ഇന്ത്യയില്‍ കുടുങ്ങിയ പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന 

ന്യൂദല്‍ഹി-ഇന്ത്യയില്‍ കോവിഡ്19  വ്യാപിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഈ തീരുമാനം. ചൈനീസ് പൗരന്‍മാര്‍ക്ക് തിരികെ പോവാനായി പ്രത്യേക വിമാനം ഒരുക്കിയതായി ന്യൂദല്‍ഹി ചൈനീസ് എംബസി വെബ്‌സൈറ്റില്‍  പറയുന്നു. ഇന്ത്യയിലുള്ള  ചൈനീസ് വിദ്യാര്‍ത്ഥികള്‍, ടൂറിസ്റ്റുകള്‍, ബിസിനസ്‌കാര്‍ തുടങ്ങിയവര്‍ക്കാണ് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാന്‍ അവസരം ലഭിച്ചിരിക്കുന്നത്. മടങ്ങാനാഗ്രഹിക്കുന്നവര്‍ മെയ് 27ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യാനാണ് എംബസി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അതേസമയം, ചൈനയിലേയ്ക്ക്  മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  പ്രത്യേക നിര്‍ദ്ദേശങ്ങളും  ചൈനീസ് എംബസി നല്‍കിയിട്ടുണ്ട്.  കോവിഡ് രോഗികളുമായി അടുത്തിടപഴകിയവര്‍ക്കും ശരീര താപനില 37.3 ഡിഗ്രിയില്‍ കൂടുതലുള്ളവര്‍ക്കും ചൈനയിലേക്ക് മടങ്ങാന്‍ പറ്റില്ല.  കൂടാതെ, മടങ്ങുന്നവര്‍ തങ്ങളുടെ മെഡിക്കല്‍ വിവരങ്ങള്‍ മറച്ചുവെക്കരുത്, ടിക്കറ്റ് ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം, ചൈനയിലെത്തിയാല്‍ 14 ദിവസം ക്വാറന്റീനില്‍  കഴിയണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ചൈനീസ് എംബസി പുറപ്പെടുവിച്ചിട്ടുണ്ട്.ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ചൈനയുടെ തീരുമാനം. 
 

Latest News