്റെ കടിയേൽപ്പിച്ച് ഭർത്താവ് കൊലപ്പെടുത്തിയ കൊല്ലം അഞ്ചൽ സ്വദേശി ഉത്രയുടെ ഒരു വയസുള്ള മകനെ അമ്മയുടെ വീട്ടുകാർക്ക് വിട്ടു കൊടുക്കും. ഉത്രയുടെ ഭർത്താവും കൊലയാളിയുമായ സൂരജിന്റെ അഞ്ചലിലെ വീട്ടിലായിരുന്ന കുഞ്ഞിനെ ഇന്ന് രാവിലെ പോലീസ് ഏറ്റെടുക്കുകയായിരുന്നു. സ്വകാര്യ വാഹനത്തിൽ മഫ്തിയിലെത്തിയ അടൂർ സ്‌റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് സൂരജിന്റെ വീട്ടുകാരിൽ നിന്നും കുട്ടിയെ ഏറ്റുവാങ്ങിയത്. അടൂർ പോലീസിൽ നിന്നും കുഞ്ഞിനെ അഞ്ചൽ പോലീസ് ഏറ്റുവാങ്ങി ഉത്രയുടെ മാതാപിതാക്കൾക്ക് കുട്ടിയെ കൈമാറും. ഉത്രയുടെ വീട്ടുകാരുമായി അടൂരിലെ സൂരജിന്റെ വീട്ടിലെത്തി കുഞ്ഞിനെ നേരിട്ടേറ്റു വാങ്ങാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഈ നിർദേശം ഉത്രയുടെ വീട്ടുകാർ തള്ളി. ഇതിനിടെ ഉത്രയുടെ കുഞ്ഞിനേയും കൊണ്ട് സൂരജിന്റെ അമ്മ ഒളിവിൽ പോയി.
ശിശു ക്ഷേമസമിതിയുടെ ഉത്തരവിന് പിന്നാലെ കുഞ്ഞിനെ വിട്ടുതരണം എന്ന് ആവശ്യപ്പെട്ട് ഇന്നലെ വൈകിട്ട് തന്നെ ഉത്രയുടെ പിതാവ് അടൂർ സ്‌റ്റേഷനിലെത്തിയിരുന്നു. സൂരജിന്റെ ബന്ധുക്കളുടെ വീടുകളിലടക്കം പോലീസ് പരിശോധന നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. ബന്ധുവീട്ടിലായിരുന്ന സൂരജിന്റെ കുട്ടിയെ സൂരജിന്റെ അച്ഛൻ സുരേന്ദ്രനാണ് രാത്രിയോടെ തിരികെ വീട്ടിലെത്തിച്ചത്.
കേസിൽ അറസ്റ്റിലായ ഭർത്താവ് സൂരജിനെയും ഇയാൾക്ക് പാമ്പിനെ നൽകിയ പാമ്പുപിടിത്തക്കാരനെയും കോടതി റിമാന്റ് ചെയ്തിരുന്നു. ഭാര്യയുടെ സ്വത്ത് തട്ടിയെടുക്കാൻ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കൊത്തിച്ച് കൊന്നതാണെന്നു ഇയാൾ വെളിപ്പെടുത്തി. ഏറം വെള്ളാശ്ശേരിൽ വിജയസേനന്റെയും മണിമേഖലയുടെയും മകൾ ഉത്ര(25) മരിച്ച കേസിൽ ഭർത്താവ് അടൂർ പറക്കോട് കാരക്കൽ ശ്രീസൂര്യയിൽ സൂരജും(27), പാമ്പുപിടത്തക്കാരൻ പാരിപ്പള്ളി കുളത്തൂർക്കോണം കെ.എസ്. ഭവനിൽ ചാവരുകാവ് സുരേഷ് എന്നറിയപ്പെടുന്ന സുരേഷ്‌കുമാറുമാ(39)ണ് പിടിയിലായത്. ഇക്കഴിഞ്ഞ ഏഴിന് രാവിലെയാണ് ഉത്രയെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണകാരണം പാമ്പുകടിയേറ്റാണെന്ന് ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് തെളിഞ്ഞത്. മാർച്ച് രണ്ടിന് ഭർതൃവീട്ടിൽവച്ച് ഉത്രക്ക് പാമ്പുകടിയേറ്റതിനെ തുടർന്ന് ചികിൽസക്ക് ശേഷം വിശ്രമത്തിലായിരുന്നു യുവതി. ഇതിനിടെ,സൂരജിന്റെ മൊഴിയിലും മറ്റും സംശയവും മരണത്തിൽ അസ്വാഭിവകതയും തോന്നിയ മാതാപിതാക്കൾ
കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന് പരാതി നൽകി. തുടർന്ന് െ്രെകംബ്രാഞ്ച് ഡിവൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സൂരജാണ് പ്രതിയെന്ന് വ്യക്തമായത്. സുരേഷിൽ നിന്ന് പതിനായിരം രൂപയ്ക്ക് വാങ്ങിയ പാമ്പിനെ ഉപയോഗിച്ചാണ് സൂരജ് ഉത്തരയെ കൊലപ്പെടുത്തിയത്. ആദ്യം വാങ്ങിയ അണലിയെ ഉപയോഗിച്ച് സൂരജിന്റെ വീട്ടിൽവച്ച് ഉത്രയെ കടിപ്പിച്ചെങ്കിലും മരണം സംഭവിച്ചില്ല. പിന്നീട് വിഷം കൂടിയ മൂർഖനെ വാങ്ങിയ സൂരജ് മെയ് ആറിന് ഉത്രയുടെ വീട്ടിൽ ബാഗിൽ പാമ്പുമായി എത്തിയത്. ഏഴിന് രാത്രിയിൽ  ഉറക്കത്തിനിടെ അദ്യം പാമ്പിനെ ബാഗിൽ നിന്നും വാലിൽതൂക്കി പുറത്തെടുത്തശേഷം ദേഷ്യം പിടിപ്പിക്കാൻ വലതുകൈ മൂർഖന്റെ മുഖത്തിനുനേരെ പലതവണ വീശി. ഫണം വിടർത്തി ചീറ്റിയ പാമ്പിനെ പരമാവധി ഉയർത്തിപ്പിടിച്ച ശേഷം ഉത്രയുടെ ദേഹത്തേയ്ക്കിട്ടപ്പോൾ തന്നെ ഒരുവട്ടം കടിച്ചു. കൈയ് അനങ്ങിയപ്പോൾ വീണ്ടും കടിച്ചു. കട്ടിലിൽ നിന്ന് ചാടിപ്പോയ മൂർഖനെ പിടികൂടി കാട്ടിൽ ഉപേക്ഷിക്കാൻ കഴിയാത്തതാണ് തന്റെ പരാജയമെന്നാണ് പൊലിസിന് നൽകിയ സൂരജിന്റെ കുറ്റസമ്മത മൊഴിയിൽ പറയുന്നത്. പാമ്പ് കടിക്കുന്നതും ഉത്ര മരിക്കുന്നതും സൂരജ് നേരിട്ട് കാണുകയും ഉറങ്ങാതിരുന്നാണ് ഇയാൾ നേരും വെളുപ്പിച്ചത്. ഇതിനിടെ പാമ്പിനെ ജനാലവഴി പുറത്തേക്ക് കളായാൻ ശ്രമിച്ചെങ്കിലും പാമ്പ് ഇയാൾക്ക് നേരേ തിരിഞ്ഞതോടെയാണ് ആ ശ്രമം ഉപേക്ഷിച്ചത്.
അണലിയെ വാങ്ങി പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിച്ചായിരുന്നു മാർച്ച് രണ്ടിന് ആദ്യ കൊലപാതകശ്രമം നടത്തിയത്. അന്ന് അടൂർ പറക്കോടുള്ള വീട്ടിൽ വച്ച് ഉത്ര രാത്രി ഉറങ്ങിയ ശേഷം കാലിൽ കൊത്തിക്കുകയായിരുന്നു. ഏറെ വൈകി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഉത്രയെ എത്തിച്ചത് പുലർച്ചെ മൂന്നിനായിരുന്നു. ഇഴഞ്ഞുനീങ്ങുന്ന അണലി കാൽകുഴയുടെ മുകളിൽ കടിക്കില്ലെന്ന വാദവും നിർണായകമായത്. അന്വേഷണത്തിന്റെ ഭാഗമായി സുരേഷിന്റെ വീട്ടിൽ നിന്ന് ഒരു മൂർഖൻ പാമ്പിനെക്കൂടി കണ്ടെടുത്തിരുന്നു. ഉത്രയെ കടിച്ച രണ്ടുപാമ്പുകളുടെയും പോസ്റ്റ്‌മോർട്ടം നടത്തും. അഞ്ചുദിവസത്തെ ആക്ഷൻപ്ലാനാണ് പൊലിസ് തയ്യാറാക്കിയിട്ടുള്ളത്. പാമ്പിന്റെ പോസ്റ്റമോർട്ടം, പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ തുടങ്ങിയ കാര്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച െ്രെകംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചായിരുന്നു സൂരജിനെ ചോദ്യം ചെയ്തത്. കുറ്റമേറ്റതോടെ
ഇന്നലെ പുലർച്ചെ കൈവിലങ്ങണിയിച്ചാണ്് ഇയാളെ തെളിവെടുപ്പിനായി ഭാര്യാ വീട്ടിലെത്തിച്ചത്. എന്നാൽ ഇയാളെ വീട്ടിൽക്കയറ്റി തെളിവെടുപ്പ് നടത്തുന്നതിനെ ഉത്രയുടെ അമ്മ വിസമ്മതിച്ചതോടെ ഉണ്ടായത് നാടകീയ രംഗങ്ങളായിരുന്നു. ഉത്ര മരിച്ച് കിടന്ന മുറിയിലെത്തി കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ഇയാളുടെ മുഖത്ത് നിറഞ്ഞത് കള്ളം പൊളിഞ്ഞതിന്റെ പൊട്ടിക്കരച്ചിലായിരുന്നു. പാമ്പിനെ കൊണ്ടുവന്ന കുപ്പിയും പോലിസിന് കാട്ടിക്കൊടുത്തു. അന്വേഷണത്തിന്റെ ഭാഗമായി പാമ്പ് പിടുത്തക്കാരൻ സുരേഷും സൂരജും തമ്മിലുള്ള ബന്ധം സൈബർ സെൽ കണ്ടെത്തിയിരുന്നു.പാമ്പിനെ നൽകിയത് സുരേഷ് നിഷേധിച്ചെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിൽ കൂടുതൽപ്പേർക്ക് പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് െ്രെകംബ്രാഞ്ച്. വന്യജീവി സംരക്ഷണ പ്രകാരമുള്ള വകുപ്പും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

 

Latest News